
ഉത്തര്‍പ്രദേശില്‍ വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ച ബിജെപി മുഖ്യമന്ത്രി പദത്തിലേയ്ക്ക് ദലിത് വിഭാഗത്തില്‍ നിന്നും ഒരാളെ പരിഗണിക്കുമെന്ന് റിപ്പോര്‍ട്ട്. ദലിത് പിന്നാക്ക വിഭാഗങ്ങളുടെ വോട്ടില്‍ വിജയിച്ചു വന്ന പാര്‍ട്ടി അവിടെ ഒരു മുസ്ലിമിനെപ്പോലും മത്സരിപ്പിച്ചിരുന്നില്ല എന്നത് മനസിലാക്കേണ്ടതാണ്. ബിജെപി അധികാരമുറപ്പിച്ചതിനു പിന്നാലെ, മുഖ്യമന്ത്രി പദത്തിലേക്കു ദലിത് വിഭാഗത്തില്‍പ്പെട്ടയാളെ തീരുമാനിക്കണമെന്ന ആവശ്യവുമായി എംപി സാക്ഷി മഹാരാജ് രംഗത്തെത്തിയിരിക്കുകയാണ്. പാര്‍ട്ടിയ്ക്കും ഇതേ താത്പര്യമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
സംസ്ഥാനത്ത് 20-22 ശതമാനം പേര്‍ ദലിതരാണ്. 27% ജനങ്ങള്‍ ഒബിസി വിഭാഗത്തില്‍പ്പെടുന്നവരും. അതിനാല്‍ ദലിത്, ഒബിസി വിഭാഗത്തില്‍നിന്നൊരു മുഖ്യമന്ത്രിയെ ബിജെപി തീരുമാനിക്കണമെന്നാണു തന്റെ അഭിപ്രായമെന്ന് സാക്ഷി മഹാരാജ് വ്യക്തമാക്കി. ഒബിസി വിഭാഗത്തില്‍പ്പെടുന്ന ലോധി സമുദായത്തില്‍നിന്നാണു സാക്ഷി മഹാരാജ് വരുന്നത്.
സംസ്ഥാന ബിജെപി അധ്യക്ഷന്‍ കേശവ് പ്രസാദ് മൗര്യ, എംപി യോഗി ആദിത്യനാഥ്, കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ് തുടങ്ങിയവരുടെ പേരുകള്‍ മുഖ്യമന്ത്രി പദത്തിലേക്ക് ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. അതേസമയം, മുഖ്യമന്ത്രി ആരായിരിക്കണമെന്ന് പാര്‍ട്ടി പാര്‍ലമെന്ററി ബോര്‍ഡ് യോഗം ചേര്‍ന്നു തീരുമാനിക്കുമെന്ന് വക്താവ് അമാന്‍ സിന്‍ഹ അറിയിച്ചു.