ഇനി തിരുതയും കൊണ്ട് ഡൽഹിയ്ക്ക് പോകേണ്ട..! തിരുത കൊടുത്ത് സീറ്റ് തരപ്പെടുത്തുന്നത് അവസാനിപ്പിക്കുക; കെ.വി തോമസിനെതിരെ കടുത്ത പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ രംഗത്ത്

സ്വന്തം ലേഖകൻ
കൊച്ചി: തിരുത കൊടുത്ത് കൊച്ചി സീറ്റൊപ്പിക്കുന്ന കെ.വി തോമസിനെതിരെ കടുത്ത പ്രതിഷേധവുമായി യുവാക്കൾ രംഗത്ത്. കഴിവും കാര്യശേഷിയുമുള്ള യുവാക്കളെ തഴഞ്ഞ് എല്ലാ തവണയും സീറ്റ് ഒപ്പിക്കുന്ന പതിവ് പണി ഇക്കുറി വേണ്ടെന്ന ശക്തമായ താക്കീതാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കെ.വി തോമസിനു നൽകുന്നത്. ഈ ആവശ്യം ഉന്നയിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഹൈക്കമാൻഡിനെ സമീപിക്കുന്നതിനും തീരുമാനിച്ചിട്ടുണ്ട്. 22 വർഷം എംപിയും എട്ടു വർഷം എംഎൽഎയും കേന്ദ്രമന്ത്രിയുമായിരുന്ന 72 വയസുകാരനായ കെ.വി തോമസ് ആറു തവണയാണ് ലോക്‌സഭയിലേയ്ക്ക് മത്സരിച്ചത്. ഇതിൽ അഞ്ചു തവണയും ഇദ്ദേഹം വിജയം കണ്ടു. ഇക്കുറിയെങ്കിലും പുതുമുഖങ്ങൾക്കും യുവാക്കൾക്കുമായി കൊച്ചി സീറ്റ് വിട്ട് നൽകണമെന്ന ആവശ്യമാണ് യൂത്ത് കോൺഗ്രസിലെ പ്രബല വിഭാഗം ഉയർത്തുന്നത്. എന്നാൽ, എല്ലാവർഷവും ഉയരാറുള്ള ആവശ്യം പോലെ തന്നെ ഇതും ബധിരകർണ്ണങ്ങളിൽ പതിക്കുമോ എന്ന ആശങ്കയാണ് ഉയരുന്നത്.
വീണ്ടും ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരത്തിനൊരുങ്ങുന്ന മുതിർന്ന കോൺഗ്രസ് നേതാവ് കെ വി തോമസിനെതിരെയാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പ്രതിഷേധം ഉയരുന്നത്. യുവ തലമുറ ഹൈക്കമാൻഡിനും ഉന്നത നേതാക്കൾക്കും കെ.വി തോമസിന്റെ സ്ഥാനാർത്ഥിത്വത്തിനെതിരെ കത്ത് അയക്കുകയും ചെയ്തിട്ടുണ്ട്. അണുവിട വിട്ടുകൊടുക്കാതെ ഇത്തവണ കെ.വി തോമസിനെതിരെ രംഗത്ത് ഉണ്ടാകും എന്ന സൂചന തന്നെയാണ് പാർട്ടി പ്രവർത്തകരും യൂത്ത് കോൺഗ്രസ് പ്രവർത്തകരും നൽകുന്നതും.
കെ വി തോമസിനെ വീണ്ടും മത്സരിപ്പിക്കുന്നതിനെതിരെ കോൺഗ്രസ് ഹൈക്കമാന്റിനെ സമീപിച്ചിരിക്കുന്ന യുവ നേതാക്കൾ അദ്ദേഹത്തിനെതിരെ ചൂണ്ടിക്കാണിക്കുന്ന പ്രധാന കാര്യങ്ങൾ ഇവയാണ്. തോമസ് വീണ്ടും സീറ്റ് നൽകരുതെന്നും യുവാക്കൾക്ക് അവസരം നൽകണമെന്നുമാണ് ആവശ്യം. പാർട്ടിയിൽ യുവാക്കൾക്ക് അവസരങ്ങൾ ഇല്ലാതായി മാറുന്നത് ഇത്തരം നേതാക്കളുടെ നിലപാടുകളാണെന്ന് യുവനിര ചൂണ്ടിക്കാണിക്കുന്നു.
കെ വി തോമസിനെ വീണ്ടും മത്സരിപ്പിക്കാനുള്ള നീക്കത്തിനെതിരെ പാർട്ടിയിൽ വികാരം ശക്തമാണ്. എം പിയാണെങ്കിലും കേരളത്തിലെ പാർട്ടി പ്രവർത്തനങ്ങളിലോ പരിപാടികളിലോ അദ്ദേഹം സജീവമല്ലെന്നതാണ് മറ്റൊരു പ്രധാന ആരോപണം. അദ്ദേഹത്തിന് ലഭിച്ച സ്ഥാനമാനങ്ങൾ പാർട്ടിയുടെ  വളര്ച്ചയ്ക്ക്ക് ഗുണകരമായി മാറുന്നില്ലെന്ന ആക്ഷേപം കാലങ്ങളായി ഉയരുന്നുണ്ട്.
എറണാകുളത്തിന് പുറത്തെ പാർട്ടി പരിപാടികളിൽ കെ വി തോമസിന്റെത് നാമമാത്ര സാന്നിധ്യം മാത്രമാണ്. പാർട്ടിക്കോ പാർട്ടി സ്ഥാപനങ്ങൾക്കോ അദ്ദേഹം ഭരണത്തിലിരിക്കെ സാമ്പത്തിക സഹായങ്ങൾ ഉണ്ടായിട്ടില്ലെന്നതും പ്രധാന ആക്ഷേപം തന്നെ.
പാർട്ടി പരിപാടികളിൽ അദ്ദേഹം മുഖം കാണിക്കുന്നത് എറണാകുളത്ത് മാത്രമാണ്. രാഹുൽ ഗാന്ധിയോ സോണിയാ ഗാന്ധിയോ കേരളത്തിൽ വരുമ്പോഴും കെ വി തോമസ് രംഗത്തുണ്ടാകും. ചുരുക്കത്തിൽ കെ വിയ്ക്ക് ലഭിക്കുന്ന സ്ഥാനമാനങ്ങൾ പാർട്ടിക്ക് ഗുണപരമായി മാറുന്നില്ലെന്നാണ് പ്രധാന ആക്ഷേപം.
യുവ നേതാക്കളാണ് ഇതിനെതിരെ ഹൈക്കമാന്റിന് കത്ത് നൽകിയിരിക്കുന്നത്. പ്രധാന മന്ത്രി നരേന്ദ്ര മോഡിയെ പുകഴ്ത്തുന്ന തരത്തിൽ കഴിഞ്ഞ വർഷം അദ്ദേഹം നടത്തിയ പ്രസംഗം ദേശീയ തലത്തിൽ പാർട്ടിയെ സമ്മർദ്ദത്തിലാക്കിയിരുന്നു. ഇതെല്ലാ പരിഗണിച്ച് ഇക്കുറി എറണാകുളത്ത് യുവാക്കൾക്ക് അവസരം ഒരുക്ക്ണമെന്ന വാദമാണ് ഉയരുന്നത്.
Top