സി​ഗ്നൽ ലഭിച്ച സ്ഥലത്ത് ജീവനില്ല!!തെരച്ചിൽ നാലാം ദിനത്തിൽ മുണ്ടക്കൈ ദുരന്തത്തിൽ മരണം 340 ; 206 പേരെ ഇനിയും കണ്ടെത്താനായില്ല.ഇന്നത്തെ ദൗത്യം അവസാനിപ്പിച്ച് ദൗത്യസംഘം

വയനാട്: വയനാട് മുണ്ടക്കൈ ഉരുള്‍പ്പൊട്ടലില്‍ മരണസംഖ്യ 340 ആയി. ഉരുള്‍പൊട്ടലുണ്ടായ വയനാട് മുണ്ടക്കൈയിൽ റഡാർ സി​ഗ്നൽ ലഭിച്ച സ്ഥലത്ത് നടത്തിയ പരിശോധനകൾ വിഫലം. ഇവിടെനിന്നും യാതൊന്നും കണ്ടെത്താൻ സാധിച്ചില്ല. തുടർന്ന് ദൗത്യസംഘം ഇന്നത്തെ ദൗത്യം അവസാനിപ്പിച്ചു.

റഡാര്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് മണ്ണിനടിയില്‍ നിന്നും ശ്വാസത്തിന്‍റെ സിഗ്നല്‍ ലഭിച്ചത്. മൃതദേഹങ്ങളും ശരീരാവശിഷ്ടങ്ങളും മാത്രം കണ്ടെടുത്തുകൊണ്ടിരുന്ന സാഹചര്യത്തിലാണ് തകർന്നു വീണ കെട്ടിടത്തിനകത്ത് എവിടെയോ ജീവന്റെ തുടിപ്പ് അവശേഷിക്കുന്നു എന്നൊരു സൂചന ലഭിച്ചത്. തുടർന്ന് രാത്രി വൈകിയും പരിശോധന നടത്താൻ രക്ഷാപ്രവർത്തകർ തീരുമാനിക്കുകയായിരുന്നു. ഫ്ലഡ് ലൈറ്റ് എത്തിച്ചായിരുന്നു പരിശോധന. എന്നാൽ 5 മണിക്കൂര്‍ നേരത്തെ തെരച്ചിലിനൊടുവില്‍ മനുഷ്യജീവന്റേതായ യാതൊന്നും കണ്ടെത്താൻ രക്ഷാപ്രവർത്തകർക്ക് സാധിച്ചില്ല

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇതുവരെ 206 മൃതദേഹങ്ങളും 134 ശരീരഭാഗങ്ങളുമാണ് ഇതുവരെ കണ്ടെടുത്തത്. 206 പേരെ ഇനിയും കണ്ടെത്താൻ ആയിട്ടില്ല. 116 മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് കൈമാറി. 130 ശരീര ഭാഗങ്ങളുടെ ഡിഎന്‍എ സാമ്പിളുകള്‍ ശേഖരിച്ചു. 86 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. ജില്ലയില്‍ 91 ദുരിതാശ്വാസ ക്യാമ്പുകളിലായി 9328 പേരാണ് കഴിയുന്നത്. മേപ്പാടിയില്‍ മാത്രം 10 ക്യാമ്പുകളിലുള്ളത് 1729 പേരാണ്. ഉരുള്‍പൊട്ടല്‍4 9 കുട്ടികള്‍ മരിക്കുകയോ കാണാതാവുകയോ ചെയ്തിട്ടുണ്ടെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

ഓരോ മലയാളിയുടെയും ഹൃദയം തകർത്ത മുണ്ടക്കൈ ദുരന്തത്തിൽ നാലാം ദിനവും തെരച്ചിൽ തുടരുകയാണ്. കരസേന തീർത്ത ബെയ്‌ലി പാലം സജ്ജമായതോടെ ഇന്ന് കൂടുതൽ മണ്ണുമാന്തി യന്ത്രങ്ങളും ഉപകരണങ്ങളും എത്തിച്ചു. പടവെട്ടിക്കുന്നിൽ വീട്ടിൽ ഒറ്റപ്പെട്ടു കഴിഞ്ഞിരുന്ന നാല് പേരെ സൈന്യവും ഫയർഫോഴ്‌സും ചേർന്ന് കണ്ടെത്തി രക്ഷിച്ചു. ദുരന്തത്തില്‍ മരിച്ചവരില്‍ അവകാശികൾ ഇല്ലാത്ത എല്ലാ മൃതദേഹവും തിരിച്ചറിയാത്ത ശരീര ഭാഗങ്ങളും പ്രോട്ടോകോൾ പാലിച്ച് സംസ്കരിക്കും. കല്‍പ്പറ്റ നഗരസഭ, വൈത്തിരി, മുട്ടില്‍, കണിയാമ്പറ്റ, പടിഞ്ഞാറത്തറ, തൊണ്ടര്‍നാട്, എടവക, മുള്ളന്‍കൊല്ലി ഗ്രാമ പഞ്ചായത്തുകളിലാണ് സംസ്‌കാരത്തിനുള്ള സൗകര്യം ഒരുക്കിയത്. തിരിച്ചറിയാന്‍ കഴിയാത്ത 74 മൃതശരീരങ്ങളാണ് മേപ്പാടി ഗ്രാമപഞ്ചായത്തിലെ വിവിധ സ്ഥലങ്ങളില്‍ സൂക്ഷിച്ചിട്ടുള്ളത്. മൃതദേഹങ്ങള്‍ ബന്ധപ്പെട്ട തദ്ദേശസ്ഥാപന സെക്രട്ടറിമാര്‍ക്ക് കൈമാറി നടപടികള്‍ പൂര്‍ത്തിയാക്കും. മൃതശരീരങ്ങളുടെ സൂക്ഷിപ്പ്, കൈമാറ്റം, സംസ്‌ക്കാരം എന്നിവക്ക് രജിസ്‌ട്രേഷന്‍ വകുപ്പ് ഐ.ജി ശ്രീധന്യ സുരേഷിനെ നോഡല്‍ ഓഫീസറായി ചുമതലപ്പെടുത്തിയിട്ടുണ്ട്.

ഉരുൾപൊട്ടൽ തുടങ്ങിയ ഇടം മുതൽ കോഴിക്കോട് ജില്ല വരെ ജലം ഒഴുകി ഇറങ്ങിയ സ്ഥലത്ത് മുഴുവൻ പൊലീസ് തിരച്ചിൽ നടത്തും. ഓരോ പൊലീസ് സ്റ്റേഷൻ കേന്ദ്രീകരിച്ച് ഫയർ ഫോഴ്സ്, ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാകും പരിശോധനയെന്ന് എഡിജിപി അജിത് കുമാർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. മുണ്ടക്കൈ ദുരന്തത്തില്‍ 49 കുട്ടികൾ മരണപ്പെടുകയോ കാണാതാവുകയോ ചെയ്തിട്ടുണ്ടെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. തകര്‍ന്ന സ്കൂളുകളുടെ അറ്റകുറ്റപ്പണികള്‍ എങ്ങനെ വേണമെന്നതില്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കുമെന്നും അദേഹം പറഞ്ഞു.

Top