കടകംപള്ളിയും ഇ.ചന്ദ്രശേഖരനും ലത്തീന്‍ സഭാനേതൃത്വവുമായി ചര്‍ച്ച നടത്തി. ഓഖി ദുരന്തത്തില്‍ അനുരഞ്ജന നീക്കവുമായി സര്‍ക്കാര്‍

തിരുവനന്തപുരം: ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ലത്തീന്‍ സഭാനേതൃത്വവുമായി മന്ത്രിമാര്‍ ചര്‍ച്ച നടത്തി. കടകംപള്ളി സുരേന്ദ്രനും ഇ.ചന്ദ്രശേഖരനും ആര്‍ച്ച് ബിഷപ്പ് സൂസെപാക്യത്തെ കണ്ടു. സര്‍വകക്ഷിയോഗത്തിന് മുന്നോടിയായാണ് ചര്‍ച്ച. ബിഷപ്പ് ഹൗസിലെത്തിയാണ് മന്ത്രിമാര്‍ സഭാ പ്രതിനിധികളുമായി ചര്‍ച്ച നടത്തിയത്.

ഓഖി ദുരന്തത്തിനു ശേഷം സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നടപടികളില്‍ ലത്തീന്‍സഭ അതൃപ്തി രേഖപ്പെടുത്തിയിരുന്നു. പുനരധിവാസ പാക്കേജുകള്‍ തൃപ്തികരമല്ലെന്നും ആക്ഷേപം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തില്‍ അനുരഞ്ജന നീക്കത്തിന്റെ ഭാഗമായാണ് മന്ത്രിമാര്‍ ബിഷപ് ഹൗസിലെത്തിയതെന്നാണ് സൂചന. കാണാതായ മത്സ്യത്തൊഴിലാളികളുടെ കാര്യത്തില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് സഭ ആവശ്യപ്പെട്ടിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പുനരധിവാസ പാക്കേജിലെ അപാകതകള്‍ പരിഹരിക്കണമെന്നും ആവശ്യമുണ്ടായിരുന്നു. സഭയുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചു. അതേസമയം കാണാതായവര്‍ക്കുള്ള തെരച്ചില്‍ ഊര്‍ജ്ജിതമാക്കുമെന്ന് മന്ത്രിമാര്‍ അറിയിച്ചു. പതിവ് സന്ദര്‍ശനം മാത്രമാണെന്ന് കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

ചുഴലിക്കാറ്റ് ദുരന്തം വിതച്ച അടിമലത്തുറയില്‍ ധനമന്ത്രി തോമസ് ഐസിക്കിനെതിരെ മത്സ്യത്തൊഴിലാളികളുടെ കുടുംബാംഗങ്ങള്‍ പ്രതിഷേധവുമായെത്തിയിരുന്നു. സര്‍ക്കാര്‍ പ്രഖ്യാപിച്ച ദുരിതാശ്വാസത്തില്‍ അതൃപ്തരാണെന്ന് സ്ത്രീകള്‍ അടക്കമുള്ളവര്‍ മന്ത്രിയോട് പരാതി പറഞ്ഞു.

കഴിഞ്ഞ ദിവസം സര്‍ക്കാര്‍ വിതരണം ചെയ്ത സൗജന്യ റേഷനരി പഴകി കേടുവന്നതാണെന്നും അവര്‍ മന്ത്രിയോട് പറഞ്ഞു. പ്രക്ഷുബ്ധരായ മത്സ്യത്തൊഴിലാളികളേയും കുടുംബാംഗങ്ങളേയും ആശ്വസിപ്പിച്ച ശേഷം തിരിച്ച് പോകാനായി മന്ത്രി കാറില്‍ കയറിയപ്പോഴും നാട്ടുകാര്‍ പരാതി പറയുന്നത് അവസാനിപ്പിച്ചിരുന്നില്ല. മന്ത്രി കാറില്‍ കയറി പോകുമ്പോള്‍ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ ബഹളം വെയ്ക്കുകയായിരുന്നു.

കഴിഞ്ഞ ദിവസങ്ങളില്‍ ദുരിതബാധിത പ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്തിയ മുഖ്യമന്ത്രി പിണറായി വിജയനും മേഴ്‌സിക്കുട്ടിയമ്മ, കടകംപിള്ളി സുരേന്ദ്രന്‍ എന്നീ മന്ത്രിമാര്‍ക്കു നേരേയും മത്സ്യത്തൊഴിലാളികള്‍ പ്രതിഷേധിച്ചിരുന്നു.

