ഉദ്ഘാടനത്തിന് മണിക്കൂറുകള്‍ക്ക് മുന്‍പ് ബീഹാറില്‍ ഡാം തകര്‍ന്നു. 389 കോടിയുടെ പദ്ധതിയാണ് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ഉദ്ഘാടനം ചെയ്യാന്‍ മണിക്കൂറുകള്‍ അവശേഷിക്കവെ തകര്‍ന്ന് സമീപ പ്രദേശങ്ങളെ വെള്ളത്തിലാക്കിയത്. ഗംഗ കനാല്‍ പ്രോജക്ടിന്റെ ഭാഗമായി പണിത അണക്കെട്ടാണ് തകര്‍ന്നത്. അപകടത്തെ തുടര്‍ന്ന് ഉദ്ഘാടന പരിപാടികള്‍ മാറ്റിവച്ചു. ചൊവ്വാഴ്ച്ച പത്രങ്ങളിലടക്കം പരസ്യം നല്‍കിയതിന് ശേഷം സാങ്കേതിക കാരണങ്ങളാല്‍ ഉദ്ഘാടനം മാറ്റിവെക്കുകയാണെന്ന് നിതീഷ് കുമാറിന്റെ ഓഫീസ് അറിയിച്ചിരുന്നു. ജലസേചന വകുപ്പ് മന്ത്രി രാജീവ് രഞ്ജനും പരിപാടിയില്‍ പങ്കെടുക്കുമെന്ന് പത്രങ്ങളില്‍ പരസ്യമുണ്ടായിരുന്നു.
ഗംഗ നദിയില്‍ നിന്നുള്ള വെള്ളം ശക്തിയായി അണക്കെട്ടില്‍ പതിച്ചപ്പോഴാണ് കനാലിന്റെ ഭിത്തി തകര്‍ന്നത്. ഉദ്ഘാടനത്തിന് മുന്‍പുള്ള പരീക്ഷണത്തിലായിരുന്നു അപകടം. ഭിത്തി തകര്‍ന്ന് വെള്ളം സമീപ ഗ്രാമത്തിലേക്കൊഴുകി നാശ നഷ്ടങ്ങളുണ്ടാക്കി. വെള്ളത്തിന്റെ ഒഴുക്ക് തടയാന്‍ പുഴിമണല്‍ നിറച്ച ചാക്കുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഉദ്ഘാടനത്തിന് മണിക്കൂറുകള്‍ക്ക് മുന്‍പ് അണക്കെട്ട് തകര്‍ന്നതിനെ വിമര്‍ശിച്ച് ലാലു പ്രസാദ് യാദവും, തേജസ്വി യാദവും രംഗത്തെത്തി. ഒരു അണക്കെട്ടു കൂടി അഴിമതിയ്ക്ക് ഇരയായെന്ന് ഇരുവരും ട്വീറ്റ് ചെയ്തു.
ഉദ്ഘാടനത്തിന് നിതീഷ് കുമാര്‍ എത്തുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് അണക്കെട്ട് തകര്‍ന്നു; വെള്ളത്തിലായത് ബീഹാര്‍ സര്‍ക്കാരിന്‍റെ 389 കോടി
Tags: dam crashes