രണ്ടുവയസുകാരനായ ആണ്‍കുട്ടിയെ മന്ത്രവാദത്തിനായി കൊലപ്പെടുത്തിയ സംഭവത്തില്‍ ദമ്പതികളുടെ വധശിക്ഷ സുപ്രീംകോടതി സ്‌റ്റേ ചെയ്തു.
ഛത്തീസ്ഗഡ് സ്വദേശികളായ ഈശ്വരി ലാല്‍ യാദവ് ഭാര്യ കിരണ്‍ ഭായ് എന്നിവരുടെ വധശിക്ഷയാണ് സ്‌റ്റേ ചെയ്തത്. ജസ്റ്റിസ് ദീപക് മിശ്ര അടങ്ങുന്ന ബെഞ്ച് കേസ് നവംബര്‍ 28ലേക്ക് മാറ്റി.
സംഭവത്തില്‍ ഛത്തീ്‌സ്ഗഡ് ഹൈക്കോടതി ഇരുവര്‍ക്കും വധശിക്ഷ നല്‍കിയതിനെതിരെയാണ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്.
കീഴ്‌ക്കോടതി രേഖകള്‍ ആവശ്യപ്പെട്ടതായി സുപ്രീംകോടതി വ്യക്തമാക്കി. അതുവരെ വധശിക്ഷയ്ക്ക് സ്‌റ്റേ നല്‍കി. അമിത്വ റോയ്, എഎം ഖാന്‍വില്‍ക്കര്‍, ദീപക് മിശ്ര തുടങ്ങിയവരടങ്ങിയ ബെഞ്ചിന്റെതാണ് വിധി.
2010 നവംബര്‍ 23നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ഛത്തീസ്ഗഡിലെ ഭിലായ് നഗര്‍ സ്വദേശിയായ പോഷന്‍ സിങ് രാജ്പുതിന്റെ രണ്ടുവയസുള്ള മകനെ കളിക്കുന്തിനിടെ കാണാതാവുകയായിരുന്നു.
കുട്ടിക്കുവേണ്ടിയുള്ള തിരച്ചിലിനിടയില്‍ അടുത്തവീട്ടില്‍ നിന്നും ഉയര്‍ന്ന ശബ്ദത്തിലുള്ള മ്യൂസിക് കേട്ടതോടെ അവിടെ പരിശോധന നടത്തുകയായിരുന്നു.
അവിടെനിന്നും കുട്ടിയുടെ ശരീരഭാഗങ്ങള്‍ കണ്ടെടുത്തു. മന്ത്രവാദത്തിനായി കുട്ടിയെ കൊലപ്പെടുത്തിയാണെന്ന് ഇവര്‍ പിന്നീട് സമ്മതിച്ചു. വിചാരണ കോടതിയും ഹൈക്കോടതിയും വധശിക്ഷ നല്‍കിയ കേസ് ആണ് ഇപ്പോള്‍ സുപ്രീംകോടതിയുടെ പരിഗണനയിലുള്ളത്.