ദലിത് വിദ്യാര്‍ത്ഥികളെ നഗ്നരാക്കി കെട്ടിയിട്ട് മര്‍ദ്ദിച്ചു; രാജ്യത്തെ നാണംകെടുത്തി വീണ്ടും ദലിത് വേട്ട

ന്യൂഡല്‍ഹി :രാജസ്ഥാനില്‍ ദളിതരായ മൂന്ന് കുട്ടികളെ മേല്‍ജാതിക്കാര്‍ നഗ്‌നരാക്കിയശേഷം മരത്തില്‍ കെട്ടിയിട്ട് മര്‍ദിച്ചു. തുടര്‍ന്ന് പൊരിവെയിലില്‍ നിരത്തിലൂടെ നടത്തിച്ചു. രാജസ്ഥാനിലെ ചിത്തോര്‍ഗഡിലെ ബസ്സി താലൂക്കിലാണ് സംഭവം. ബൈക്ക് മോഷ്ടിച്ചെന്ന് ആരോപിച്ചായിരുന്നു മര്‍ദനം. ആര്‍എസ്എസ് സ്വാധീന സംസ്ഥാനങ്ങളില്‍ ദളിതര്‍ക്കെതിരായ അതിക്രമങ്ങള്‍ തുടരുന്നതിനിടെയാണ് രാജസ്ഥാനിലെ സംഭവം.

മൂന്ന് മണിക്കൂറോളം പീഡനം തുടര്‍ന്നു. 13നും 15നും ഇടയില്‍പ്രായമുള്ള കുട്ടികള്‍ തീര്‍ത്തും അവശരായ ശേഷമാണ് പൊലീസ് ആശുപത്രിയിലാക്കിയത്. ജനക്കൂട്ടം മര്‍ദനത്തില്‍ പങ്കാളികളായിട്ടും ആറുപേര്‍ക്കെതിരെ മാത്രമാണ് കേസ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നാടോടികളായ കഞ്ചാര്‍ ആദിവാസിവിഭാഗത്തില്‍ പെടുന്നവരാണ് മര്‍ദനമേറ്റ കുട്ടികള്‍. രാജസ്ഥാനിലെ സവര്‍ണര്‍ ജാതീയമായ ഭ്രഷ്ട് കല്‍പ്പിച്ചിട്ടുള്ള കഞ്ചാര്‍വിഭാഗക്കാരെ ഗ്രാമങ്ങളിലും പട്ടണങ്ങളിലും മറ്റ് വിഭാഗക്കാര്‍ക്കൊപ്പം താമസിക്കാന്‍ അനുവദിക്കാറില്ല. സാമൂഹികമായി ബഹിഷ്‌കൃതരായ ഇവര്‍ ജനവാസപ്രദേശങ്ങളില്‍നിന്ന് മാറി കുടില്‍കെട്ടി പാര്‍ക്കുകയാണ് പതിവ്.

നാലുമാസം മുമ്പ് മോഷണംപോയ ബൈക്ക് കുട്ടികള്‍ ഓടിക്കുന്നത് കണ്ടെന്ന് ആക്ഷേപിച്ചായിരുന്നു ശിക്ഷാവിധി. മരത്തില്‍ കെട്ടിയിട്ട് മര്‍ദിച്ചശേഷം കൈകള്‍ പിന്നിലേക്ക് കെട്ടി 42 ഡിഗ്രി സെല്‍ഷ്യസില്‍ ചുട്ടുപൊള്ളുന്ന മണലില്‍ കിടത്തി. അപ്പോഴും മര്‍ദനവും ചവിട്ടും തുടര്‍ന്നു. അവശരായ കുട്ടികളെ പിന്നീട് തെരുവിലൂടെ നഗ്‌നരായി നടത്തിച്ചു. മര്‍ദിക്കുമ്പോള്‍ പൊലീസ് ഇടപെട്ടില്ല. അവശരായി വീഴുന്ന ഘട്ടത്തിലാണ് പൊലീസ് ഇടപെട്ടത്. എന്നാല്‍, കുട്ടികള്‍ക്കെതിരെ കേസെടുക്കാനായിരുന്നു പൊലീസിന് താല്‍പ്പര്യം. ആദ്യം സ്റ്റേഷനിലെത്തിച്ച് കേസ് രജിസ്റ്റര്‍ ചെയ്ത ശേഷം മാത്രമാണ് ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റിയത്. ബൈക്ക് മോഷ്ടിച്ചുവെന്ന് കുട്ടികള്‍ സമ്മതിച്ചതായി പൊലീസ് പറഞ്ഞു.

മര്‍ദനത്തിന്റെ വീഡിയോദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കപ്പെട്ടതോടെ സംഭവം വിവാദമായി. പ്രതിപക്ഷ രാഷ്ട്രീയ പാര്‍ടികളും സാമൂഹികപ്രവര്‍ത്തകരും ശക്തമായി രംഗത്തുവന്നതോടെ മേല്‍ജാതിക്കാര്‍ക്കെതിരെയും കേസെടുക്കാന്‍ പൊലീസ് നിര്‍ബന്ധിതമായി. എന്നാല്‍, ആറുപേരെ മാത്രമാണ് പ്രതിചേര്‍ത്തത്. ദളിത് കുട്ടികള്‍ മര്‍ദിക്കപ്പെട്ടത് വലിയ വിവാദമായെങ്കിലും മുഖ്യമന്ത്രി വസുന്ധരരാജെ സിന്ധ്യയോ മറ്റ് ബിജെപി നേതാക്കളോ പ്രതികരിച്ചിട്ടില്ല.

Top