ദയാബായിയെ ഇറക്കിവിട്ടത് ഇംഗ്ലീഷ് മനസിലാകാത്തതിനാലെന്നു കണ്ടക്ടര്‍; കണ്ടക്ടറെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും

ആലുവ: ഒരു പാവം കണ്ടക്ടര്‍, പഠിച്ചത് മലയാളം മീഡിയത്തിലായതിനാല്‍ ദയാബായിയുടെ ഇംഗ്ലീഷ് മനസിലായില്ലത്രേ.. ദയാബായിയെ കെഎസ്ആര്‍ടിസി ബസില്‍ നിന്നും ഇറക്കി വിട്ട സംഭവത്തില്‍ പ്രതി ചേര്‍ക്കപ്പെട്ട് അറസ്റ്റിലായ കെഎസ്ആര്‍ടിസി കണ്ടക്ടറാണ് പൊലീസില്‍ വിവാദ പര്ാമര്‍ശം നല്‍കിയിരിക്കുന്നത്. കണ്ടക്ടര്‍ക്കെതിരെ കേസെടുത്ത് ആലുവ പോലീസ് ഇന്ന് ചോദ്യം ചെയ്യും. വടക്കാഞ്ചേരി ഡിപ്പോയിലെ കണ്ടക്ടര്‍ കെ.എന്‍ ശൈലജനെ ഇന്നലെ പ്രിന്‍സിപ്പല്‍ എസ്‌ഐ പി.എ ഫൈസല്‍ അറ്സ്റ്റ് ചെയ്തിരുന്നു. അസഭ്യം പറഞ്ഞതിന് 294 (ബി), സ്ത്രീത്വത്തെ അപമാനിച്ചതിന് 509 വകുപ്പുകള്‍ പ്രകാരമാണ് ആലുവ ഈസ്റ്റ് പോലീസ് കേസെടുത്തിരിക്കുന്നത്. ദയാബായിയുടെ പരാതി പ്രകാരം തൃശൂര്‍ ഈസ്റ്റ് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് അന്വേഷണത്തിനായി ആലുവ പോലീസിന് കൈമാറിയതാണ്.

ശനിയാഴ്ച വൈകിട്ട് തൃശൂരില്‍ നിന്നും ആലുവയിലേയ്ക്ക് വരികയായിരുന്ന ദയാബായി സ്‌റ്റോപ്പ് എത്തിയോ എന്ന് അന്വേഷിച്ചപ്പോഴാണ് കണ്ടക്ടര്‍ ശൈലജന്‍ മോശമായി പെരുമാറിയത്. ഇത് കൂടാതെ ഇറങ്ങേണ്ട സ്റ്റോപ്പിന് മുന്‍പ് ബൈപ്പാസില്‍ അസഭ്യം പറഞ്ഞ് അപമാനിച്ച് ഇറക്കി വിടുകയുമായിരുന്നുവെന്നാണ് പരാതി. ജാമ്യം ലഭിക്കാവുന്ന വകുപ്പുപ്രകാരമാണ് കേസെടുത്തിരിക്കുന്നതെങ്കിലും കുറ്റം തെളിഞ്ഞാല്‍ രണ്ടുവര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്നതാണ്. സംഭവവുമായി ബന്ധപ്പെട്ട് കണ്ടക്ടര്‍ ശൈലജന്‍, ഡ്രൈവര്‍ യൂസഫ് എന്നിവരെ കെഎസ്ആര്‍ടിസി സസ്‌പെന്റ് ചെയ്തിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് ആരോപണ വിധേയരായ കണ്ടക്ടറുടെയും ഡ്രൈവറുടെയും ലൈസന്‍സ് റദ്ദ് ചെയ്യാന്‍ ആര്‍ടിഒ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. കെഎസ്ആര്‍ടിസി വിജിലന്‍സ് വിഭാഗം സംഭവത്തെക്കുറിച്ച് ഇരുവരില്‍ നിന്നും മൊഴിയെടുത്തിരുന്നു. തുടര്‍ന്നാണ് ഡിപ്പാര്‍ട്ട്‌മെന്റ് ഇവരെ സസ്‌പെന്റ് ചെയ്തത്. കേസില്‍ വിശദമായ മൊഴി നല്‍കാന്‍ ദയബായിയോട് ആലുവ പോലീസ് ആവശ്യപ്പെട്ടെങ്കിലും മധ്യപ്രദേശിലായതിനാല്‍ ഫെബ്രുവരിയില്‍ കേരളത്തിലെത്തുമ്പോള്‍ മൊഴി നല്‍കാമെന്ന് അറിയിച്ചിരിക്കുകയാണ്. ഇതിനിടയില്‍ സംഭവസമയം ബസില്‍ ഉണ്ടായിരുന്ന ചില യാത്രക്കാര്‍ മൊഴി നല്‍കാന്‍ സ്വമേധയ തയാറായി മുന്നോട്ട് വന്നിട്ടുണ്ട്.

ദയാബായി ഇംഗ്ലീഷില്‍ സംസാരിച്ചത് മനസിലാകാതെ പോയതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നാണ് തൃശൂര്‍ പോലീസിനോടും കെഎസ്ആര്‍ടിസി വിജിലന്‍സ് സ്‌ക്വാഡിനോടും കണ്ടക്ടര്‍ ശൈലജന്‍ വിശദീകരണം നല്‍കിയത്. എന്നാല്‍, ദീര്‍ഘദൂരബസുകള്‍ ആലുവ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റില്‍ കയറാതെ ദേശീയപാതയില്‍ ബൈപ്പാസ് ജംഗ്ഷനില്‍ യാത്രക്കാരെ ഇറക്കി പോകുന്നതിനെതിരെ പരാതി ഉയര്‍ന്നിട്ട് നാളുകള്‍ ഏറെയായി. ദേശീയപാതയില്‍ നിന്നും രണ്ട് കിലോമീറ്റര്‍ ഉള്ളിലുള്ള സ്റ്റാന്റില്‍ കയറാതിരിക്കാന്‍ പലപ്പോഴും യാത്രക്കാരെ ബലമായി ഇറക്കിവിടാറാണ് പതിവ്. എംഎല്‍എ നിയമസഭയില്‍ പോലും ഇക്കാര്യം ഉന്നയിച്ചിട്ടും നാളിതുവരെ നടപടിയൊന്നും ഉണ്ടായിട്ടില്ല.

Top