190 കോടി രൂപ ചെലവഴിച്ചു നിര്‍മിച്ച സിനിമയാണ് ‘പത്മാവതി’. ചിത്രീകരണം തുടങ്ങും മുമ്പുതന്നെ മതഭ്രാന്തന്‍മാര്‍ ഈ സിനിമക്കെതിരെ ഭീഷണി മുഴക്കിയിരുന്നു. സംവിധായകനായ സഞ്ജയ് ലീലാ ബന്‍സിലാലിന്റേയും നായികനടിയായ ദീപികാ പദുക്കോണിന്റെയും തല അറുക്കുന്നവര്‍ക്ക് കോടികള്‍ പ്രഖ്യാപിക്കുകയുണ്ടായി.
അതൊന്നും അവര്‍ കാര്യമാക്കിയില്ല. എന്തുവില കൊടുത്തും ‘പത്മാവതി’ പൂര്‍ത്തിയാക്കുമെന്നു തീരുമാനിച്ചു. ഷൂട്ടിങ് സെറ്റുകള്‍ തകര്‍ത്തും സിനിമ നിരോധിച്ചും മതഭ്രാന്തന്‍മാര്‍ ആഘോഷിച്ചു. എത്ര ഭീഷണിപ്പെടുത്തിയാലും എന്തൊക്കെ നാശനഷ്ടങ്ങള്‍ വരുത്തിയാലും ‘പത്മാവതി’ പൂര്‍ത്തിയാക്കുമെന്ന് സഞ്ജയ് ലീലാ ബന്‍സാലി വെല്ലുവിളിച്ചു. ചരിത്രസിനിമയായതുകൊണ്ട് ‘പത്മാവതി’യായി അഭിനയിക്കുന്ന ദീപികാ പദുക്കോണിന്റെ വേഷവിതാനത്തിലും ആഭരണങ്ങളിലും വളരെയേറെ പ്രതേ്യകതകള്‍ ഉണ്ടായിരുന്നു. 600 വര്‍ഷങ്ങള്‍ക്കു മുമ്പുള്ള റാണിയുടെ രൂപം വാര്‍ത്തെടുക്കുന്നതിനും തന്‍മയത്വം കൈവരിക്കുന്നതിനുമായി ദീപികയില്‍ ഒരുപാട് പരീക്ഷണങ്ങള്‍ നടത്തി.
200 തൊഴിലാളികള്‍ 600 ദിവസം കഠിനാധ്വാനം ചെയ്താണ് 400 കിലോ സ്വര്‍ണം ഉപയോഗിച്ച് റാണിക്ക് വേണ്ടതായ ആഭരണങ്ങള്‍ നിര്‍മിച്ചത്. സാധാരണ ചരിത്രവേഷങ്ങളില്‍ അഭിനയിക്കുന്നവര്‍ കവറിങ് ഗോള്‍ഡാണ് ഉപയോഗിക്കുക, അതേസമയം റാണിക്കുവേണ്ടി ഒറിജിനല്‍ സ്വര്‍ണാഭരണം തന്നെ വേണമെന്നും എങ്കില്‍ മാത്രമെ അഭിനയം പൂര്‍ണമാക്കാന്‍ കഴിയൂ എന്നും സംവിധായകന്‍ വാദിച്ചു. അതനുസരിച്ചാണ് 400 കിലോ സ്വര്‍ണംകൊണ്ട് ആഭരണങ്ങള്‍ ഉണ്ടാക്കിയത്. അതുപോലെയായിരുന്നു റാണിയുടെ വര്‍ണാഭമായ വസ്ത്രങ്ങളും തുന്നിയെടുത്തത്. ഇതിനുവേണ്ടി ഡല്‍ഹിയിലെ നൂറില്‍പരം ടെയ്‌ലര്‍മാര്‍ ചേര്‍ന്ന് വര്‍ണാഭമായ വസ്ത്രങ്ങള്‍ തുന്നിയെടുത്തു.
റാണിയെ ഒറിജിനല്‍ റാണിയായി പ്രദര്‍ശിപ്പിക്കണമെന്ന നിര്‍ബന്ധംമൂലം കോടാനുകോടികളാണ് ‘പത്മാവതി’ക്ക് വേണ്ടി ചെലവഴിച്ചത്.
‘പത്മാവതി’ സെന്‍സറിങ്ങിന് പോകുന്നതിനു മുമ്പുതന്നെ സംവിധായകന്റെയും നായികനടിയുടേയും തലയറുക്കുന്നവര്‍ക്ക് മതഭ്രാന്തന്‍മാര്‍ പ്രഖ്യാപിച്ചത് 10 കോടി രൂപയായിരുന്നു. കമലഹാസന്‍, പ്രകാശ് രാജ് തുടങ്ങിയ നടന്‍മാരും 20ല്‍പരം സംഘടനകളും ഈ കാടത്തത്തിനെതിരെ പ്രതികരിച്ചു.