ആള്‍താമസമില്ലാത്ത അപാര്‍ട്ട്‌മെന്റിലെ ഫ്രീസറിനുള്ളില്‍ യുവതിയുടെ മൃതദേഹം; ഞെട്ടലോടെ അയല്‍വാസികളും പൊലീസും

മനാമ: കുവൈറ്റില്‍ ആള്‍താമസമില്ലാത്ത അപാര്‍ട്ട്‌മെന്റിലെ ഫ്രീസറില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി. ഫിലിപ്പൈന്‍സില്‍ നിന്ന് കുവൈറ്റില്‍ വീട്ടുജോലിക്കെത്തിയ യുവതിയുടേതാണ് മൃതദേഹം. 2016 നവംബര്‍ മുതല്‍ ഈ അപാര്‍ട്ട്‌മെന്റ് അടഞ്ഞു കിടക്കുകയായിരുന്നു. ഹവാലി പൊലീസ് സ്റ്റേഷനിലാണ് കൊലപാതക കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പൊലീസ് അന്വേഷണവും ആരംഭിച്ചു. ഒരു ലെബനീസ് പൗരനും അദ്ദേഹത്തിന്റെ സിറിയക്കാരിയായ ഭാര്യയുമാണ് അവസാനമായി ഇവിടെ താമസിച്ചിരുന്നത്. ഇവര്‍ കുവൈറ്റ് വിട്ടെങ്കിലും അപ്പാര്‍ട്ട്‌മെന്റ് അടഞ്ഞു കിടക്കുകയായിരുന്നു. കോടതി ഉത്തരവുമായി ഉടമസ്ഥന്‍ എത്തി അപ്പാര്‍ട്ട്‌മെന്റ് തുറന്നു പരിശോധിച്ചപ്പോഴാണ് ഫ്രീസറില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. ഒരു വര്‍ഷവും മൂന്ന് മാസവുമായി അടഞ്ഞുകിടക്കുന്ന അപാര്‍ട്ട്‌മെന്റിനുള്ളില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയത് അയല്‍വാസികളെയും പൊലീസിനെയും ഒരുപോലെ ഞെട്ടിച്ചിരിക്കുകയാണ്. നിരവധി കേസുകളില്‍ ഉള്‍പ്പെട്ടിരുന്ന ലെബനീസ് പൗരനും ഭാര്യയുമാണ് ഫ്‌ളാറ്റില്‍ താമസിച്ചിരുന്നതെന്ന് അന്വേഷണത്തില്‍ വ്യക്തമായി. വണ്ടിച്ചെക്ക് നല്‍കി പറ്റിച്ച കേസില്‍ ലെബനീസ് പൗരന്‍ 14 ദിവസം ജയില്‍ ശിക്ഷയും അനുഭവിച്ചിരുന്നു. കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സ്ത്രീയുടെ സ്‌പോണ്‍സര്‍ ലെബനീസ് പൗരനാണെന്നാണ് രേഖകള്‍ പറയുന്നത്. ഭാര്യയും ഭര്‍ത്താവും കുവൈറ്റ് വിട്ടുപോകുന്നതിന് രണ്ടു ദിവസം മുന്‍പ് വീട്ടുജോലിക്കാരിയായ ഫിലിപ്പൈന്‍ സ്ത്രീയെ കാണാനില്ലെന്ന് പരാതി നല്‍കിയിരുന്നു. തൊഴിലുടമകളുടെ പീഡനം മൂലം ഏതാനും ഫിലിപ്പിനോ ഗാര്‍ഹിക തൊഴിലാളികള്‍ ജീവനൊടുക്കിയതായി ഫിലിപ്പീന്‍സ് പ്രസിഡന്റ് റോഡ്രിഗോ ഡുതെര്‍ത് ആരോപിച്ചതിനു പിന്നാലെ, കുവൈത്തിലേക്ക് തൊഴിലാളികളെ അയയ്ക്കുന്നതു നിര്‍ത്തിവച്ചിരുന്നു. തൊഴിലുടമയുടെ പീഡനത്തെ തുടര്‍ന്ന് നാല് വനിതകള്‍ കുവൈത്തില്‍ ജീവനൊടുക്കി എന്നായിരുന്നു പ്രസിഡന്റ് ഡുതെര്‍ത് ആരോപിച്ചത്. ഇതിനു പിന്നാലെയാണ് പുതിയ വാര്‍ത്ത പുറത്തുവന്നിരിക്കുന്നത്.

Top