
ആലപ്പുഴ: കവിതാ മോഷണത്തിന്റെ പേരില്‍ തന്നെ ഒറ്റപ്പെടുത്താന്‍ നില്‍ക്കുന്നവര്‍ എന്തുകൊണ്ട് ശ്രീചിത്രനെതിരെ പ്രതിഷേധിക്കുന്നില്ലെന്ന് ദീപ നിശാന്ത്. ആരോപണത്തെക്കുറിച്ചും വിവാദത്തെക്കുറിച്ചും നേരത്തെ തന്നെ നിലപാട് വ്യക്തമാക്കിയതാണ്. സ്ത്രീ ആയതിനാലാണ് ഇത്തരത്തില്‍ മാറ്റി നിര്‍ത്തുന്നതെങ്കില്‍ നിശബ്ദയാകാന്‍ ഉദ്ദേശമില്ലെന്നും ദീപ വ്യക്തമാക്കി. കലോത്സവ വേദിയില്‍ വിധികര്‍ത്താവായി എത്തിയ ദീപ നിശാന്തിനെതിരെ ആലപ്പുഴയില്‍ നടന്ന പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിലാണ് ദീപയുടെ പ്രതികരണം.
ഉപന്യാസ മത്സരത്തിന്റെ വിധി കര്‍ത്താവായാണ് ദീപ നിശാന്ത് എത്തിയത്. എന്നാല്‍ മൂല്യ നിര്‍ണയം നടക്കുന്ന വേദിയിലേക്ക് പ്രതിഷേധവുമായി എ.ബി.വി.പി പ്രവര്‍ത്തകരും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും എത്തുകയായിരുന്നു. തുടര്‍ന്ന് വേദി മാറ്റി പോലീസ് സംരക്ഷണയിലാണ് മൂല്യ നിര്‍ണയം നടത്തിയത്.