ബോളിവുഡിലും മലയാളത്തിലെ പോലെ വുമണ്‍ ഇന്‍ സിനമാ കളക്ടീവ് മാതൃകയില്‍ സംഘടന വേണമെന്ന് ബോളിവുഡ് താരം ദീപിക പദുകോണ്‍ . ഇന്‍ഡസ്ട്രിയില്‍ നല്ല പുരുഷന്‍മാരുണ്ടെന്നും ആണിനെതിരേ പെണ്‍ എന്ന അവസ്ഥ വരരുതെന്നും ആണുങ്ങളെ മാറ്റിനിര്‍ത്തിയാകരുത് ഈ വിഷയത്തില്‍ ചര്‍ച്ച നടക്കേണ്ടതെന്നും ദീപിക പദുകോണ്‍ അഭിപ്രായപ്പെട്ടു.
ആഗ്രഹിച്ച രീതിയില്‍ ഇതുവരെ ലിംഗസമത്വ നീക്കങ്ങള്‍ മുന്നേറിയിട്ടില്ലെന്നും ഇനിയും ഏറെ പോകാനുണ്ടെന്നും ദീപിക പദുകോണ്‍ പറഞ്ഞു. മീടു മൂവ്മെന്റ് പെട്ടെന്ന് ശക്തമായി വന്നെന്നും താരം ചൂണ്ടിക്കാട്ടി. പക്ഷേ, സമൂഹത്തില്‍ ആഴത്തില്‍ ഉറച്ചിരിക്കുന്ന ചില കാര്യങ്ങളും ശീലങ്ങളും പെട്ടെന്ന് മാറ്റിയെടുക്കാനാകില്ലെന്നും ദീപിക വ്യക്തമാക്കി.
മാധ്യമപ്രവര്‍ത്തക അനുരാധ സെന്‍ഗുപ്തയുമായി സംസാരിക്കവേയാണ് ദീപിക പദുകോണ്‍ ഡബ്ല്യുസിസിയെ പറ്റി അഭിപ്രായപ്രകടനം നടത്തിയത്. അതേസമയം ബോളിവുഡില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടി താനെണെന്ന് ദീപിക അഭിമുഖത്തില്‍ സമ്മതിച്ചു. പക്ഷേ, വലിയ പോരാട്ടത്തിലൂടെയാണ് ആ നിലയിലേക്ക് എത്തിയതെന്നും ഇഷ്ടപ്പെട്ട കഥകള്‍ കിട്ടാത്തതിനാലാണ് കഴിഞ്ഞ വര്‍ഷം ഒരു സിനിമയും ചെയ്യാതിരുന്നതെന്നും ദീപിക വെളിപ്പെടുത്തി.