
ന്യൂഡല്‍ഹി: മലയാളി വിദ്യാര്‍ത്ഥി രജതിന്റെ കൊലപാതകം അടക്കം ഡല്‍ഹിയില്‍ വിവിധ പ്രദേശങ്ങളില്‍ വര്‍ദ്ധിച്ചുവരുന്ന ക്രമസമാധാന പ്രശ്നങ്ങള്‍ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ.ആന്റണി പറഞ്ഞു. രജതിന്റെ കുടുംബത്തെ സന്ദര്‍ശിച്ച ശേഷം മാദ്ധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്നലെ രാവിലെയാണ് ആന്റണിയും ഭാര്യ എലിസബത്ത് ആന്റണിയും രജതിന്റെ മാതാപിതാക്കളെ സന്ദര്‍ശിച്ചത്.
അതിക്രൂരമായ നിലയിലാണ് കൊല നടത്തിയിരിക്കുന്നത്. പ്രതികളെ മുഖം നോക്കാതെ നിയമത്തിന് മുന്നില്‍ കൊണ്ടുവന്ന് കടുത്ത ശിക്ഷ നല്‍കണമെന്നും ആന്റണി ആവശ്യപ്പെട്ടു.ഡല്‍ഹിയില്‍ മലയാളി വിദ്യാര്‍ത്ഥി രജത് മേനോനെ അടിച്ചുകൊന്ന കേസിലെ പ്രധാന പ്രതി അലോകിനെ 14 ദിവസത്തേക്ക് കോടതി റിമാന്‍ഡ് ചെയ്തു. തനിക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന അലോകിന്റെ വാദം രേഖകള്‍ പരിശോധിച്ച് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് കഴിഞ്ഞദിവസം തള്ളിയിരുന്നു. ഇന്നലെ രാവിലെയാണ് പ്രതിയെ കര്‍ക്കര്‍ഡൂമ കോടതിയില്‍ ഹാജരാക്കിയത്.
രജതിന്റെ കൂടെയുണ്ടായിരുന്ന മലയാളികളായ രണ്ട് സുഹൃത്തുകളുടെ മൊഴി ഇന്നലെ രേഖപ്പെടുത്തി. മര്‍ദ്ദനത്തിലേക്ക് നയിച്ചതെന്താണെന്നാണ് പൊലീസ് ചോദിച്ചറിഞ്ഞത്. മോഷണം ആരോപിച്ചാണ് പാന്‍മസാല കടയുമടയുടെ മക്കള്‍ പിടിച്ചുനിറുത്തി ആക്രമിച്ചതെന്നാണ് സുഹൃത്തുക്കള്‍ മൊഴി നല്‍കിയിട്ടുള്ളത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ഡല്‍ഹി സ്വദേശിയായ കൂട്ടുക്കാരന്റെ മൊഴിയുംരേഖപ്പെടുത്തും. രജതിനൊപ്പം ഇവരെയും പ്രതികള്‍ മര്‍ദ്ദിച്ചിരുന്നു.
കൊല്ലപ്പെട്ട രജതിന്റെ ആന്തരികാവയവങ്ങള്‍ രാസപരിശോധനയ്ക്കായി രോഹണിയിലെ ലാബിലേക്ക് അയച്ചു.രജതിന്റെ സ്വകാര്യ ഭാഗത്ത് മര്‍ദ്ദനമേറ്റതായും ഇതാകാം മരണകാരണമെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്. എന്നാല്‍ ഇത് കാര്യമാക്കാത്ത പൊലീസ്, രാസപരിശോധന ഫലം വന്ന ശേഷമേ യഥാര്‍ത്ഥകാരണം വ്യക്തമാകൂ എന്ന നിലപാടിലാണ് .
അലോകിന്റെ പ്രായപൂര്‍ത്തിയാകാത്ത സഹോദരനും കേസില്‍ അറസ്റ്റിലായിട്ടുണ്ട്. 17 വയസുള്ള ഈ കുട്ടിക്കുറ്റവാളിയെ കുറ്റകൃത്യത്തിന്റെ ഗൗരവം കണക്കിലെടുത്ത് കോടതിയില്‍ വിചാരണ നടത്തണമെന്ന് രജതിന്റെ കുടുംബം ആവശ്യപ്പെട്ടു. അടുത്തിടെ ബാലനീതി അവകാശ നിയമത്തില്‍ കൊണ്ടുവന്ന ഭേദഗതി പ്രകാരം കൊലപാതകം, മാനഭംഗം, കൊള്ള തുടങ്ങിയ ഹീനമായ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്ന 16 വയസിന് മുകളിലുള്ള കുട്ടിക്കുറ്റവാളികളെ കോടതിയില്‍ വിചാരണ നടത്താം.
അലോകിന് പ്രായപൂര്‍ത്തിയായിട്ടുണ്ടെന്ന് തെളിയിക്കുന്നതിന് എല്ലിന്റെ പരിശോധന നടത്താനും പൊലീസ് ആലോചിക്കുന്നുണ്ട്.ഇതിനിടെ, അന്വേഷണം സംബന്ധിച്ച് ആശങ്കകള്‍ അറിയിക്കാന്‍ രജതിന്റെ കുടുംബം ഇന്നലെ ഈസ്റ്റ് ഡല്‍ഹി ഡെപ്യൂട്ടി കമ്മിഷണറെ കണ്ടു. കേസുമായി ബന്ധപ്പെട്ട് പൊലീസ് ഇതുവരെ തെളിവ് ശേഖരിക്കാത്തത് അടക്കമുള്ള കാര്യങ്ങള്‍ കുടുംബം കമ്മിഷണറെ അറിയിച്ചു.