
മരിച്ച കൗമാരക്കാരൻ പുനർജനിക്കുമെന്ന മന്ത്രവാദിയുടെ നിർദ്ദേശത്തിൽ മൃതദേഹം വീട്ടില്‍ സൂക്ഷിച്ചത് മൂന്ന് ദിവസം. വയറുവേദനയെ തുടര്‍ന്ന് മരിച്ച കൗമാരക്കാരന്‍ തിരികെ വരുമെന്ന് ബാലന്റെ വീട്ടുകാരെ മന്ത്രവാദി വിശ്വസിപ്പിച്ചതിനെ തുടര്‍ന്നാണ് മൃതദേഹം സംസ്‌കരിക്കാതെ വീട്ടിൽ സൂക്ഷിച്ചത്. ജാര്‍ഖണ്ഡിലെ സിംദേഗ ജില്ലയിലാണ് സംഭവം. മുത്തശ്ശിക്കൊപ്പം താമസിച്ചിരുന്ന എട്ടാം ക്ലാസുകാരന് കഴിഞ്ഞ ആഴ്ച അനുഭവപ്പെട്ട വയറുവേദനയാണ് മരണത്തിൽ കലാശിച്ചത്. തുടര്‍ന്ന് ബാലനെ ആശുപത്രിയില്‍ കൊണ്ടു പോകുന്നതിന് പകരം മന്ത്രവാദിയുടെ അടുത്തേക്കാണ് മുത്തശ്ശി കൊണ്ടു പോയത്. ഇയാള്‍ കുട്ടിക്ക് ഏലസ് ജപിച്ചു നല്‍കി തിരികെ അയയ്ക്കുകയായിരുന്നു. ഇക്കഴിഞ്ഞ ബുധനാഴ്ച വയറു വേദന കൂടിയതിനെ തുടര്‍ന്ന് വീണ്ടും മന്ത്രവാദിയുടെ അടുത്ത് എത്തിച്ചു. എന്നാൽ കുട്ടിയില്‍ ബാധ കയറിയതാണ് വയറുവേദനയുടെ കാരണമെന്ന് ബന്ധുക്കളെ മന്ത്രവാദി പറഞ്ഞു ബോധിപ്പിച്ചു. ഇത് വിശ്വസിച്ച ബന്ധുക്കള്‍ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ തയ്യാറായില്ല. വ്യാഴാഴ്ചയോടെ കുട്ടിയുടെ ആരോഗ്യനില വഷളാകുകയും മരണം സംഭവിക്കുകയുമായിരുന്നു. എന്നാല്‍ കുട്ടിയുടെ മരണത്തിന് ശേഷവും പുനർജനിക്കുമെന്ന വാദവുമായി മന്ത്രവാദി ഉറച്ചു നിന്നു. മന്ത്രവാദിയുടെ വാക്കുകള്‍ വിശ്വസിച്ച ബന്ധുക്കള്‍ മൃതദേഹം സംസ്‌കരിക്കാതെ വീട്ടില്‍ തന്നെ സൂക്ഷിച്ചു. ഒടുവില്‍ ഗ്രാമമുഖ്യന്‍ ഇടപെട്ടതിനെ തുടര്‍ന്നാണ് കുട്ടിയുടെ മൃതദേഹം സംസ്‌കരിക്കാന്‍ ബന്ധുക്കള്‍ തയ്യാറായത്.