ആലപ്പുഴ: മൃതദേഹങ്ങള്‍ കിട്ടാനില്ലാത്ത അവസ്ഥയില്‍ മെഡിക്കല്‍ കോളേജുകള്‍. സ്വകാര്യ മെഡിക്കല്‍ കോളേജുകളുടെ വര്‍ദ്ധനയാണ് മൃതദേഹങ്ങളുടെ ലഭ്യത കുറച്ചത്. അിതിനാല്‍ തന്നെ കിട്ടുന്ന മൃതദേഹങ്ങള്‍ക്ക് പൊന്നും വിലയാണ് ഈടാക്കുന്നത്. കുട്ടികളുടെ പഠനാവശ്യത്തിന് മൃതദേഹങ്ങളുടെ ആവശ്യം കൂടിയതാണ് മുഖ്യ കാരണം.
സംസ്ഥാനത്ത് എറണാകുളം ജനറല്‍ ആശുപത്രിയാണ് മൃതദേഹ വില്‍പ്പനയില്‍ മുന്നില്‍. 2011 മുതല്‍ ഇക്കൊല്ലം ജൂലായ് 31 വരെയുള്ള ആറരവര്‍ഷത്തിനിടെ 395 അജ്ഞാതമൃതദേഹങ്ങള്‍ ഇവിടെനിന്ന് വിറ്റു. എംബാം ചെയ്തതിന് 40,000 രൂപയും അല്ലാത്തവയ്ക്ക് 20,000 രൂപയുമാണ് വില. അസ്ഥികൂടത്തിന് 10,000 രൂപയും. ഇക്കാലയളവില്‍ മൃതദേഹം വിറ്റയിനത്തില്‍ 1.49 കോടി രൂപ ജനറല്‍ ആശുപത്രിക്ക് ലഭിച്ചു.
മൃതദേഹം വിറ്റതിലൂടെ ലഭിക്കുന്നതുക എങ്ങനെ ചെലവഴിക്കണമെന്ന കാര്യത്തില്‍ സര്‍ക്കാര്‍ നിര്‍ദേശങ്ങളൊന്നുമില്ല. മോര്‍ച്ചറി ആവശ്യങ്ങള്‍ക്കാണ് ഈ പണം ഉപയോഗിക്കുന്നതെന്ന് എറണാകുളം ജനറല്‍ ആശുപത്രി അധികൃതര്‍ പറഞ്ഞു.
2008 ഡിസംബര്‍ 12-ലെ ഉത്തരവനുസരിച്ചാണ് പഠനാവശ്യത്തിനായി സ്വകാര്യ മെഡിക്കല്‍ കോളേജുകള്‍ക്ക് മൃതദേഹങ്ങള്‍ നല്‍കുന്നത്. സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലും ആവശ്യം കഴിഞ്ഞ് അധികമുള്ള മൃതദേഹങ്ങള്‍ വില്‍ക്കുന്നുണ്ട്. 40,000 രൂപയാണ് ഇതിനും വില. വിവരാവകാശ പ്രവര്‍ത്തകന്‍ രാജു വാഴക്കാലയ്ക്ക് ലഭിച്ച മറുപടിയിലേതാണ് വിവരങ്ങള്‍.
എറണാകുളം ജനറല്‍ ആശുപത്രിയെ മൃതദേഹവില്‍പ്പനയില്‍ മുന്നിലെത്തിച്ചത് അനാഥര്‍ക്കായുള്ള വാര്‍ഡാണ്. മറ്റ് ആശുപത്രികളിലൊന്നും അനാഥരെ സംരക്ഷിക്കാറില്ല. ഏറ്റവുമധികം അനാഥര്‍ ചികിത്സക്കെത്തുന്നതും ഇവിടെയാണ്. ഇവരുടെ മൃതദേഹം ഏറ്റുവാങ്ങാന്‍ ആരുമെത്താറില്ല. അതുകൊണ്ടാണ് അപേക്ഷയനുസരിച്ച് വില്‍ക്കുന്നത്.
മെഡിക്കല്‍ കോളേജ് വിറ്റ മൃതദേഹങ്ങള്‍ വരുമാനത്തിന്റെ കണക്ക് ഇങ്ങനെയാണ്: തിരുവനന്തപുരം മെഡിക്കല്‍ കോളേജ് എട്ട് മൃതദേഹം – 3.2 ലക്ഷം, കോഴിക്കോട് 60 – 24 ലക്ഷം, തൃശ്ശൂര്‍ 80 – 32 ലക്ഷം, കോട്ടയം (2016-17) 15 – 6 ലക്ഷം