ചെന്നൈ: തമിഴ് രാഷ്ട്രീയത്തിലേറെ കോളിളക്കമുണ്ടാക്കിയ ഇന്ത്യന്‍ ജനാധിപത്യത്തൈ നാണക്കേടിന്റെ പടുകുഴിയിലേക്ക് തള്ളിയ അഴിമതി കേസായിരുന്നു. ജയലളിതയും ശശികലയും പ്രതികളായ സ്വത്ത് സമ്പാദന കേസ്.
ഈ കേസ് ആരംഭിക്കുന്നത് 21 വര്‍ഷം മുമ്പ് 1996ലാണ്. ജയലളിത ആദ്യമായി അധികാരത്തിലേറിയ 1991-96 വരെയുളള കാലത്ത് തോഴി ശശികല, ശശികലയുടെ ബന്ധുക്കളായ ഇളവരശി, വി.എന്‍.സുധാകരന്‍ (ജയലളിതയുടെ ‘ദത്ത് പുത്രന്‍’) എന്നിവരുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തി 66.65 കോടി രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചുവെന്നാണ് കേസ്.
ജയലളിത പ്രധാന പ്രതിയായ കേസില്‍ ബാക്കി മൂന്നു പേരും 32 സ്വകാര്യ സ്ഥാപനങ്ങളുടെ ബിനാമി ഉടമസ്ഥരായി പ്രവര്‍ത്തിച്ചു. മറ്റൊരു ആരോപണം കോടികള്‍ ചെലവഴിച്ച് നിര്‍മ്മാണപ്രവര്‍ത്തനങ്ങളും പുതുക്കി പണിയലുകളും നടത്തി. ദത്ത് പുത്രന്റെ വിവാഹത്തിന് വന്‍തുകയുടെ ആഭരണങ്ങള്‍ വാങ്ങിക്കൂട്ടി എന്നീ ആരോപണങ്ങളും കേസില്‍ ഉന്നയിക്കപ്പെട്ടു.
ചെന്നൈ സ്പെഷല്‍ ജഡ്ജി 1997ല്‍ ജയലളിതയ്ക്കും കൂട്ടുപ്രതികളായ ശശികല, സുധാകരന്‍, ഇളവരശി എന്നിവര്‍ക്ക് സമന്‍സ് അയച്ചു. ഐപിസിയിലെയും അഴിമതി നിരോധന നിയമത്തിലെയും വിവിധ വകുപ്പുകള്‍ ചേര്‍ത്ത് ഇവര്‍ക്കെതിരായി കേസെടുത്തു. എന്നാല്‍ പ്രതികള്‍ കുറ്റം നിഷേധിച്ചു. തെളിവുകള്‍ രേഖപ്പെടുത്തിക്കൊണ്ട് കേസ് ആരംഭിച്ചു.
ജയലളിത 2001-ല്‍ അധികാരത്തിലേയ്ക്ക് തിരിച്ചുവന്ന കാലയളവില്‍ കേസ് തമിഴ്‌നാടിന് പുറത്തേക്ക് മാറ്റണം എന്നാവശ്യപ്പെട്ട് ഡിഎംകെ ജനറല്‍ സെക്രട്ടറി കെ.അന്‍പഴകന്‍ സുപ്രീം കോടതിയെ സമീപിച്ചു. 2003 നവംബറില്‍ സുപ്രീം കോടതി ഈ അപേക്ഷ അംഗീകരിച്ചു. സ്വതന്ത്രവും നിര്‍ഭയവുമായി വിചാരണ നടത്തുന്നതിന് ബെംഗളൂരുവില്‍ പ്രത്യേക കോടതി രൂപികരിച്ചു. കേസ് വീണ്ടും പുതുതായി ആരംഭിച്ചു.
സെപ്റ്റംബര്‍ 2014ല്‍ പ്രത്യേക കോടതി നാല് പ്രതികളെയും ഐപിസി, അഴിമതി നിരോധനനിയമം എന്നിവയുടെ അടിസ്ഥാനത്തില്‍ ശിക്ഷിച്ചു. ജയലളിതയ്ക്ക് നാല് വര്‍ഷം തടവും നൂറ് കോടി രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. ശശികല, സുധാകരന്‍, ഇളവരശി എന്നിവരെ നാല് വര്‍ഷത്തെ തടവിനും പത്ത് കോടി രൂപ വീതം പിഴയുമാണ് ശിക്ഷിച്ചത്. വിധിയെ തുടര്‍ന്ന് ജയലളിത മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു.
