അജയ് മാക്കന്‍ മോശമായി പെരുമാറി.രാഹുല്‍ ഗാന്ധി ഇടപെട്ടില്ല;രാഹുല്‍ ഗാന്ധി പാര്‍ട്ടിയെ നയിക്കാന്‍ പ്രാപ്തനല്ല വനിതാ നേതാവ് രാജിവച്ചു

ന്യൂഡല്‍ഹി:പാര്‍ട്ടി ദേശീയ ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കും സംസ്ഥാന അധ്യക്ഷന്‍ അജയ് മാക്കനുമെതിരെ ആരോപണം ഉന്നയിച്ചശേഷം ഡല്‍ഹി മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തുനിന്നു പ്രമുഖ വനിതാ നേതാവ് ബര്‍ഖ ശുക്ല സിങ് രാജിവച്ചു. രാഹുല്‍ ഗാന്ധി നയിക്കുന്ന പാര്‍ട്ടി, സ്ത്രീകളെ വോട്ട് ശേഖരിക്കാന്‍ വേണ്ടി മാത്രമാണ് ഉപയോഗിക്കുന്നതെന്നും സ്ത്രീ ശാക്തീകരണത്തിനായി ഒന്നും ചെയ്യുന്നില്ലെന്നുമാണു ബര്‍ഖയുടെ ആരോപണം. ഡല്‍ഹി മുനിസിപ്പല്‍ തിരഞ്ഞെടുപ്പിനൊരുങ്ങുന്ന കോണ്‍ഗ്രസിനു കനത്ത തിരിച്ചടിയാണു ബര്‍ഖ സിങ്ങിന്റെ ആരോപണവും രാജിവയ്ക്കലും.

അജയ് മാക്കന്‍ തന്നോടും ഡല്‍ഹി മഹിളാ കോണ്‍ഗ്രസിലെ മറ്റുള്ളവരോടും മോശമായി പെരുമാറിയിട്ടുണ്ട്. ഇക്കാര്യം രാഹുല്‍ ഗാന്ധിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും നടപടിയുണ്ടായില്ല. മാക്കന്‍ തങ്ങളെ ആക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതിനെക്കുറിച്ചു പരാതിപ്പെട്ടപ്പോള്‍ രാഹുലിന്റെ ഓഫിസിലുള്ളയാള്‍ പറഞ്ഞതു വിഷയം അജയ് മാക്കനുമായി ചര്‍ച്ച ചെയ്യുമെന്നാണ്. രാഹുലിന്റെയും മാക്കന്റെയും നിലപാടു കാരണം അഞ്ച് ജില്ലാ പ്രസിഡന്റുമാരും 75 ബ്ലോക്ക് പ്രസിഡന്റുമാരും സംഘടനയില്‍നിന്നു വിട്ടുപോയി. ഇതില്‍ ഒരാള്‍ അജയ് മാക്കനെതിരെയും ശോഭ ഓസയ്ക്കെതിരെയും പരാതിപ്പെട്ടിട്ടുണ്ട്.
നിലവിലെ സംഘടനയില്‍ തനിക്കുതന്നെ സുരക്ഷിതത്വമില്ല, പിന്നെങ്ങനെ ആ സംഘടനയിലെ സ്ത്രീകളെ താന്‍ ശാക്തീകരിക്കും. അതിനാലാണ് അധ്യക്ഷ പദവിയില്‍നിന്നു രാജിവയ്ക്കുന്നത്.രാഹുല്‍ ഗാന്ധി പാര്‍ട്ടിയെ നയിക്കാന്‍ പ്രാപ്തനല്ല. ഇക്കാര്യം പല മുതിര്‍ന്ന നേതാക്കളും പറഞ്ഞിട്ടുണ്ട്. സ്വന്തം പാര്‍ട്ടിക്കാരെ കാണുന്നതില്‍നിന്ന് രാഹുല്‍ ആരെയാണ് പേടിക്കുന്നത്? എന്തിനാണ് രാഹുല്‍ ഗാന്ധി മറഞ്ഞിരിക്കുന്നത്? പാര്‍ട്ടിക്കകത്തു തന്നെയുള്ള പല കാര്യങ്ങളും അഭിമുഖീകരിക്കാന്‍ രാഹുല്‍ വിമുഖത കാണിക്കുന്നു. ചോദ്യങ്ങള്‍ ചോദിക്കുന്ന പാര്‍ട്ടി പ്രവര്‍ത്തകരെ നേരിടാന്‍ രാഹുല്‍ മടിക്കുന്നത് എന്തിനാണ്? പല മുതിര്‍ന്ന നേതാക്കളും പാര്‍ട്ടി വിട്ടുപോകുന്നത് ഈ കാരണത്തിലാണ്.താന്‍ എന്നും കോണ്‍ഗ്രസുകാരിയായിരിക്കും. ഇതുവരെ അങ്ങനെയായിരുന്നു. ഇനിയും അങ്ങനെയായിരിക്കും – ബര്‍ഖ കൂട്ടിച്ചേര്‍ത്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top