ഊട്ടി:കുനൂർ ഹെലികോപ്ടർ അപകടത്തിൽ വ്യോമസേനയുടെ അന്വേഷണം തുടരുന്നു. ഹെലികോപ്റ്ററിന്റെ ഫ്ളൈറ്റ് ഡേറ്റ റെക്കോർഡർ കണ്ടെത്തി. വിംഗ് കമാൻറർ ഭരദ്വാജിൻറെ നേതൃത്വത്തിലാണ് അന്വേഷണം. വ്യോമസേന മേധാവി വി.ആർ. ചൗധരി അപകടസ്ഥലത്ത് എത്തി തകർന്ന ഹെലികോപ്റ്റർ പരിശോധിച്ചു.
ബുധനാഴ്ച ഉച്ചയ്ക്ക് 12:20ന് തമിഴ്നാട്ടിൽ ഊട്ടിക്കു സമീപം കൂനൂരിലെ കട്ടേരി ഫാമിനു സമീപത്തായാണ് അപകടം നടന്നത്. കനത്ത മൂടൽമഞ്ഞ് ആയിരുന്നതിനാൽ കോപ്റ്ററിന്റെ ചിറക് മരത്തിൽ ഇടിച്ച് അപകടം ഉണ്ടായതാകാമെന്നാണു പ്രാഥമിക നിഗമനം. താഴ്ന്നുപറന്ന ഹെലികോപ്റ്റർ മരത്തിൽ ഇടിച്ചതായി ദൃക്സാക്ഷികൾ പറഞ്ഞുവെന്നു റിപ്പോർട്ടുണ്ട്.
രാജ്യത്തെ പ്രഥമ സംയുക്തസൈനിക മേധാവി ജനറൽ ബിപിൻ റാവത്തുൾപ്പെടെ 13 പേരാണ് ഹെലികോപ്റ്റർ അപകടത്തിൽ മരിച്ചത്. ബുധനാഴ്ച ഉച്ചയ്ക്കാണ് കൂനൂർ കാട്ടേരിയിലെ നഞ്ചപ്പഛത്രത്ത് ഹെലികോപ്റ്റർ തകർന്നുവീണത്. രക്ഷപ്പെട്ട ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിംഗ് അതീവ ഗുരുതരാവസ്ഥയിൽ തുടരുകയാണ്.
അപകടത്തെക്കുറിച്ച് പ്രതിരോധമന്ത്രി രാജ്നാഥ് സിങ് വ്യാഴാഴ്ച പാർലമെന്റിൽ പ്രസ്താവന നടത്തും. വിവരമറിഞ്ഞ ഉടൻ പ്രതിരോധമന്ത്രിയുടെ അധ്യക്ഷതയിൽ പ്രതിരോധ മന്ത്രാലയത്തിൽ ഉന്നതതല യോഗം ചേർന്ന് അപകട വിവരങ്ങൾ വിലയിരുത്തിയിരുന്നു. അന്വേഷണം നടക്കുന്നതിനാൽ അപകട കാരണങ്ങൾ സംബന്ധിച്ച കാര്യങ്ങളിലേക്ക് പ്രതിരോധമന്ത്രി കടക്കാനിടിയില്ല.