
ന്യൂഡല്‍ഹി: ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്‍റെ പരാജയത്തിന്‍റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഡല്‍ഹി പാര്‍ട്ടി ചുമതലയില്‍നിന്നും കോണ്‍ഗ്രസ് നേതാവ് പി.സി. ചാക്കോ രാജിവച്ചു. പിസിസി അധ്യക്ഷ സ്ഥാനം അജയ് മാക്കന്‍ രാജിവച്ചതിനു പിന്നാലെയാണ് പി.സി ചാക്കോയുടെ രാജിയും. ദേശീയനേതൃത്വത്തിന് അദ്ദേഹം രാജിക്കത്ത് കൈമാറി.
നിയമസഭാ, ലോക്സഭാ തെരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് കോണ്‍ഗ്രസിന്‍റെ പ്രകടനം മെച്ചപ്പെട്ടതാണെന്നും എന്നാല്‍ താന്‍ ഉദ്ദേശിച്ചപോലെയുള്ള വിജയം ലഭിച്ചില്ലെന്നും രാജി പ്രഖ്യാപിച്ച് മാക്കന്‍ പറഞ്ഞിരുന്നു. ഇതുവരെ പുറത്തുവന്ന ഡല്‍ഹിയിലെ മൂന്ന് മുന്‍സിപ്പല്‍ കോപറേഷനുകളിലെ 270 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്താണ്. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ കോണ്‍ഗ്രസ് കുറച്ചുകൂടി കാര്യക്ഷമമായി പ്രവര്‍ത്തിക്കണമായിരുന്നുവെന്ന് മുന്‍ മുഖ്യമന്ത്രി ഷീലാ ദീക്ഷിത് രാവിലെ വിമര്‍ശനം ഉന്നയിച്ചിരുന്നു.