ചെന്നൈ: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദത്തെത്തുടര്‍ന്നു രൂപപ്പെട്ട വാര്‍ധ ചുഴലിക്കാറ്റ് ചെന്നൈ തീരത്തോട് അടുക്കുന്നു. തീരത്തോട് അടുക്കുന്നതോടെ ചുഴലിക്കാറ്റിന് വര്‍ദ്ധിതവീര്യം കൈവരിക്കുമെന്നാണ് കരുതുന്നത്. അതുകൊണ്ട് ചെന്നൈ നഗരം കനത്ത ഭയപ്പാടിലാണ്. കരയോട് അടുക്കുന്തോറും കാറ്റിനു വേഗം കൂടുന്നെന്നാണു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ നിഗമനം. ഉച്ചയ്ക്ക് രണ്ട് മണിക്കും അഞ്ച് മണിക്കും ഇടയിലായി ചെന്നൈ, മച്ചിലിപ്പട്ടണം തീരങ്ങളിലൂടെ കാറ്റ് ഇന്ത്യന്‍ തീരത്തെത്തും.
കനത്ത നാശനഷ്ടങ്ങളുണ്ടായേക്കാമെന്ന ഭീതിയില്‍ ശക്തമായ ജാഗ്രതയാണു തീരത്തു പുലര്‍ത്തുന്നത്. അതിനിടെ, ചെന്നൈ വിമാനത്താവളത്തില്‍നിന്നുള്ള സര്‍വീസുകള്‍ താളം തെറ്റി. വിമാനത്താവളം അടയ്ക്കുകയും ചെയ്തു. ഇതിനോടകം നിരവധി സര്‍വീസുകള്‍ റദ്ദാക്കിയിട്ടുണ്ട്. മുപ്പതോളം സര്‍വീസുകള്‍ മറ്റു വിമാനത്താവളങ്ങളിലേക്കു തിരിച്ചുവിട്ടു. ഇപ്പോള്‍ എല്ലാ സര്‍വീസുകളും റദ്ദാക്കിയിട്ടുണ്ട്. നഗരത്തിലെ സബര്‍ബന്‍ ട്രെയിനുകളും റദ്ദു ചെയ്തിട്ടുണ്ട്.
ദേശീയ ദുരന്ത നിവാരണ സേനയെ അടക്കം ചെന്നൈയിലും മച്ചിലിപ്പട്ടണത്തും വിന്യസിച്ചിട്ടുണ്ട്. മണിക്കൂറില്‍ നൂറു കിലോമീറ്ററിനും നൂറ്റപ്പതിനഞ്ചു കിലോമീറ്ററിനും ഇടയിലായിരിക്കും കാറ്റിനു വേഗം. കരയിലെത്തുമ്പോള്‍ ഉഗ്രവേഗം കൈവരിക്കാനുള്ള സാധ്യതയും തള്ളിക്കളഞ്ഞിട്ടില്ല. തമി!ഴ്നാട്ടില്‍ നാഗപ്പട്ടണം, കടലൂര്‍, ചെന്നൈ, കാഞ്ചീപുരം എന്നിവിടങ്ങളിലും ആന്ധ്രയില്‍ നെല്ലൂര്‍, കേന്ദ്രമാക്കിയുമാണ് കേന്ദ്ര ദുരന്തനിവാരണ സേന അടക്കമുള്ള രക്ഷാ പ്രവര്‍ത്തകരെ വിന്യസിച്ചിരിക്കുന്നത്
ചുഴലിക്കാറ്റിനൊപ്പം ശക്തമായ മഴയും ചെന്നൈയിലും പരിസരപ്രദേശങ്ങളിലുമുണ്ടാകും. തീരത്തെത്തി ആന്ധ്രയിലേക്കു നീങ്ങുന്നതോടെ കാറ്റ് ദുര്‍ബലമാകുമെന്നാണു പ്രതീക്ഷ. ഇന്നു ചെന്നൈയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കിയിരുന്നു. തമിഴ്നാട്, പുതുച്ചേരി എന്നിവിടങ്ങളില്‍ വ്യോമനിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ഇരു സംസ്ഥാനങ്ങളിലെ മത്സ്യബന്ധനത്തൊഴിലാളികള്‍ മീന്‍ പിടിക്കാന്‍ കടലില്‍ പോകുന്നതിനു വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്