ഇന്ത്യ തേടുന്ന കൊടും കുറ്റവാളി ദാവൂദ് ഇബ്രാഹിം പാകിസ്താനിലെ കറാച്ചിയിൽ ഉണ്ടെന്ന് സ്ഥിരീകരണം. പ്രമുഖ വാര്‍ത്താ ചാനലാണ് ഇക്കാര്യം പുറത്ത് വിട്ടത്.
ദാവൂദുമായുള്ള സംഭാഷണവും ചാനല്‍ പുറത്ത് വിട്ടു. ശബ്ദം ദാവൂദിന്റേത് തന്നെയാണെന്ന് മുൻ റോ മേധാവി ഹോർമിസ് തരകൻ വ്യക്തമാക്കിയെന്നാണ് സൂചന.
പാകിസ്താൻ നമ്പറിൽ നിന്നാണ് ദാവൂദ് ഇബ്രാഹിം സംസാരിച്ചത്. ഇതോടെ ദാവൂദ് ഇബ്രാഹിം മരിച്ചു എന്ന പ്രചരണം തെറ്റാണെന്ന് തെളിഞ്ഞിരിക്കുകയാണ്.
ദാവൂദിന് ആരോഗ്യ പ്രശ്നങ്ങളില്ലെന്നും വെളിപ്പെടുന്നു. ഹൃദയാഘാതത്തെത്തുടര്‍ന്ന് അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിം ഗുരുതരാവസ്ഥയിലാണ് എന്നുള്ള റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു.
മുംബൈ സ്ഫോടന പരമ്പരയുടെ സൂത്രധാരനും അധോലോക കുറ്റവാളിയുമായ ദാവൂദ് ഇബ്രാഹിമിനെ കൈമാറണമെന്നാവശ്യപ്പെട്ട് ഇന്ത്യ പല തവണ പാക്കിസ്ഥാനെ സമീപിച്ചിരുന്നു.
എന്നാല്‍ ദാവൂദ് രാജ്യത്തില്ലെന്നാണ് പാക് നിലപാട്. ദാവൂദിന് എന്തെങ്കിലും സംഭവിച്ചാല്‍ തന്നെ പാകിസ്താൻ അക്കാര്യം വെളിപ്പെടുത്തില്ലെന്നാണ് ഇന്ത്യ കരുതുന്നത്.
മുംബൈ ആസ്ഥാനമാക്കി പ്രവർത്തിച്ചിരുന്ന അന്താരാഷ്ട്ര ക്രൈം സിൻഡിക്കേറ്റായ ഡി-കമ്പനിയുടെ തലവൻ ദാവൂദ് ഇബ്രാഹിം ആണ് മുംബൈ സ്ഫോടനങ്ങളുടെ സൂത്രധാരൻ.
ബാബറി സംഭവത്തിൽ മുസ്‍ലിങ്ങളെ കൊന്നതിന് പ്രതികാരമായാണ് ദാവൂദ് ഇബ്രാഹിമിന്റെ ഡി കമ്പനി മുംബൈ സ്ഫോടന പരമ്പര നടത്തിയതെന്നാണ് സിബിഐയുടെ നിഗമനം.