ന്യൂഡല്‍ഹി: കോളിളക്കം സൃഷ്ടിച്ച ഡല്‍ഹി കൂട്ടബലാത്സംഗക്കേസില്‍ പ്രതികള്‍ നല്‍കിയ ഹര്‍ജിയില്‍ ആദ്യംമുതല്‍ വീണ്ടും വാദം കേള്‍ക്കാമെന്ന് സുപ്രീംകോടതി. വധശിക്ഷ വിധിച്ചതിനെതിരെയാണ് പ്രതികള്‍ ഹര്‍ജി നല്‍കിയത്. 2012 ഡിസംബര്‍ 16-ന് നടന്ന കൂട്ടബലാത്സംഗക്കേസിലെ നാല് പ്രതികളുടെ ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ നിര്‍ണായക തീരുമാനം. പ്രതികള്‍ക്ക് ശിക്ഷവിധിക്കുമ്പോള്‍ സ്വീകരിക്കേണ്ട നടപടിക്രമങ്ങള്‍ പാലിച്ചിട്ടില്ലെന്ന അമിക്കസ് ക്യൂറി രാജു രാമചന്ദ്രന്റെ വാദം കണക്കിലെടുത്താണ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് ആദ്യംമുതല്‍ വാദം കേള്‍ക്കാന്‍ തീരുമാനിച്ചത്. കുറ്റകൃത്യം അപൂര്‍വത്തില്‍ അപൂര്‍വമാണെന്ന് ചൂണ്ടിക്കാട്ടിക്കൊണ്ട് വിചാരണക്കോടതിയുടെ ശിക്ഷ ശരിവെച്ച ഹൈക്കോടതിയുടെ വിധിക്കെതിരെയാണ് പ്രതികള്‍ സുപ്രീംകോടതിയെ സമീപിച്ചത്.
ക്രിമിനല്‍ നടപടിച്ചട്ടങ്ങള്‍പ്രകാരം പ്രതികള്‍ക്ക് ശിക്ഷ വിധിക്കുമ്പോള്‍ പാലിക്കേണ്ട നടപടിക്രമങ്ങള്‍ പിന്തുടര്‍ന്നില്ലെന്ന് അമിക്കസ് ക്യൂറി വാദിച്ചു. ശിക്ഷവിധിക്കുംമുമ്പ് പ്രതികളില്‍ ഓരോരുത്തരെയും വിചാരണക്കോടതി കേള്‍ക്കണമെന്ന് സി.ആര്‍.പി.സി. 235-ല്‍ പറയുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇതേത്തുടര്‍ന്ന് പിഴവ് പരിഹരിക്കാന്‍ രണ്ട് വഴികളുണ്ടെന്ന് ജഡ്ജിമാരായ ആര്‍. ഭാനുമതി, അശോക് ഭൂഷണ്‍ എന്നിവരുള്‍പ്പെട്ട ബെഞ്ച് ചൂണ്ടിക്കാട്ടി. ഒന്നുകില്‍ ശിക്ഷസംബന്ധിച്ച പുതിയ ഉത്തരവിറക്കാന്‍ കേസ് വീണ്ടും വിചാരണക്കോടതിക്ക് വിടുക, അല്ലെങ്കില്‍ സുപ്രീംകോടതിയില്‍ത്തന്നെ പുതുതായി വാദം കേട്ടുതുടങ്ങുക. ഇതില്‍ രണ്ടാമത്തെ നടപടിയാകും അനുയോജ്യമെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.
അതിനാല്‍, രേഖകള്‍സഹിതം വീണ്ടും സത്യവാങ്മൂലം നല്‍കാന്‍ പ്രതികള്‍ക്ക് അനുമതി നല്‍കുകയാണെന്ന് ബെഞ്ച് വ്യക്തമാക്കി. തിഹാര്‍ ജയിലില്‍ കിടക്കുന്ന പ്രതികളെക്കണ്ട് സുപ്രീംകോടതിയുടെ പുതിയ ഉത്തരവ് അറിയിക്കാന്‍ അവരുടെ അഭിഭാഷകരായ എം.എല്‍. ശര്‍മ, എ.പി. സിങ് എന്നിവര്‍ക്ക് അനുമതിയും നല്‍കി. ഈമാസം 23-നകം സത്യവാങ്മൂലം സമര്‍പ്പിക്കണം. കേസില്‍ എന്നുമുതലാണ് പുതുതായി വാദം കേട്ടുതുടങ്ങേണ്ടതെന്ന് തിങ്കളാഴ്ച തീരുമാനിക്കും.
തെക്കന്‍ ഡല്‍ഹിയില്‍ ഓടുന്ന ബസില്‍വെച്ച് 23-കാരിയായ പാരാമെഡിക്കല്‍ വിദ്യാര്‍ഥിനിയെ ആറുപേര്‍ കൂട്ടബലാത്സംഗംചെയ്ത് ക്രൂരമായി ഉപദ്രവിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടി കുറച്ചുദിവസത്തിനകം സിങ്കപ്പൂരിലെ ആസ്?പത്രിയില്‍ മരിച്ചു. കേസിലെ പ്രതികളായ മുകേഷ് കുമാര്‍, പവന്‍, വിനയ് ശര്‍മ, അക്ഷയ് കുമാര്‍ സിങ് എന്നിവര്‍ക്കാണ് വിചാരണക്കോടതി വധശിക്ഷ വിധിച്ചത്. കേസിലെ പ്രതിയും ബസ് ഡ്രൈവറും മുകേഷിന്റെ സഹോദരനുമായ രാംസിങ് വിചാരണക്കാലയളവില്‍ ജയിലില്‍ തൂങ്ങിമരിച്ചു. കൗമാരക്കാരനായ മറ്റൊരുപ്രതി മൂന്നുവര്‍ഷത്തെ ശിക്ഷകഴിഞ്ഞ് പുറത്തിറങ്ങിയിരുന്നു.