മെയ് 2015ല്‍ ജയലളിത ഉള്‍പ്പടെ നാല് പ്രതികളെയും കര്‍ണാടക ഹൈക്കോടതി കുറ്റവിമുക്തരാക്കി. പ്രോസിക്യൂഷന്‍ പ്രതികളായവരുടെ സ്ഥാപനങ്ങള്‍, കമ്പനികള്‍ നിര്‍മ്മാണ പ്രവര്‍ത്തനം തുടങ്ങി എല്ലാ ആസ്തികളെയും സംബന്ധിച്ച കണക്കുകള്‍ കൂട്ടിക്കുഴച്ചുവെന്ന നിരീക്ഷണമാണ് ഈ കേസില്‍ നടത്തിയത്. 27.8 കോടി രൂപയുടെ നിര്‍മ്മാണ പ്രവര്‍ത്തനവും വിവാഹ ചെലവായ 6.45 കോടി രൂപയും എല്ലാം കൂട്ടിചേര്‍ത്താണ് 66.45 കോടി എന്ന കണക്കിലെത്തിയത്. അനധികൃത സ്വത്ത് 8.12% മാത്രമേയുളളൂവെന്ന് നിരീക്ഷിച്ച ഹൈക്കോടതി, 10% വരെ അനധികൃത ആസ്തി ആണ് ഉളളതെങ്കില്‍ പ്രതികളെ കുറ്റവിമുക്തരാക്കാമെന്ന സുപ്രീം കോടതിയുടെ മുന്‍ റൂളിങ്ങിന്റെ അടിസ്ഥാനത്തിലാണ് കുറ്റവിമുക്തരാക്കിയത്.
ഹൈക്കോടതി ജഡ്ജി സി.ആര്‍.കുമാരസ്വാമിയുടെ നിരീക്ഷണം ഇങ്ങനെയായിരുന്നു : ”അനധികൃത സ്വത്ത് സമ്പാദനം 10%ത്തേക്കാള്‍ കുറവാണെന്നും അത് അനുവദനീയമായ പരിധിയിലാണെന്നും അതിനാല്‍ പ്രതികളെ കുറ്റവിമുക്തരാക്കാം. പ്രധാന പ്രതി (ജയലളിത) യെ കുറ്റവിമുക്തയാക്കുമ്പോള്‍, കേസില്‍ ചെറിയ റോള്‍ മാത്രമമുള്ള മറ്റ് പ്രതികളും ആ ഇളവിന് അര്‍ഹരാണ്.” എന്നായിരുന്നു.
കര്‍ണാടക സര്‍ക്കാര്‍ പ്രതികളെ വെറുതെ വിട്ടുകൊണ്ടുളള ഹൈക്കോടതി വിധിക്കെതിരെ മേല്‍ കോടതിയെ സമീപിക്കുകയും ശിക്ഷ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. കര്‍ണാടക ഹൈക്കോടതിയുടെ കണക്കുകളില്‍ തര്‍ക്കമുന്നയിക്കുകയും ചെയ്തു. 2016 ജൂണില്‍ അമിതാവ് റോയി, പി.സി.ഘോഷ് എന്നിവരടങ്ങുന്ന ബഞ്ച് ഈ കേസില്‍ വിധി പറയുന്നതിനായി മാറ്റിവച്ചു. അതിനിടയില്‍ ഡിസബര്‍ അഞ്ചിന് ജയലളിത നിര്യാതയായി.
2017 ഫെബ്രുവരി 14 ന് സുപ്രീം കോടതി വിധി വന്നു. വിധിയില്‍ കര്‍ണാടക ഹൈക്കോടതി വിധി അസാധുവാക്കപ്പെട്ടു. അനധികൃത സ്വത്ത് സമ്പാദന കേസ് സംബന്ധിച്ച വിചാരണക്കോടതിയുടെ വിധി ശരിവച്ചു.. ഇതനുസരിച്ച് നാല് വര്‍ഷം തടവും പത്ത് കോടി രൂപ പിഴയും ശശികലയ്ക്കുളള ശിക്ഷ.
ഇനി ശശികലയുടെ രാഷ്ട്രീയഭാവിയില്‍ ഇരുള്‍ വീഴുകയാണ്. നാല് വര്‍ഷം ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയാലും ആറ് വര്‍ഷം കൂടി തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കാന്‍ വിലക്കുണ്ടാകും. അതായത് ശശികലയ്ക്ക് പത്ത് വര്‍ഷം തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലിറങ്ങാന്‍ സാധ്യമാകില്ല.
കേസിന്റെ നാള്‍വഴികള്‍…
1996 ജൂണ്‍ 14: ചെന്നൈയിലെ ജില്ലാ കോടതിയില്‍ ജയലളിതയ്‌ക്കെതിരെ സുബ്രഹ്മണ്യന്‍ സ്വാമി കേസ് കൊടുത്തു.