ചുഴലിക്കാറ്റിനെ തുടര്‍ന്ന് കാണാതായ 180 മത്സ്യത്തൊഴിലാളികളെ നാവികസേന ലക്ഷദ്വീപില്‍ കണ്ടെത്തി. 17 ബോട്ടുകളിലായാണ് മത്സ്യത്തൊഴിലാളികള്‍ ഉണ്ടായിരുന്നത്. മത്സ്യത്തൊഴിലാളികളുടെ വിവരങ്ങള്‍ ശേഖരിച്ചു വരുന്നതായി നാവിക സേന അറിയിച്ചു. ലക്ഷദ്വീപിലെ പരമ്പരാഗത മത്സ്യബന്ധന മേഖലയിലാണ് ഇവരെ കണ്ടെത്തിയത്. ഐഎന്‍എസ് കല്‍പ്പേനി നടത്തിയ തെരച്ചിലിലാണ് ഇവരെ കണ്ടെത്തിയത്. ഇവരെ കൊച്ചിയിലെത്തിച്ചു.

മത്സ്യത്തൊഴിലാളികളുടെ സംഘവും ഐഎൻഎസ് കൽപേനിയിൽ തെരച്ചിലിനായി പുറപ്പെട്ടിരുന്നു.കടലിൽ നാലു മൃതദേഹങ്ങൾ കൂടി ഇന്നലെ കണ്ടെടുത്തതോടെ ആകെ മരണസംഖ്യ 37 ആയി. ഈ നാലു മൃതദേഹങ്ങളും തിരിച്ചറിഞ്ഞിട്ടില്ല. കേരളത്തിൽനിന്നുള്ള വലിയ ബോട്ടുകാരിൽ പകുതിയിലേറെപ്പേർ ഗുജറാത്ത്, കർണാടക, മഹാരാഷ്ട്ര, ഗോവ എന്നീ സംസ്ഥാനങ്ങളിലെ തീരമേഖലയിൽ എത്തിയിട്ടുണ്ടെന്നു സർക്കാർ സ്ഥിരീകരിച്ചു. ഇന്ധനവും ഭക്ഷണം നൽകിയാൽ ബോട്ടിൽ തന്നെ കേരളത്തിലേക്കു മടങ്ങാമെന്നു മത്സ്യത്തൊഴിലാളികൾ കേരളത്തിൽനിന്നുള്ള ഉദ്യോഗസ്ഥരെ അറിയിച്ചതിനെ തുടർന്ന് ഇതിനുള്ള പണം കൈമാറി. ഇന്നലെ തന്നെ ഈ ബോട്ടുകൾ കേരളത്തിലേക്കു തിരിച്ചു.

സര്‍ക്കാരിന്റെ പുതിയ കണക്കുപ്രകാരം ഓഖി ചുഴലിക്കാറ്റിൽപ്പെട്ടു കടലിൽ കാണാതായവരുടെ എണ്ണം 397 ആണ്. ചെറുവള്ളങ്ങളിൽ പോയവരിൽ 96 പേരും വലിയ ബോട്ടുകളിൽ പോയവരിൽ 301 പേരും തിരിച്ചെത്താനുണ്ടെന്ന് പൊലീസ് സ്റ്റേഷനുകൾ മുഖേനയും കടലോര ഗ്രാമങ്ങളിൽ നേരിട്ടെത്തിയും റവന്യു വകുപ്പു ശേഖരിച്ച കണക്ക് വ്യക്തമാക്കുന്നു. ചെറുവള്ളങ്ങളിൽ പോയി തിരിച്ചെത്താനുള്ള 96 പേരും തിരുവനന്തപുരം ജില്ലക്കാരാണ്. ആദ്യമായാണ് വലിയ ബോട്ടുകളിൽ പോയവരുടെ കണക്ക് ശേഖരിക്കുന്നത്. ഇതാണു കാണാതായവരുടെ എണ്ണം 92ല്‍ നിന്നു 397 ആയി ഉയരാൻ കാരണമെന്നു റവന്യു അധികൃതർ വ്യക്തമാക്കി.

Top