കൊച്ചി: നടന്‍ ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഡി സിനിമാസ് കോംപ്ലക്സിന്റെ സ്ഥലത്തു കയ്യേറ്റഭൂമി ഉള്‍പ്പെട്ടിട്ടുണ്ടെന്ന പരാതിയില്‍ വിജിലന്‍സിന് അന്വേഷണം തുടരാമെന്നു ഹൈക്കോടതി. എന്നാല്‍ അഴിമതി നിരോധന നിയമപ്രകാരം പ്രോസിക്യൂഷന്‍ നടപടികള്‍ക്കു സാധ്യതയുണ്ടോ എന്നു കൃത്യമായി അന്വേഷിക്കണമെന്നു കോടതി വ്യക്തമാക്കി.
പ്രാഥമികാന്വേഷണം നടത്തിയ വിജിലന്‍സ് തുടര്‍നടപടിക്കു സാധ്യതയില്ലെന്നു റിപ്പോര്‍ട്ട് നല്‍കിയിരുന്നു. റിപ്പോര്‍ട്ട് നിരസിച്ച വിജിലന്‍സ് കോടതി, ആരെയും പ്രതിചേര്‍ക്കാതെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ നിര്‍ദേശിച്ചതിനെതിരെ ദിലീപ് സമര്‍പ്പിച്ച ഹര്‍ജിയാണു കോടതി പരിഗണിച്ചത്. ആരെയും പ്രതിചേര്‍ക്കാതെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കാന്‍ പറഞ്ഞത് ഹര്‍ജിക്കാരനെ എങ്ങനെ ബാധിക്കുമെന്നു കോടതി ചോദിച്ചു. ഹര്‍ജിക്കാരനെ പ്രതിചേര്‍ത്താല്‍ മാത്രമേ പരിഹാരം തേടേണ്ടതുള്ളൂ എന്നും പറഞ്ഞു.
ഈ കേസില്‍ അഴിമതി നിരോധന നിയമം ബാധകമാകുമോ എന്നും ഏതെങ്കിലും ഉദ്യോഗസ്ഥന്റെ കൃത്യവിലോപം മാത്രമാണോ എന്നും പരിശോധിക്കണം. കലക്ടര്‍ തീര്‍പ്പാക്കിയ റവന്യൂ സംബന്ധിയായ വിഷയവും പരിഗണിക്കാം. സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ ഭാഗത്ത് അഴിമതിയോ, കുറ്റകരമായ നടപടിദൂഷ്യമോ തനിക്കോ മറ്റുള്ളവര്‍ക്കോ അവിഹിത നേട്ടത്തിനു കാരണമായ പദവി ദുരുപയോഗമോ ഉണ്ടെങ്കില്‍ മാത്രമേ അഴിമതി നിരോധന നിയമം ബാധകമാകൂ എന്നു കോടതി ചൂണ്ടിക്കാട്ടി.
നേരത്തെ നടിയെ ആക്രമിച്ച കേസില്‍ വിചാരണയ്ക്ക് വനിതാ ജഡ്ജിയെ അനുവദിച്ച് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. എറണാകുളം സിബിഐ പ്രത്യേക കോടതി ജഡ്ജിയെയാണ് കേസിന്റെ വാദം കേള്‍ക്കാന്‍ ഹൈക്കോടതി നിയോഗിച്ചത്. വിചാരണ വേഗത്തിലാക്കണമെന്നും ഹൈക്കോടതി നിര്‍ദേശിക്കുകയുണ്ടായി. നടിയുടെ ആവശ്യത്തിനെതിരെ ദിലീപും പള്‍സര്‍ സുനിയും സമര്‍പ്പിച്ച ഹരജി ഹൈക്കോടതി തള്ളി. കേസിന്റെ വിചാരണ വൈകിപ്പിക്കാനാണ് ദിലീപ് ശ്രമിക്കുന്നതെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.