വേളാങ്കണ്ണി: തമിഴ്‌നാട്ടില്‍ വ്യാപക നാശം വിതച്ച് ചുഴറ്റിയടിച്ച ഗജ ചുഴലിക്കാറ്റില്‍ വേളാങ്കണ്ണി പള്ളിക്ക് കനത്ത നാശനഷ്ടം. ഏഷ്യയിലെ ഏറ്റവും വലിയ ക്രിസ്തുരൂപമാണ് പള്ളിയില്‍ പണികഴിപ്പിച്ചിരിക്കുന്നത്. എന്നാല്‍ കാറ്റില്‍ ക്രസ്തുരൂപം തകര്‍ന്ന നിലയിലാണ്. രൂപത്തിലെ രണ്ട് കൈകള്‍ക്കും സാരമായ കേടുപാട് ഉണ്ടായി.
ശക്തമായ കാറ്റില്‍ പള്ളിയുടെ പരിസരത്തെ നിരവധി മരങ്ങള്‍ കടപുഴകി വീണു. പള്ളിയോട് ചേര്‍ന്നിരിക്കുന്ന കെട്ടിടങ്ങളുടെ മേല്‍ക്കൂരകള്‍ തകര്‍ന്നിട്ടുണ്ട്. മരങ്ങള്‍ ഒടിഞ്ഞുവീണ് പ്രദേശത്ത് വാഹന ഗതാഗതവും താറുമാറായി.
നാഗപട്ടണം, കടലൂര്‍, തഞ്ചാവൂര്‍, തൂത്തുക്കുടി, പുതുക്കോട്ട എന്നിവടങ്ങളിലായി നൂറു കിലോമീറ്റര്‍ വേഗതയിലാണ് കാറ്റ് വീശിയടിച്ചത്. പ്രദേശങ്ങളിലെല്ലാം മരങ്ങള്‍ കടപുഴകി വീണ് വൈദ്യുതി, ടെലിഫോണ്‍ ബന്ധങ്ങള്‍ തകരാറിലായിട്ടുണ്ട്. നാഗപട്ടണത്തിന് സമീപം വേദാരണ്യത്ത് 80 കിലോമീറ്റര്‍ വേഗതിയില്‍ കാറ്റ് വീശി. പ്രദേശങ്ങളിലെല്ലാം കനത്ത മഴയും പെയ്യുന്നുണ്ട്.
ആറായിരത്തോളം ആളുകളെയാണ് സര്‍ക്കാര്‍ സുരക്ഷ മുന്‍നിര്‍ത്തി ദുരിതാശ്വാസ ക്യാന്പുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചിരിക്കുന്നത്. കനത്ത കാറ്റില്‍ തമിഴ്‌നാട്ടില്‍ ഇതുവരെ നാല് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. റോഡ്, ട്രെയിന്‍ ഗതാഗതവും താറുമാറായി.