സ്വന്തം ലേഖകൻ
ലഖ്‌നൗ: രാജ്യം ഡിജിറ്റൽ യുഗത്തിലേയ്ക്കു വളരുമ്പോഴും തൊടിലും തീണ്ടലും വിട്ടു കളയാതെ രാജ്യത്തെ കുഗ്രാമങ്ങളിൽ ദളിതനെ ഒഴിവാക്കുന്ന നയം സ്വീകരിക്കുന്നതായി റിപ്പോർട്ട്. ഏറ്റവും പുതുതായി ദളിതനെ പിന്നിലേയ്ക്കു മാറ്റി നിർത്തുന്ന വാർത്ത വന്നിരിക്കുന്നത് രാജസ്ഥാനിൽ നിന്നാണ്.
റേഷൻ സബ്‌സിഡി വേണമെങ്കിൽ ദരിദ്രനെന്ന് ചുവരിലെഴുതണമെന്നാണ് ജയ്പൂരിലെ റേഷൻ കടകളിൽ നിന്നു പുറത്തു വന്നിരിക്കുന്നത്. . ഞാൻ ദരിദ്രനാണ്, ഞാൻ പട്ടിണിപാവമാണ് തുടങ്ങിയ ചുവരെഴുത്തുകളാണ് സർക്കാർ ചെലവിൽ രാജസ്ഥാൻ ഗവൺമെൻറ് വീടുകൾക്ക് മുന്നിൽ സ്ഥാപിച്ചിരിക്കുന്നത്.
ദേശീയ ഭക്ഷ്യ സുരക്ഷാ നിയമപ്രകാരം കിട്ടുന്ന റേഷൻറെ വിഹിതമടക്കമാണ് വീടുകൾക്ക് മുന്നിൽ പ്രദർശിപ്പിച്ചിരിക്കുന്നത്. ഇത് തങ്ങൾക്ക് വലിയ അപമാനമാണെന്നാണ് ആളുകളുടെ പ്രതികരണം.ദൗസ ജില്ലയിൽ ഒന്നര ലക്ഷത്തോളം വീടുകളിലാണ് സർക്കാർ ഈ ബോർഡ് സ്ഥാപിച്ചിരിക്കുന്നത്. ദളിത് വിഭാഗത്തിന്റെ വീടുകളിലാണ് ഇത്തരത്തിൽ ബോർഡുകൾ കൂടുതലായി സ്ഥാപിച്ചിരിക്കുന്നത്.