ന്യൂഡല്‍ഹി: അഞ്ഞൂറിന്റേയും ആയിരത്തിന്റേയും നോട്ടുകള്‍ നിരോധിച്ചതിനുശേഷമുള്ള നാലുമണിക്കൂര്‍ കള്ളപണക്കാര്‍ കോടികളുമായി നെട്ടോട്ടത്തിലായിരുന്നു. ഈ നാലുമണിക്കൂറിനിടെ പരമാവധി കള്ളപ്പണം ചെലവഴിച്ചുതീര്‍ക്കാനായിരുന്നു അത്തരക്കാരുടെ ശ്രമവും.
സര്‍ക്കാറിന്റെ അപ്രതീക്ഷിത നീക്കത്തെ എങ്ങനെ നേരിടുമെന്നറിയാതെ കുഴങ്ങിയ കള്ളപ്പണക്കാരില്‍ ഒട്ടേറെപ്പേര്‍ വിലപിടിപ്പുള്ള റോളക്സ് വാച്ചുകളും മറ്റും വാങ്ങി കുറേപണം ചെലവാക്കി. നികുതിവെട്ടിച്ച് സമാഹരിച്ച പണം കൂലിക്ക് ആളെനിര്‍ത്തി തുടര്‍ന്നുള്ള ദിവസങ്ങളില്‍ ബാങ്കുകളില്‍ക്കൊടുത്ത് മാറിയെടുത്തു. ഫാക്ടറി ഉടമകകളില്‍പലരും അവരുടെ ജീവനക്കാരെയാണ് ഇത്തരത്തില്‍ ക്യൂനിര്‍ത്താനായി ഉപയോഗിച്ചത്
റോളക്സ് പോലെയുള്ള വന്‍വിലയുള്ള വാച്ചുകള്‍ക്കും അന്നുരാത്രി ആവശ്യക്കാരേറെയായിരുന്നു. സ്വര്‍ണക്കടകകളുള്‍പ്പെടെ മിക്കവാറും ഷോപ്പുകള്‍ അന്നുപുലര്‍ച്ചെവരെ പ്രവര്‍ത്തിച്ചു. വന്‍തോതിലുള്ള കച്ചവടമാണ് ആ മണിക്കൂറുകലില്‍ നടന്നത്. അത്തരം അസ്വാഭാവിക കച്ചവടങ്ങളുടെ കണക്കുകള്‍ ആദായ നികുതി വകുപ്പ് പരിശോധിച്ചുകൊണ്ടിരിക്കുകയാണിപ്പോള്‍. വലിയ വിലയ്ക്ക് സ്വര്‍ണം വിറ്റ് സ്വര്‍ണക്കച്ചവടക്കാരും കോടികളുണ്ടാക്കി.
കള്ളപ്പണം നിക്ഷേപിക്കാന്‍ അക്കൗണ്ടുകള്‍ വിട്ടുകൊടുത്താണ് മറ്റുപലരും ലാഭമുണ്ടാക്കിയത്. ജന്‍ ധന്‍ പോലുള്ള അക്കൗണ്ടുകളിലേക്ക് നിമിഷനേരം കൊണ്ട് ല്ക്ഷങ്ങള്‍ ഒഴുകിയെത്തി. വലിയ നിക്ഷേപങ്ങള്‍ സമയം പോലെ പുതിയ നോട്ടുകളാക്കി നല്‍കാമെന്ന കരാറിലാണ് ഇത്തരത്തില്‍ അക്കൗണ്ടുകളിലേക്ക് പണം ഒഴുകിയെത്തിയത്. ഇതുമിപ്പോള്‍ നികുതി വകുപ്പിന്റെ അന്വേഷണത്തിലാണ്.
യാത്രകള്‍ക്കായി ടിക്കറ്റ് ബുക്ക് ചെയ്യുകയായിരുന്നു മറ്റൊരു മാര്‍ഗം. വിദേശത്തേയയ്ക്കും സ്വദേശത്തേയ്ക്കും യാത്രചെയ്യാനായി ടിക്കറ്റ് ബുക്ക് ചെയ്തവരേറെ. വലിയ തുകയ്ക്ക് റെയില്‍വേ ടിക്കറ്റുകള്‍ എടുത്ത് അവ പിന്നീട് ക്യാന്‍സല്‍ ചെയ്യുകയെന്ന തന്ത്രം പരീക്ഷിച്ചവരും ഏറെ. എന്നാല്‍, ഈ തന്ത്രങ്ങളൊക്കെ വൈകാതെ പിടിക്കപ്പെട്ടുവെന്നത് വേറെ കാര്യം.