മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ച സ്ത്രീയുടെ മൃതദേഹം മഹാരാഷ്ട്രയിലേക്കു കൊണ്ടുപോയത് കാലുകള്‍ മടക്കികെട്ടി കാറിന്റെ ഡിക്കിയില്‍. ആംബുലന്‍സിന് നല്‍കാന്‍ പണമില്ലാത്തതാണ് കാരണം. മൃതദേഹത്തോട് അനാദരവ് കാണിച്ചെന്ന് ആരോപണം ഉയരുകയാണ്. മൃതദേഹം നാട്ടിലെത്തിക്കാന്‍ സഹായത്തിനായി അധികൃതരെ സമീപിച്ചെങ്കിലും സഹായം ലഭിച്ചില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്.
കര്‍ണാടക ദാദര്‍ ജില്ലയിലെ വിടായി സ്വദേശി ചന്ദ്രകല (45) ആണു വെള്ളിയാഴ്ച ആശുപത്രിയില്‍ മരിച്ചത്. കോട്ടയ്ക്കലിലെ ആശുപത്രിയില്‍ കാന്‍സറിനു ചികിത്സ തേടി എത്തിയതായിരുന്നു ഇവര്‍. അസുഖം മൂര്‍ച്ഛിച്ചതോടെയാണ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മൃതദേഹം മഹാരാഷ്ട്രയിലെ ബന്ധുവീട്ടില്‍ എത്തിക്കാന്‍ വീട്ടുകാര് ആംബുലന്‍സ് ഡ്രൈവര്‍മാരെ സമീപിച്ചിരുന്നു. എന്നാല്‍ വാടക നല്‍കാന്‍ ശേഷിയില്ലാത്തതിനാല്‍ മടങ്ങി.
മൃതദേഹം കൊണ്ടുപോകാന്‍ നാട്ടില്‍നിന്ന് കാര്‍ വരുത്തി. വാഹനത്തിന് സംസ്ഥാന അതിര്‍ത്തിയില് ഹാജരാക്കാന്‍ പൊലീസ് സ്‌റ്റേഷനില്‍നിന്നു രേഖകള്‍ വാങ്ങുകയും ചെയ്തു. ശനിയാഴ്ച വൈകിട്ട് ആശുപത്രിയിലെ ശീതീകരണിയില്‍നിന്നു മൃതദേഹം ആംബുലന്‍സ് ഡ്രൈവര്‍മാരുടെ സഹായത്തോടെ വാഹനത്തിലേക്കു മാറ്റാന്‍ തുടങ്ങിയപ്പോള്‍, ഡിക്കിയില്‍ മൃതദേഹം കൊള്ളാന്‍ പാകത്തില്‍ കാലുകള്‍ മടക്കിവച്ചത് ശ്രദ്ധയില്‍പെട്ടു. ഇതോടെ ഇന്ധനച്ചെലവ് നല്‍കിയാല്‍ മതിയെന്ന് ആംബുലന്‍സ് ഡ്രൈവര്‍മാര്‍ അറിയിച്ചിരുന്നെന്ന് പറയുന്നു. മെഡിക്കല്‍ കോളജിലെ ആംബുലന്‍സ് ആവശ്യപ്പെട്ടിരുന്നില്ലെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്.
മൂന്ന് ദിവസം കഴിഞ്ഞി നാട്ടിലെത്തുമ്പോള്‍ മൃതദേഹം അഴുകി തുടങ്ങുമെന്നതും വിഷയത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു. ഉത്തരേന്ത്യയില്‍ സംഭവിക്കുന്നതുപോലെ കേരളത്തിലും മൃതദേഹത്തിനോട് അനാദരവ് കാണിക്കുന്ന സംഭവമുണ്ടായിട്ടും രാഷ്ട്രീയപാര്‍ട്ടികളും മറ്റു പൊതു പ്രവര്‍ത്തകരും അറിഞ്ഞ മട്ട് കാണിക്കുന്നില്ലെന്നും വിമര്‍ശനം ഉയരുന്നു.