ചെന്നൈ: നൂറ്റിനാല്‍പ്പത് കിലോമീറ്റര്‍ വേഗതയില്‍ വീശുന്ന വര്‍ധ ചുഴലിക്കാറ്റില്‍ മരണം 7 ആയി.
ആന്ദ്രാപ്രദേശിലും തമിഴ്‌നാട്ടിലുമായി പതിനായിര ത്തിലധികം പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്കു മാറ്റിപ്പാര്‍പ്പിച്ചു. ഇരു സംസ്ഥാനങ്ങളിലും അതീവ ജാഗ്രത പ്രഖ്യാപിച്ചിരിക്കുകയാണ്. ആയിരക്കണക്കിനു മരങ്ങളാണു കാറ്റിന്റെ സംഹാരതാണ്ഡവത്തില്‍ കടപുഴകി വീണത്. ചെന്നൈയില്‍ 140 കിലോമീറ്ററിലേറെ വേഗതയിലാണു കാറ്റു വീശിയത്.
വൈകുന്നേരത്തോടെ കാറ്റിന്റെ തീവ്രത കുറയുന്നതായാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. അടുത്ത ഒരു മണിക്കൂറിനുള്ളില്‍ കാറ്റു തമിഴ്നാടു തീരം വിടുമെന്നാണു വിലയിരുത്തല്‍. കാറ്റിന്റെ ശക്തി കുറഞ്ഞെങ്കിലും വരും മണിക്കൂറുകളില്‍ ശക്തി വീണ്ടെടുക്കാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. അതുകൊണ്ടു തന്നെ ജനങ്ങള്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.
കഴിഞ്ഞ ഡിസംബറിലുണ്ടായ പ്രളയം ചെന്നൈ നഗരത്തിനു കനത്ത നാശനഷ്ടമാണുണ്ടാക്കിയത്. 2015 ഡിസംബര്‍ ആദ്യ വാരമായിരുന്നു ചെന്നൈയില്‍ പ്രളയമുണ്ടായത്. അന്നു കനത്ത മഴ പെയ്തതോടെ റിസര്‍വോയറുകളില്‍ വെള്ളം ഉയര്‍ന്നത് ഇക്കുറിയും ആവര്‍ത്തിക്കുമോ എന്ന ആശങ്കയിലാണ് അധികൃതര്‍. വീണ്ടുമൊരു പ്രളയദുരന്തം ഉണ്ടാകാതിരിക്കാനുള്ള മുന്‍കരുതല്‍ എടുത്തിട്ടുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്.
മണിക്കൂറില്‍ 120-150 കിലോമീറ്റര്‍ വേഗത്തിലാണ് കാറ്റടിക്കുന്നത്. ഉച്ചകഴിഞ്ഞ് രണ്ടോടെയാണ് കൊടുക്കാറ്റ് തീരത്തെത്തിയത്. കനത്ത കാറ്റില്‍ റെയില്‍പാളങ്ങളും വൈദ്യുതിബന്ധവും പലയിടത്തും തകര്‍ന്നു. വന്‍ മരങ്ങള്‍ റോഡിലേക്ക് കടപുഴകി വീണതോടെ പലയിടത്തും റോഡ് ഗതാഗതവും താറുമാറായി. തകര്‍ന്ന റെയില്‍പാളങ്ങള്‍ ഗതാഗത യോഗ്യമാക്കാന്‍ ശ്രമം തുടരുകയാണ്. നിരവധി ട്രെയിനുകള്‍ റദ്ദാക്കി.