കൊല്‍ക്കത്ത: മക്‌ഡോണാള്‍ഡ്‌സ് ഔട്ട് ലെറ്റില്‍ നിന്നും വാങ്ങിയ ഫ്രെഞ്ച് ഫ്രൈസില്‍ ചത്തപല്ലി. 6 മാസം ഗര്‍ഭിണിയായ യുവതിക്കാണ് പല്ലിയെ കിട്ടിയത്. പ്രശ്‌നം ഒതുക്കിതീര്‍ക്കാന്‍ മക്‌ഡൊണാള്‍ഡ്‌സ് അധികൃതര്‍ ശ്രമിച്ചെങ്കിലും യുവതിയും കുടുംബവും പൊലീസില്‍ പരാതി നല്‍കി.
കൊല്‍ക്കത്തിയിലെ എഫ്എം ബൈപ്പാസിലെ മക്‌ഡൊണാള്‍ഡ്‌സ് ഔട്ട്‌ലെറ്റില്‍ നിന്നും ഭക്ഷണം കഴിക്കാനെത്തിയ പ്രിയങ്ക മൊയിത്രയ്ക്കും കുടുംബത്തിനുമാണ് ദുരനുഭവം ഉണ്ടായത്. മൂത്തമകളുടെ നാലാം ജന്മദിനം ആഘോഷിക്കുന്നതിനാണ് സകുടുംബം പ്രിയങ്ക റസ്റ്റോറന്റിലെത്തിയത്. ബര്‍ഗറിനൊപ്പം ലഭിച്ച ഫ്രഞ്ച് ഫ്രൈസിന്റെ പ്ലേറ്റിലാണ് ചത്ത പല്ലിയെ കണ്ടെത്തിയത്. എണ്ണയില്‍ മൊരിഞ്ഞ നിലയിലായിരുന്നു പല്ലി. ആറ് മാസം ഗര്‍ഭിണി കൂടിയായ പ്രിയങ്കയ്ക്ക് ഇതോടെ മനംപുരട്ടല്‍ ഉണ്ടാവുകയും ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെടുകയും ചെയ്തു. ഭക്ഷണം എടുത്ത് മാറ്റാനാണ് റസ്റ്റോറന്റ് അധികൃതര്‍ ആദ്യം ശ്രമിച്ചത്. പകരം ഭക്ഷണം വാഗ്ദാനം ചെയ്ത് പ്രശ്‌നം ഒതുക്കാനും ശ്രമം നടത്തി. റസ്റ്റോറന്റ് ജീവനക്കാരുടെ പെരുമാറ്റം വിചിത്രമായിരുന്നെന്ന് പ്രിയങ്ക പറഞ്ഞു.
പ്രിയങ്കയും കുടുംബവും ഫുല്‍ബാഗന്‍ പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി. അതേസമയം സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്നും പൊലീസ് അന്വേഷണവുമായി സഹകരിക്കുമെന്നും മക്‌ഡൊണാള്‍ഡ്‌സ് അധികൃതര്‍ വ്യക്തമാക്കി.