കോഴിക്കോട്: മരിച്ച സംസ്‌കരിച്ചയാൾ ജീവനോടെ കുടുംബത്തിന് മുന്നിൽ; അമ്പരന്ന് വീട്ടുകാരും നാട്ടുകാരും. കോഴിക്കോട് ഫറൂഖ് സ്വദേശി എൻ.സി ഹൈദരലിയുടെത് എന്ന് കരുതി ബന്ധുക്കൾ മൃതദേഹം സംസ്‌കരിച്ചതിന് പിന്നാലെയാണ് യഥാർത്ഥ ഹൈദരലി എത്തിയത്. അപ്പോൾ അടക്കം ചെയ്തത് ആരുടെ മൃതദേഹമാണെന്ന ആശയക്കുഴപ്പത്തിലാണ് നാട്ടുകാർ.
മെയ് 13-നാണ് മെഡിക്കൽ കോളേജിൽ നിന്നും ഹൈദരലിയുടെതെന്ന് കരുതിയ അജ്ഞാത മൃതദേഹം വീട്ടുകാർ ഏറ്റുവാങ്ങിയത്. തുടർന്ന് സംസ്‌കാര ചടങ്ങുകളും നടത്തി. റെയിൽവേ സ്റ്റേഷനടുത്ത് മരിച്ചു കിടന്നിരുന്നയാളുടെ മൃതദേഹമാണ് വീട്ടുകാർ ഏറ്റുവാങ്ങിയത്. മരിച്ചയാൾക്ക് ഹൈദരലിയുടെ മുഖച്ഛായ ഉണ്ടായിരുന്നതായും ബന്ധുക്കൾ പറയുന്നു. എന്നാൽ ഇതിനെല്ലാം ശേഷം സാക്ഷാൽ ഹൈദരാലി വീട്ടിൽ തിരിച്ചെത്തി. മെയ് 22നായിരുന്നു സംഭവം. ആദ്യം വീട്ടുകാർ അമ്പരന്നെങ്കിലും പിന്നീട് ഹൈദരലിയുടെ സംരക്ഷണം ഏറ്റെടുത്തു.
തെരുവിൽ അലഞ്ഞുതിരിയുന്ന സ്വഭാവമുള്ള ഹൈദരലി വർഷങ്ങളായി വീട്ടിൽ തങ്ങാറില്ല. സഹോദരിയും മക്കളും മാത്രമാണ് ബന്ധുക്കളായി ഉള്ളത്. തിരിച്ചെത്തിയ വിവരമറിഞ്ഞ് പോലീസ് ഹൈദരാലിയെ സംരക്ഷണ കേന്ദ്രത്തിൽ എത്തിച്ചു. തുടർച്ചയായ അലച്ചിൽ മൂലം ക്ഷീണിതനാണ് അദ്ദേഹം.
കാണാതായ ദിവസങ്ങളിൽ ജില്ലാ ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു എന്നാണ് ഹൈദരലി. പറയുന്നത്. ഇതുസംബന്ധിച്ച് കൂടുതൽ പരിശോധനകൾ വേണമെന്ന് പോലീസും പറയുന്നു. അതേസമയം ഹൈദരാലിയുടെതാണെന്ന് തെറ്റിദ്ധരിച്ച് സംസ്‌കരിച്ച മൃതദേഹം ആരുടേതെന്ന ആശയക്കുഴപ്പത്തിലാണ് പോലീസ്