പരവൂര്‍: തുരുവനന്തപുരം പരവൂരില്‍ ചാക്കില്‍ കെട്ടി ഉപക്ഷേിച്ച നിലയില്‍ കണ്ടെത്തിയ മൃതദേഹാവശിഷ്ടം സ്ത്രീയുടേതല്ല. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒമാനില്‍ ഹൃദയാഘാതം മൂലം മരിച്ച പ്രവാസി കൊല്ലം കരിക്കോട് സ്വദേശി സോമന്‍ സുരലാലിന്റേതാണെന്ന് തിരിച്ചറിഞ്ഞു. പരവൂര്‍ തെക്കുംഭാഗം കാപ്പില്‍ ബീച്ചില്‍ ചാക്കില്‍ കെട്ടി ഉപേക്ഷിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
2003 ല്‍ ഒമാനില്‍ മരിച്ച സുരലാലിന്റെ മൃതദേഹം നാട്ടില്‍ കൊണ്ടുവന്ന് സംസ്‌കരിക്കുകയായിരുന്നു. കഴിഞ്ഞദിവസം ബന്ധുക്കള്‍ വീട് നിര്‍മ്മിക്കാന്‍ പുരയിടം വൃത്തിയാക്കുന്നതിനിടെ മൃതദേഹാവശിഷ്ടം പൊന്തി വന്നു. തുടര്‍ന്ന് ജോത്സ്യന്റെ നിര്‍ദ്ദേശപ്രകാരം അവശിഷ്ടം ചാക്കിലാക്കി തിങ്കളാഴ്ച രാത്രി കടലില്‍ ഒഴുക്കാന്‍ കൊണ്ടുവരികയും ഈ സമയം സമീപത്ത് ആളുകളെ കണ്ടതിനാല്‍ ചാക്ക് കെട്ട് കടല്‍തീരത്ത് ഉപേക്ഷിക്കുകയുമായിരുന്നു.
മാസങ്ങള്‍ പഴക്കമുള്ള ജീര്‍ണിച്ച മൃതദേഹം ചാക്കില്‍ കെട്ടി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത് ദുരൂഹത ഉണര്‍ത്തിയിരുന്നു. സംഭവം വാര്‍ത്തയായതോടെ ബന്ധുക്കള്‍ തന്നെയാണ് വിവരം പൊലീസിനോട് തുറന്നു പറഞ്ഞത്. ഇവര്‍ക്കെതിരെ മൃതദേഹത്തോട് അനാദരവ് കാട്ടിയതിന് പരവൂര്‍ പൊലീസം കേസെടുത്തു.
പൊലീസിന്റെ ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. പരവൂര്‍ പൊലീസ് മേല്‍നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹാവശിഷ്ടം പോസ്റ്റുമോര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സിറ്റി പൊലീസ് കമ്മിഷണര്‍ പി.കെ മധു, ചാത്തന്നൂര്‍ എ.സി.പി ജവഹര്‍ജനാര്‍ദ് തുടങ്ങിയവരും ഫോറന്‍സിക് വിദഗ്ദ്ധരും സ്ഥലത്തെത്തി പ്രാഥമിക അന്വേഷണം നടത്തി