ജൂണ്‍ 18: എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്യാന്‍ അന്നത്തെ ഡി.എം.കെ. സര്‍ക്കാര്‍ വിജിലന്‍സ് വിഭാഗത്തോട് നിര്‍ദ്ദേശിച്ചു.
ജൂണ്‍ 21: അന്വേഷണം നടത്താന്‍ പൊലീസിനോട് പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് നിര്‍ദ്ദേശിച്ചു.
ഡിസംബര്‍ 7 : ജയലളിത അറസ്റ്റിലായി. ആഴ്ചകള്‍ കഴിഞ്ഞ് മോചനം
1997: ചെന്നൈയിലെ അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ ജയലളിതയ്ക്കും മറ്റു മൂന്നു പേര്‍ക്കുമെതിരെ കേസ് നടപടികള്‍ തുടങ്ങി.
ജൂണ്‍ 4: ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വകുപ്പുകളും അഴിമതിനിരോധനനിയമവും പ്രകാരം കുറ്റപത്രം നല്‍കി.
ഒക്ടോബര്‍ 1: തന്നെ പ്രോസിക്യൂട്ടി ചെയ്യാന്‍ അന്നത്തെ ഗവര്‍ണര്‍ എം.ഫാത്തിമ ബീവി അനുമതി കൊടുത്തതിനെ ചോദ്യം ചെയ്ത് ജയലളിത സമര്‍പ്പിച്ച ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി.
2000 ഓഗസ്റ്റ് : ഇതിനകം 250 പ്രോസിക്യൂഷന്‍ സാക്ഷികളെ വിസ്തരിച്ചു.
2001 മെയ്: നിയമസഭാതിരഞ്ഞെടുപ്പില്‍ എ.ഐ.എ.ഡി.എം.കെ.യ്ക്കും ഭൂരിപക്ഷം. ജയലളിത വീണ്ടും മുഖ്യമന്ത്രിയായി.
2001 സപ്തംബര്‍: ചെറുകിട വ്യവസായ കോര്‍പ്പറേഷനുമായി (താന്‍സി) ബന്ധപ്പെട്ട കേസില്‍ കുറ്റം ചുമത്തപ്പെട്ടിരുന്നതിനാല്‍ മുഖ്യമന്ത്രിയായുള്ള നിയമനം സുപ്രീം കോടതി അസാധുവാക്കി.
2002 ഫെബ്രുവരി: താന്‍സി കേസില്‍ കുറ്റമുക്തയായ ജയലളിത ആണ്ടിപ്പട്ടി ഉപതിരഞ്ഞെടുപ്പില്‍ ജയിച്ചു. വീണ്ടും മുഖ്യമന്ത്രിയായി.
പിന്നീട് മൂന്നു പബ്ലിക് പ്രോസിക്യൂട്ടര്‍മാരും സീനിയര്‍ കൗണ്‍സലും രാജിവച്ചു. പ്രോസിക്യൂഷന്‍ സാക്ഷികളില്‍ പലരും കൂറിമാറി.
2001 ഫെബ്രുവരി 28: സ്വത്തു കേസ് വിചാരണ ചെന്നൈയില്‍ നിന്നു മാറ്റണമെന്നഭ്യര്‍ത്ഥിച്ച് ഡി.എം.കെ.നേതാവ് കെ.അന്‍പഴകന്‍ സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു
നവംബര്‍ 18: സ്വത്തുകേസ് ബെംഗളൂരിലേക്ക് മാറ്റാന്‍ സുപ്രീം കോടതി ഉത്തരവിട്ടു.
2005 ഫെബ്രുവരി 19: മുന്‍ അഡ്വക്കേറ്റ് ജനറല്‍ ബി.വി.ആചാര്യയെ പ്രത്യേക പബ്ലിക് പ്രോസിക്യൂട്ടറായി കര്‍ണാടകസര്‍ക്കാര്‍ നിയോഗിച്ചു.
2006 മെയ് 11: തമിഴ്നാട്ടില്‍ ഡി.എം.കെ. അധികാരത്തില്‍ തിരിച്ചെത്തി.
2006 ജനവരി 22: കേസില്‍ വിചാരണയ്ക്കു സുപ്രീം കോടതിയുടെ അനുമതി. വിചാരണ തുടങ്ങുന്നു.
2010 ഡിസംബര്‍ 2011 ഫെബ്രുവരി : സാക്ഷികളെ പ്രോസിക്യൂഷന്‍ വീണ്ടും വിസ്തരിക്കുന്നു.
2011 മെയ് 16: ജയലളിത വീണ്ടും മുഖ്യമന്ത്രിയായി.
