
സ്വന്തം ലേഖകൻ
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പു തോൽവിയുടെ പശ്ചാത്തലത്തിൽ സംസ്ഥാന കോൺഗ്രസിൽ വൻ അഴിച്ചു പണിവരുന്നു. 14 ജില്ലകളിലെയും ഡിസിസി പ്രസിഡന്റുമാരെ മാറ്റുന്നതിനും, സമ്പൂർണ പരാജയം നേരിട്ട നാലു ജില്ലകളിലെ കമ്മിറ്റികൾ പിരിച്ചു വിടുന്നതിനുമാണ് ഇപ്പോൾ കോൺഗ്രസ് നേതൃത്വം തീരുമാനിച്ചിരിക്കുന്നത്. പരാജയത്തിന്റെ ഉത്തരവാദിത്വം നിഷ്ക്രിയമായ ജില്ലാ കോൺഗ്രസ് കമ്മിറ്റികൾക്കും ഉണ്ടെന്നും, ജില്ലാ തലത്തിലെ ഗ്രൂപ്പിസം പരാജയത്തിന്റെ ആക്കം കൂട്ടിയെന്നുമുള്ള കണ്ടെത്തലുകളെ തുടർന്നാണ് ഇപ്പോൾ കൂട്ടനടപടിക്കൊരുങ്ങുന്നത്.
കൊല്ലം, തൃശൂർ, കണ്ണൂർ, കോഴിക്കോട് ജില്ലകളിലെ ജില്ലാ കോൺഗ്രസ് കമ്മിറ്റികളാണ് പിരിച്ചു വിടാൻ തയ്യാറെടുക്കുന്നത്. സർക്കാരിന്റെ വികസന നേട്ടങ്ങൾ കൃത്യമായി ലക്ഷ്യത്തിൽ എത്തിക്കുന്നതിനും, സാധാരണക്കാരെ പാർട്ടിയുമായി അടുപ്പിക്കുന്നതിനും പല ജില്ലാ കോൺഗ്രസ് കമ്മിറ്റികൾക്കും കഴിഞ്ഞില്ലെന്ന ആരോപണമാണ് ഉയർന്നിരിക്കുന്നത്. ഇതേ തുടർന്നാണ് ഇപ്പോൾ വൻ അഴിച്ചു പണിക്കു കളമൊരുങ്ങുന്നത്.
പാർട്ടിക്കു സമ്പൂർണ പരാജയമുണ്ടായ നാലു ജില്ലകളിൽ കോൺഗ്രസ് ജില്ലാ നേതൃത്വത്തിലെ ഗ്രൂപ്പിസമാണ് ശക്തമായ വെല്ലുവിളി ഉയർത്തിയത്. സിറ്റിങ് സീറ്റായ കണ്ണൂരിൽ സതീശൻ പാച്ചേനി പോലും പരാജയപ്പെടാനിടയുണ്ടായ സാഹചര്യം ഗ്രൂപ്പിസമാണെന്ന വിലയിരുത്തലാണ് ഉള്ളത്. ഈ സാഹചര്യത്തിലാണ് ഹൈക്കമാൻഡ് ഇടപെട്ട് ശക്തമായ നടപടികൾക്ക് ഒരുങ്ങുന്നത്.