ന്യൂഡല്‍ഹി:കത്തോലിക്കാ സഭയില്‍ ശക്തമായ വിധത്തില്‍ ദളിത് വിവേചനമുണ്ടെന്ന കാര്യം തുറന്നു സമ്മതിച്ച് ദേശീയ കത്തോലിക്കാ മെത്രാന്‍ സമിതി രംഗത്തെത്തി. കത്തോലിക്കാ സഭയില്‍ ദളിതരെ പള്ളിയില്‍ ശവക്കുഴിവെട്ടുന്നവരായും വെറും തൂപ്പൂകാരായും കണക്കാക്കുന്നു എന്ന ആക്ഷേപമായിരുന്നു ശക്തമായി നിലനില്‍ക്കുന്നു. ക്രൈസ്തവ സഭയില്‍ ജാതിവിവേചനം ഉണ്ടെന്ന കാര്യം സമ്മതിക്കാന്‍ ഇതുവരെ സഭാ നേതൃത്വം തയ്യാറായിരുന്നില്ല. ഒടുവില്‍
കത്തോലിക്കാ സഭയില്‍ അടക്കം ദളിത് ക്രൈസ്തവര്‍ വിവേചനം നേരിടുന്നു എന്ന വസ്തുതയാണ് ഈപ്പോള്‍ സഭ സമ്മതിച്ചിരുിക്കുന്നത് . ഇക്കാര്യങ്ങള്‍ അടക്കം ചൂണ്ടിക്കാട്ടിയാണ് ഘര്‍വാപ്പസി പരിപാടിയുമായി സംഘപരിവാര്‍ സംഘടനകള്‍ രംഗത്തെത്തിയിരുന്നു.
മെത്രാന്‍ സമിതി പുറപ്പെടുവിച്ച നയരേഖയിലാണ് ഇക്കാര്യം സഭയ്ക്കുള്ളില്‍ നിലനില്‍ക്കുന്ന ദളിത് വിവേചനത്തെ കുറിച്ച് തുറന്നു സമ്മതിച്ചിരിക്കുന്നത്. ദളിത് ക്രൈസ്തവര്‍ കത്തോലിക്ക സഭയില്‍ നേരിടുന്ന വിവേചനങ്ങള്‍ക്കെതിരേ ശാക്തീകരണം വേണമെന്നും ദേശീയ കത്തോലിക്ക മെത്രാന്‍ സമിതിയുടെ (സിബിസിഐ) നയരേഖ ചൂണ്ടിക്കാട്ടി. സഭയ്ക്കുള്ളില്‍ ദളിതര്‍ നേരിടുന്ന വേര്‍തിരിവ് ഗൗരവമുള്ള പ്രശ്‌നമായും പാപമായും കണക്കിലെടുത്ത് ആത്മപരിശോധനക്കുള്ള സന്ദേശമാണ് നയരേഖയിലൂടെ വ്യക്തമാക്കുന്നതെന്ന് സിബിസിഐ അധ്യക്ഷന്‍ കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലിമീസ് കാതോലിക്കാ ബാവ വ്യക്തമാക്കി.
ഭാരത കത്തോലിക്ക സഭയില്‍ 1.9 കോടി അംഗങ്ങളുള്ളതില്‍ 1.2 കോടിയും ദളിതരാണ്. എന്നാല്‍ സഭയിലെ നേതൃനിരയിലേക്ക് ദളിത് വിഭാഗത്തില്‍ നിന്നുള്ള ആരും മെത്രാന്‍ പദവിയിലേക്കോ മറ്റ് പദവികളിലേക്കോ ഉയര്‍ന്നു വരാറില്ല. ഇതിന് കാരണം സഭയെയും ബാധിച്ചിരിക്കുന്ന വിവേചനമാണ്. കത്തോലിക്കാ നേതൃനിരയില്‍ പദവിയോ ആനുപാതിക പ്രാതിനിധ്യമോ ദളിത് വിഭാഗത്തിനു ലഭിക്കുന്നില്ലെന്ന ആക്ഷേപം ഏറെക്കാലമായി നിലനില്‍ക്കുന്നതാണ്. ദളിത് വിഭാഗത്തില്‍ നിന്ന് നിലവില്‍ 12 ബിഷപ്പുമാര്‍ മാത്രമാണ് ഉള്ളതെന്നും സിബിസിഐ നയരേഖയില്‍ വ്യക്തമാക്കുന്നു. സര്‍ക്കാരിനും സഭക്കും ഇടയില്‍ വീര്‍പ്പുമുട്ടുന്ന ദളിത് ക്രൈസ്തവര്‍ക്ക് സംവരണ ആനുകൂല്യങ്ങള്‍ നിഷേധിപ്പെടുന്നതും ഭീഷണിയായി കാണണമെന്ന് നയരേഖയില്‍ പറയുന്നുണ്ട്.
സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ക്ക് പുറമേ സഭയുടെ ഉള്ളിലും ദളിത് വിഭാഗത്തിന് നീതി ലഭിക്കുന്നില്ലെന്ന ആത്മവിമര്‍ശനവും നയരേഖ ഉന്നയിക്കുന്നുണ്ട്. ഇതിന് പരിഹാരം കാണുകയും വേണമെന്ന ആവശ്യം ശക്തമാണ്. ജാതി അടിസ്ഥാനത്തിലുള്ള വേര്‍തിരിവ് കടുത്ത സാമൂഹിക തിന്മയാണെന്നും സിബിസിഐ പുറത്തിറക്കിയ നയരേഖയില്‍ വ്യക്തമാക്കുന്നു. ദളിത് വിഭാഗങ്ങളോടുള്ള വേര്‍തിരിവ് ഒഴിവാക്കുന്നതിനും രൂപത തലത്തില്‍ അനുയോജ്യമായ രീതിയില്‍ നടപ്പാക്കാനുള്ള നിര്‍ദ്ദേശങ്ങളും നയരേഖയിലുണ്ട്.
ആരാധനാലയം, സെമിത്തേരി തുടങ്ങിയ സ്ഥലങ്ങളിലുള്‍പ്പെടെ എല്ലായിടത്തും ദളിത് വിഭാഗങ്ങള്‍ക്ക് നേരെയുള്ള വേര്‍തിരിവ് നിരോധിക്കാന്‍ സമയബന്ധിതമായി പദ്ധതി നടപ്പാക്കണമെന്ന നിര്‍ദ്ദേശവും ഉള്‍കൊള്ളിച്ചിട്ടുണ്ട്. പലപ്പോഴും ഇന്ത്യയില്‍ പലയിടത്തും ദളിത് ക്രൈസ്തവരെ അകറ്റി നിര്‍ത്തുന്ന പ്രവണത ശക്തമാണ്. സെമിത്തേരിയില്‍ അടക്കുന്നത് അടക്കം വിവാദങ്ങള്‍ക്കും ഇടയാക്കിയിട്ടുണ്ട്. ഇത്തരത്തില്‍ ക്രൈസ്തവ സഭയ്ക്ക് ചീത്തപ്പേരുണ്ടാക്കുന്ന വിധത്തില്‍ ജാതീയമായ വേര്‍തിരിവോടെയുള്ള നടപടികള്‍ ഉടനെ അവസാനിപ്പിക്കണം. അതിനു താല്‍പര്യപ്പെടാത്തവര്‍ക്കെതിരെ സഭ അധികാരികള്‍ കര്‍ശന നടപടിയെടുക്കണം.
ഇടവകയിലെയും രൂപതയിലെയും കൗണ്‍സിലുകള്‍, വിദ്യാഭ്യാസ ബോര്‍ഡ്, സാമ്പത്തിക സമിതി, നിയമന സമിതി തുടങ്ങിയവയില്‍ ദളിത് വിഭാഗങ്ങളില്‍ നിന്നുള്ളവര്‍ക്ക് ആനുപാതിക പ്രാതിനിധ്യം നല്‍കണം. ദളിത് ക്രൈസ്‌സ്തവ വിദ്യാര്‍ത്ഥികള്‍ക്ക് ഇംഗ്ലിഷ് മീഡിയം, സിബിഎസ്ഇ സ്‌കൂളുകളില്‍ പ്രവേശനത്തിനു പ്രത്യേക പരിഗണനയും കത്തോലിക്കാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സീറ്റ് സംവരണവും നല്‍കണം.
പ്രധാന നഗരങ്ങളില്‍ ഹോസ്റ്റല്‍ സൗകര്യം ഉറപ്പാക്കണം. സിവില്‍ സര്‍വീസ് പരീക്ഷകള്‍ക്കായി പ്രത്യേക പരിശീലനം നല്‍കണം. യോഗ്യരായ ദളിത് ഉദ്യോഗാര്‍ഥികള്‍ക്ക് െരകെസ്തവ സ്ഥാപനങ്ങളില്‍ എല്ലാ തലങ്ങളിലും ജോലിക്ക് ആനുപാതിക പ്രാതിനിധ്യം ഉറപ്പാക്കണം. ദളിത് വിഭാഗത്തില്‍ നിന്നുള്ള സംരംഭകരെ പ്രോത്സാഹിപ്പിക്കാനും നൈപുണ്യ വികസനത്തിനും രൂപതാ ബഡ്ജറ്റില്‍ ആവശ്യമായ തുക വകയിരുത്തണമെന്നും സിബിസിഐ നയരേഖയില്‍ നിര്‍ദ്ദേശിക്കുന്നു.
കേരളത്തില്‍ അടക്കം ദളിത് ക്രൈസ്തവര്‍ നേരിടുന്ന വിവേചനം ചൂണ്ടിക്കാട്ടിയാണ് ഘര്‍വാപ്പസിയുമായി ഹിന്ദു ഐക്യവേദി രംഗത്തുവന്നത്. കോട്ടയത്തും ആലപ്പുഴയിലും അടക്കം ഇത്തരത്തില്‍ ഹിന്ദു മതത്തില്‍ നിന്നും ക്രൈസ്തവ സഭയിലേക്ക് മടങ്ങിയവര്‍ വീണ്ടും തിരികെ ഹിന്ദു മതത്തില്‍ എത്തിയിരുന്നു. ഈ സംഭവത്തിന് വ്യാപകമായ തോതില്‍ പ്രചരണവും നല്‍കിയിരുന്നു. ഈ സംഭവങ്ങള്‍ തന്നെയാണ് ദളിത് ക്രൈസ്തവരുടെ വിഷയങ്ങള്‍ പരിഹരിക്കാന്‍ തീരുമാനം വേണമെന്ന ആവശ്യം ശക്തമാക്കാന്‍ ഇടയാക്കിയതും.