2011 ഒക്ടോബര്‍ 20,21,നവംബര്‍ 22,23 : ജയലളിത ബെംഗളൂരിലെ പ്രത്യേക കോടതിയില്‍ നേരിട്ടു ഹാജരായി ചോദ്യങ്ങള്‍ക്കു മറുപടി നല്‍കി.
2012 ഓഗസ്റ്റ് 12: ആചാര്യ പ്രത്യേക പബ്ലിക് പ്രോസിക്യൂട്ടര്‍ സ്ഥാനമൊഴിയാന്‍ താത്പര്യം പ്രകടിപ്പിച്ചു.
2013 ഫെബ്രുവരി: ജി.ഭവാനി സിംഗിനെ പ്രത്യേക പബ്ലിക് പ്രോസിക്യൂട്ടറായി നിയോഗിച്ചു.
2013 ഓഗസ്റ്റ് 23: ഭവാനി സിംഗിന്റെ നിയമനത്തെ ചോദ്യം ചെയ്ത് അന്‍പഴകന്‍ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു.
2013 ഓഗസ്റ്റ് 26: കാരണം കാണിക്കാതെയും കര്‍ണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസിനോട് ആലോചിക്കാതെയും പ്രത്യേക പ്രോസിക്യൂട്ടര്‍ സ്ഥാനത്തുനിന്നും ഭവാനി സിംഗിനെ കര്‍ണാടക സര്‍ക്കാര്‍ മാറ്റി.
2013 സപ്തംബര്‍ 30: ഭവാനി സിങ് സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ച സുപ്രീം കോടതി, അദ്ദേഹത്തെ മാറ്റിയ നടപടി റദ്ദാക്കി.
2013 സപ്തംബര്‍ 30: പ്രത്യേക കോടതി ജഡ്ജി ബാലകൃഷ്ണ വിരമിച്ചു. ജയലളിതയ്ക്ക് നാല് വര്‍ഷം തടവും 100 കോടി രൂപ പിഴയും. കൂട്ടുപ്രതികള്‍ക്ക് നാല് വര്‍ഷം തടവും 10 കോടി രൂപ വീതം പിഴയും
2013 ഒക്ടോബര്‍ 29: പ്രത്യേക കോടതി ജഡ്ജിയായി ജോണ്‍ മൈക്കിള്‍ ഡികുന്‍ഹയെ ഹൈക്കോടതി നിയോഗിച്ചു.
2014 ഓഗസ്റ്റ് 28: വിചാരണതീര്‍ന്നു. വിധി സപ്തംബര്‍ 20 ന് പ്രഖ്യാപിക്കാന്‍ കോടതി നിശ്ചയിച്ചു. സുരക്ഷാ കാരണത്താല്‍ വിധി പ്രഖ്യാപനസ്ഥലം മാറ്റണമെന്നു ജയലളിത സുപ്രീം കോടതിയില്‍ അഭ്യര്‍ത്ഥിച്ചു.
2014 സപ്തംബര്‍ 16: വിധി പ്രഖ്യാപനത്തിനായി പരപ്പന അഗ്രഹാര ജയില്‍ പരിസരത്തു പ്രത്യേക കോടതി പ്രവര്‍ത്തിക്കാമെന്നു സുപ്രീംകോടതി നിര്‍ദ്ദേശം. വിധി സപ്തംബര്‍ 27 ന് പ്രഖ്യാപിക്കാന്‍ തീരുമാനം.
2014 സപ്തംബര്‍ 27 ജയലളിത അടക്കം നാല് പേര്‍ കുറ്റക്കാരാണെന്ന് പ്രത്യേക കോടതി വിധിച്ചു.
2014 സപ്തംബര്‍ 29 – ജയലളിത കര്‍ണാടക ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കി
2014 ഒക്ടോബര്‍ ഏഴ് – കര്‍ണാടക ഹൈക്കോടതി ജാമ്യം ഹര്‍ജി തള്ളി
2014 ഒക്ടോബര്‍ 17 – സുപ്രീംകോടതി ജയലളിതയ്ക്ക് ജാമ്യം നല്‍കി
2015 മെയ് 11: സ്വത്ത് സാമ്പാദനകേസില്‍ ജയലളിതയ്ക്ക് സുപ്രീംകോടതി ജാമ്യം
2016 ഡിസംബര്‍ അഞ്ച്: ജയലളിത അന്തരിച്ചു
2017 ജനുവരി 14: ജയലളിതയെയും ശശികലയെയും വെറുതെ വിട്ട ഹൈക്കോടതി് വിധി സുപ്രീംകോടതി റദ്ദാക്കി. വിചാരണ കോടതി വിധി നിലനില്‍ക്കുമെന്ന് സുപ്രീംകോടതി