പാലക്കാട്: ദലിത് വിദ്യാര്‍ത്ഥിനികളുടെ മരണത്തില്‍ പോലീസ് കടുത്ത അലംഭാവം പുലര്‍ത്തിയതായി കൂടുതല്‍ തെളിവുകള്‍ പുറത്ത്. പട്ടികജാതിക്കാര്‍ക്ക് നേരെയുളള അതിക്രമങ്ങള്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ അടിയന്തിരമായി അന്വേഷണം നടത്തണമെന്നിരിക്കെ പതിനൊന്നു വയസുള്ള പെണ്‍കുട്ടിയുടെ മരണം ആത്മഹത്യയാക്കാനാണ് പോലീസ് തിരക്ക് പിടിച്ചത്. പാലക്കാട് ഡിവൈഎസ്പി പൂങ്കുഴലി ഐപിഎസിനുകീഴിലുള്ള സ്റ്റേഷന്‍ പരിധിയിലാണ് വാളയാര്‍. മൂത്ത പെണ്‍കുട്ടി പീഡനത്തിനിരയായതായും ശരിരത്തില്‍ മര്‍ദ്ദമേറ്റതിന്റെ പാടുകളും പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ടായിട്ടും ഇത് സംബന്ധിച്ച് അന്വേഷണം നടത്താതെ പോലീസ് ഗുരുതരമായ വീഴ്ച്ച വരുത്തി. തുടര്‍നടപടികള്‍ സ്വീകരിക്കുന്നതില്‍ അലംഭാവം കാണിച്ച് പൂങ്കുഴലി ഐപിഎസിനെതിരെ നടപടി വേണമെന്ന ആവശ്യവും ഉയര്‍ന്നുകഴിഞ്ഞു.
ലൈംഗീപീഡനവും കുട്ടിയും മരണം കൊലപാതകമാണെന്നുമുള്ള സാഹചര്യ തെളിവുകളുണ്ടായിട്ടും മാധ്യമങ്ങളോട് ആത്മഹത്യയാണെന്ന് തരത്തിലാണ് പോലീസ് ഉറച്ച് നിന്നത്. അമ്മയുടേയും ഡോക്ടറുടേയും മൊഴികളില്‍ ലൈംഗീക പീഡനത്തെ കുറിച്ച് പറയുന്നുണ്ടെങ്കിലും പോലീസ് അന്വേഷിക്കാത്തതും ദുരൂഹതയുണ്ട്. ഒരു യുവാവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യതതല്ലാതെ കൊലപാതക ശ്രമത്തില്‍ മറ്റൊരു നടപടികളും തുടര്‍ന്നുണ്ടായില്ല.
മൂത്ത പെണ്‍കുട്ടിയുടെ മരണം സംബന്ധിച്ച പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ ലൈംഗികചൂഷണ വിവരങ്ങള്‍ അറിഞ്ഞ ശേഷവും അന്വേഷണ ഉദ്യോഗസ്ഥര്‍ വീഴ്ച വരുത്തിയെന്നാണ് ആരോപണം. ദലിത് പീഡന നിരോധന നിയമവും പോലീസ് അട്ടിമറിയിക്കുകയായിരുന്നു. ദലിത് കുടുംബത്തിലെ പെണ്‍കുട്ടിയാണ് കൊലചെയ്യപ്പെട്ടതെന്ന കാര്യവും പോലീസ് മറച്ചുവച്ചു. ദലിത് പീഡന നിരോധന നിയമമനുസരിച്ച് അന്വേഷണം നടത്താന്‍ ഒന്നരമാസം വൈകിയെന്നത് തന്നെ ഗുരുതരമായ വീഴച്ചയാണ്. ഇന്നലെ വൈകീട്ട്മാത്രമാണ് കൊല്ലപ്പെട്ട വിദ്യാര്‍ത്ഥികള്‍ ദലിതരാണെന്ന് പോലീസ് വ്യക്തമാക്കിയത്.
പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ക്ക് ഇതുവരെ പോസ്റ്റമോര്‍ട്ടം റിപ്പോര്‍ട്ട് നല്‍കാനും പോലീസ് തയ്യാറായിട്ടില്ല. ആദ്യ അന്വേഷണം ഫലവത്തായിരുന്നെങ്കില്‍ രണ്ടാമത്തെ കുട്ടിയുടെ മരണം തടയാമായിരുന്നുവെന്ന അഭിപ്രായപ്രകടനമാണു വീടു സന്ദര്‍ശിച്ച സന്നദ്ധപ്രവര്‍ത്തകര്‍ക്കും ജനപ്രതിനിധികള്‍ക്കുമുള്ളത്.