ന്യൂഡല്‍ഹി: ആദ്യ ദിനത്തില്‍ അട്ടിമറി ജയവുമായി സോംദേവ് ദേവ്വര്‍മന്‍ ആഹ്‌ളാദിക്കാന്‍ വകനല്‍കിയതിന്റെ ആവേശത്തിലായിരുന്നു ഇന്ത്യ രണ്ടാം ദിനം ഡേവിസ് കപ്പ് വേള്‍ഡ് ഗ്രൂപ് പ്‌ളേഓഫില്‍ ചെക് റിപ്പബ്‌ളിക്കിനെതിരായ പോരിനിറങ്ങിയത്. പോരാട്ടം 1^1ന് സമനിലയില്‍ നില്‍ക്കെ വിശ്വസ്ത പോരാളികളായ ലിയാണ്ടര്‍ പേസും രോഹന്‍ ബൊപ്പണ്ണയും നിര്‍ണായക ജയം സമ്മാനിക്കുമെന്ന ഉറച്ച പ്രതീക്ഷകള്‍ക്ക് പക്ഷേ, അല്‍പായുസ്സായിപ്പോയി. ഇന്ത്യന്‍ ക്യാമ്പിനെ ഞെട്ടിപ്പിച്ച തോല്‍വിയുമായി തിരിച്ചുകയറാനായിരുന്നു പേസ്^ബൊപ്പണ്ണ ജോടിയുടെ വിധി.
ചെക്കിന്റെ റാഡെക് സ്റ്റെപനക്ആദം പവ്‌ലസെക് സഖ്യം 7^5, 6^2, 6^2 ന്റെ അപൂര്‍വ ജയവുമായാണ് ഇന്ത്യയെ പിന്നോട്ടടിച്ചത്. കഴിഞ്ഞ 15 വര്‍ഷത്തിനിടയില്‍ ഡേവിസ് കപ്പില്‍ പേസിന്റെ രണ്ടാമത്തെ മാത്രം തോല്‍വിയാണിത്. ആദ്യ തോല്‍വിയും ബൊപ്പണ്ണക്കൊപ്പമായിരുന്നു, 2012ല്‍ ഉസ്ബകിസ്താനെതിരെ അവരുടെ നാട്ടില്‍. 2000ത്തിനുശേഷം സ്വന്തം മണ്ണില്‍ പേസ് ഒരു ഡേവിസ് കപ്പ് പോരാട്ടം തോല്‍ക്കുന്നതും ആദ്യമായാണ്.
ഈ ജയത്തോടെ പ്‌ളേഓഫ് പോരാട്ടത്തില്‍ 2^1 എന്നനിലയില്‍ ചെക് മുന്നില്‍ കയറി. ഇതോടെ ഞായറാഴ്ച നടക്കുന്ന റിവേഴ്‌സ് സിംഗ്ള്‍സ് മത്സരങ്ങള്‍ ഇന്ത്യക്ക് നിര്‍ണായകമായി. സോംദേവും യൂകി ഭാംബ്രിയും കളത്തിലിറങ്ങുമ്പോള്‍ ഒരു തോല്‍വിപോലും വേള്‍ഡ് ഗ്രൂപ്പിലേക്കുള്ള ഇന്ത്യന്‍ പ്രയാണത്തിന് തടസ്സമാകും. യിരി വെസ്ലിയാണ് യൂകിയുടെ എതിരാളി. ലൂകാസ് റൊസലിനെ സോംദേവും നേരിടും.
യു.എസ് ഓപണ്‍ മിക്‌സഡ് ഡബ്ള്‍സ് ജയത്തിന് തൊട്ടുപിന്നാലെയാണ് വെറ്ററന്‍ താരം പേസ് ഡേവിസ് കപ്പ് പോരിനിറങ്ങിയത്. ഫേവറിറ്റുകളായി കളത്തിലത്തെിയ ഇന്ത്യന്‍ ടീമിന് പക്ഷേ ആദ്യം മുതല്‍ കാര്യങ്ങള്‍ പിഴച്ചു. ബൊപ്പണ്ണയായിരുന്നു ദുര്‍ബല കണ്ണി.