തന്റെ നഗരത്തില്‍ അപരിചിതനാണ് ഇപ്പോള്‍ അയാള്‍. 12 വര്‍ഷത്തിന് ശേഷം വീട്ടില്‍ തിരിച്ചെത്തിയ മുഹമ്മദ് ഹുസൈന്‍ ഫാസിലി തനിക്കും ചുറ്റുമുള്ള മാറ്റങ്ങളെ തിരിച്ചറിഞ്ഞുകൊണ്ടിരിക്കുന്നു.ബുച്പോരയെന്ന തന്റെ ജന്മനാട്ടിലെ വഴികളെ തിരിച്ചറിയാന്‍ ഇപ്പോള്‍ അവന് കഴിയുന്നില്ല. പക്ഷേ. ശ്രീനഗറിലെ 43കാരനായ ആ ഷാള്‍ നെയ്ത്തുകാരന്‍, തന്റെ മാതാപിതാക്കള്‍ക്ക് ജരാനരകള്‍ ബാധിച്ച വഴിയറിഞ്ഞ് ഇപ്പോള്‍ സ്തംഭിച്ച് നില്‍പ്പാണ്.
പക്ഷാഘാതം വന്ന് ഒരുഭാഗം തളര്‍ന്നുപോയിരിക്കുന്നു ഫാസിലിന്റെ ഉമ്മയ്ക്ക്. പിതാവാകട്ടെ ഹൃദയസംബന്ധമായ അസുഖങ്ങള്‍ ബാധിച്ച് അവശനും. 12 വര്‍ഷമാണ് ഡല്‍ഹിയിലെ അതീവസുരക്ഷയുള്ള തീഹാര്‍ ജയിലില്‍ നിസ്സഹായനായി അവന്‍ കഴിയേണ്ടിവന്നത്.
67 പേരുടെ മരണത്തിനും 200 ലധികം പേര്‍ക്ക് പരിക്കേല്‍ക്കാനും കാരണമായ 2005 ലെ ഡല്‍ഹി സ്ഫോടനകേസുകളില്‍ പ്രതിചേര്‍ക്കപ്പെട്ട് അറസ്റ്റിലായ ഫാസിലിയെ ഈ ഫെബ്രുവരി 16 നാണ് വെറുതെ വിട്ടുകൊണ്ടുള്ള കോടതിവിധി വന്നത്. ചെയ്യാത്ത തെറ്റാണ് ഞങ്ങളുടെ മേല്‍ ആരോപിക്കപ്പെട്ടത്. എന്റെ ജീവിതത്തില്‍ നഷ്ടപ്പെട്ട ആ 12 വര്‍ഷങ്ങളെ ആര് തിരിച്ചുതരും… എന്റെ മാതാപിതാക്കള്‍ അനുഭവിച്ച ദുരിതങ്ങള്‍ ആര്‍ക്കെങ്കിലും തിരിച്ചെടുക്കാന്‍ സാധിക്കുമോ?മാതാപിതാക്കളെ ചേര്‍ത്തുപിടിച്ചുകൊണ്ട് ഫാസിലി ചോദിക്കുന്നു. ജയില്‍മോചിതനായ ശേഷം ഡല്‍ഹിയില്‍ നിന്ന് ഇന്നലെയാണ് ഫാസിലി ശ്രീനഗറില്‍ എത്തിയത്.
അറസ്റ്റ് ചെയ്യപ്പെടുമ്പോള്‍ ഫാസിലിക്ക് ആകെ ഒരു അനന്തരവന്‍ മാത്രമാണ് ഉണ്ടായിരുന്നത്. പക്ഷേ അവന്‍ തിരിച്ചെത്തിയപ്പോഴേക്കും അവന്‍ മൂന്ന് സഹോദരന്മാരും വിവാഹിതരും രണ്ട് കുട്ടികളുടെ വീതം ഉപ്പമാരും ആയിരിക്കുന്നു. അന്ന്, ആ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ ഉമ്മമാരും, എന്റെ ഉമ്മയെപ്പോലെ നീറിനീറി അസുഖബാധിതരായിട്ടുണ്ടാകാം. പക്ഷേ, മറ്റുള്ളവരുടെ മക്കളെ പിടിച്ച് ജയിലില്‍ അടച്ചാല്‍ അതിന് പരിഹാരമാകുമോയെന്ന് ചോദിക്കുന്നു ഫാസിലി.
ഇപ്പോഴും 2005 നവംബറിലെ ആ തണുത്ത രാത്രി അവന് മറക്കാന്‍ സാധിക്കുന്നില്ല. രാത്രി നമസ്കാരത്തിന് ശേഷം പള്ളിയില്‍ നിന്ന് തിരിച്ചെത്തിയ ഷാള്‍ നെയ്യുകയായിരുന്നു. അപ്പോഴാണ് വാതിലില്‍ മുട്ടുകേട്ടത്. അത് അവനെ അന്വേഷിച്ചെത്തിയ പൊലീസ് സംഘമായിരുന്നു. ഇത്രയും വര്‍ഷത്തെ ജയില്‍വാസത്തിനിടെ ഒരിക്കല്‍ പോലും ഫാസിലിക്ക് തന്റെ മാതാപിതാക്കളെ നേരില്‍ കാണാന്‍ സാധിച്ചിട്ടില്ല. അതിനുള്ള പണം അവരുടെ കയ്യില്‍ ഇല്ലായിരുന്നു.
ഞാന്‍ ഗേറ്റ് കടന്ന് വീട്ടിലേക്ക് നടന്നുവരുന്നത് കണ്ടിട്ട് ഉമ്മ സന്തോഷത്താല്‍ അലറിവിളിക്കുകയായിരുന്നു. മൂന്ന് പേര്‍ ചേര്‍ന്നാണ് ഉമ്മയെ താങ്ങിപ്പിടിച്ചത്. സന്തോഷാധിക്യത്താല്‍ ഉമ്മാക്ക് വീണ്ടും സ്‍ട്രോക്ക് വരുമോയെന്ന് പോലും ഞങ്ങള്‍ ഭയന്നെന്ന് ഫാസിലി പറയുന്നു.മാതാപിതാക്കളുടെ സംരക്ഷണത്തിനും ചികിത്സയ്ക്കുമായി ഒരു ജോലിയാണ് ഇനി ഫാസിലിയുടെ മുന്നിലുള്ള ലക്ഷ്യം.