പട്ന : ഭർത്താവു കൊലപ്പെടുത്തിയെന്നു കരുതിയ യുവതി കാമുകനുമൊത്തു ജീവിക്കുന്നതായി തെളിഞ്ഞപ്പോൾ ഭർത്താവിന് ജയിൽ മോചനത്തിന് സാഹചര്യം ഒരുങ്ങുന്നു. കേസിൽ ശിക്ഷിക്കപ്പെട്ട ഭർത്താവു ജയിലിൽ കിടക്കുമ്പോഴാണു കാമുകനുമായി യുവതിയുടെ സുഖവാസം. പൊലീസ് അന്വേഷണത്തിന്റെ പ്രത്യേകതകളായിരുന്നു ഈ കേസിന്റെ സവിശേഷത.
2015 ലാണ് ബിഹാറിലെ മുസഫർപൂരിലെ പിങ്കി (25), മനോജ് ശർമയെ വിവാഹം കഴിച്ചത്. കുറച്ചുനാളുകൾക്കുശേഷം പിങ്കിയെ ദുരൂഹ സാഹചര്യത്തിൽ കാണാതായി. സ്ത്രീധനം ആവശ്യപ്പെട്ടു മകളെ ഭർത്താവു പീഡിപ്പിച്ചിരുന്നെന്നും കൊലപ്പെടുത്തിയതാണെന്നും കാണിച്ചു പിങ്കിയുടെ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകുകയും ചെയ്തു. പിങ്കി കൊല്ലപ്പെട്ടുവെന്ന പ്രചരണവും എത്തി. അന്വേഷണം നടക്കുന്നതിനിടെ സമീപപ്രദേശത്തു നിന്ന് അഴുകിയ നിലയില്‍ ഒരു മൃതദേഹം കണ്ടെത്തുകയും അതു പിങ്കിയുടേതാണെന്നു തിരിച്ചറിയുകയും ചെയ്തതോടെ മനോജിനെ പൊലീസ് അറസ്റ്റു ചെയ്തു. കോടതി തടവുശിക്ഷ വിധിച്ച് ഇയാളെ ജയിലില്‍ അടച്ചു.
മനോജ് ശർമയുടെ സുഹൃത്ത് കഴിഞ്ഞദിവസം മധ്യപ്രദേശിലെ ജബൽപുരിൽ പിങ്കിയെയും കാമുകനെയും കണ്ടതോടെയാണു കഥ മാറിയത്്. മനോജിന്റെ ബന്ധുക്കൾ ഉടൻ ജബൽപുരിലെത്തി പിങ്കിയാണെന്ന് ഉറപ്പിച്ചശേഷം പൊലീസിനെ അറിയിക്കുകയായിരുന്നു.
കസ്റ്റഡിയിലെടുത്ത ഇരുവരെയും പൊലീസ് ബിഹാറിലേക്കു കൊണ്ടുവന്നു. മയൂർ മാലിക്ക് എന്ന യുവാവുമായി പിങ്കി അടുപ്പത്തിലായിരുന്നെന്നും ഇയാളുമായിട്ടാണ് ഒളിച്ചോടിയെതെന്നും പൊലീസ് അറിയിച്ചു. മനോജിനെ കുറ്റവിമുക്തനാക്കാനുള്ള നടപടികൾ തുടങ്ങിയതായും പിങ്കിയുടെ മാതാപിതാക്കൾ ഉൾപ്പെടെയുള്ളവർക്കെതിരെ ക്രിമിനൽ ഗൂഢാലോചന ചുമത്തി കേസെടുക്കുമെന്നും പൊലീസ് വ്യക്തമാക്കി.