സ്വന്തം ലേഖകൻ
മുംബൈ: അധോലോക നേതാവ് ദാവൂദ് ഇബ്രാഹിമിന്റെ സഹോദരി പുത്രൻ നാർക്കോ ടെററിസത്തിന് യുഎസിന്റെ കസ്റ്റഡിയിലായി. ഭീകരവാദവുമായി ബന്ധപ്പെട്ട് അനധികൃതമായി മയക്കുമരുന്ന് വിൽപ്പന നടത്തുന്നതിനാണ് നാർക്കോടെററിസം എന്നു പറയുന്നത്. കൂടാതെ ഒരു വിദേശ ഭീകര സംഘടനയ്ക്ക് മിസെയിൽ ലോഞ്ചിങ്ങ് സംവിധാനം നൽകി സഹായിച്ചതിനുമാണ് സൊഹൈൽ ഹസ്‌ക്കർ(36)നെയും മറ്റ് രണ്ട് പാകിസ്ഥാൻകാരെയും യു എസ് ഡ്രഗ് എൻഫോഴ്‌സ്‌മെന്റ് അഡ്മിനിസ്‌ട്രേഷൻ അറസ്റ്റ് ചെയ്തത്. സ്‌പെയിൻ സർക്കാർ ഇവരെ യുഎസിന് കൈമാറിയ ശേഷമാണ് അറസ്റ്റ് നടന്നത്. എന്നാൽ കഴിഞ്ഞ വർഷം ഡിസംബറിൽ നടന്ന സംഭവം, അന്താരാഷ്ട്ര തലത്തിൽ ദാവൂദിന്റെ പ്രതിച്ഛായക്ക് മങ്ങലേൽക്കാതിരിക്കാൻ ദാവൂദിന്റെയും സുഹൃത്തുക്കളുടെയും ഇടപെടൽ മൂലം പുറത്തുവരാതിരിക്കുകയായിരുന്നു.
കുറ്റം തെളിയക്കപ്പെട്ടാൽ 25 വർഷം തടവു ലഭിക്കാവുന്ന കുറ്റമാണ് സൊഹൈൽ ചെയ്തിരിക്കുന്നത്. ദാവൂദിന്റെ മരിച്ചുപോയ ഇളയ സഹോദരി നൂറയുടെ മൂത്ത പുത്രനാണ് സൊഹൈൽ. മാൻഹട്ടൻ ഫെഡറൽ കോടതിയിൽ ഇയാൾക്കായി വാദിക്കാൻ അഭിഭാഷകനായ ടോ കെന്നിഫിനെ ദാവൂദ് ഏർപ്പെടുത്തിയിട്ടുണ്ട്. പാകിസ്ഥാനിൽ നിന്ന് യുഎസിലേക്കാണ് ഇയാൾ ഹെറോയിനും മറ്റ് മയക്കുമരുന്നുകളും കടത്തിയത്. തന്നെയോ മറ്റ് മുതിർന്നവരേയോ ഇടപാടുമായി ബന്ധപ്പെടുത്താതെ സൊഹൈൽ എടുത്തുചാട്ടം കാണിച്ചതിൽ ദാവൂദ് അസ്വസ്ഥനാണെന്ന് സംഘത്തിലെ മുതിർന്ന അംഗം പറയുന്നു. എന്ത് ചെയ്തും സൊഹൈലിനെ നിയമത്തിന്റെ പിടിയിൽ നിന്നും രക്ഷിക്കാൻ ശ്രമിക്കുമെന്നും അറിയുന്നു.
പീർസാദാ ഹമാദ് ചിസ്ത്തി, അബ്ദുൾ വഹാബ് ചിസ്ത്തി എന്നിവരാണ് സൊഹൈലിനൊപ്പം പിടിയിലായ പാകിസ്ഥാനികൾ. 2014 ജൂണിലാണ് യുഎസ് സർക്കാരിന്റെ അഭ്യർത്ഥനയെ തുടർന്ന് ഇവരെ സ്‌പെയിൻ അറസ്റ്റുചെയ്തത്. പിന്നീടിന് യുഎസിന് കൈമാറുകയായിരുന്നു.