ന്യൂഡല്‍ഹി: നോട്ട് നിരോധനത്തിന്റെ പ്രതിസന്ധികളില്‍ നട്ടം തിരിഞ്ഞ് ജനംവലയുമ്പോളും മറുപടിയില്ലാതെ റിസര്‍വ്വ് ബങ്കും കേന്ദ്രസര്‍ക്കാരും. വിവാഹ ആവശ്യത്തിനും ചികിത്സക്കുമായി ആവശ്യത്തിന് പണം പിന്‍വലിക്കാന്‍ സര്‍ക്കാര്‍ ഇളവുകള്‍ പ്രഖ്യാപിച്ചെങ്കിലും ഇതിനിടയിലുള്ള നിയന്ത്രണങ്ങള്‍ ജനങ്ങളെ വലയ്ക്കുകയാണ്.
ഡിസംബര്‍ 31 ന് എല്ലാം ശരിയാകുമെന്ന പ്രതീക്ഷയിലായിരുന്നു ഇളവുകള്‍ നല്‍കിയത്. എന്നാല്‍
31 കഴിഞ്ഞതോടെ ഈ ഇളവുകള്‍ ഇല്ലാതായി. അതിനാല്‍ വിവാഹാവശ്യത്തിന്റെ പേരില്‍ ഇനി കൂടുതല്‍ പണം ബാങ്കില്‍ നിന്ന് പിന്‍വലിക്കാനാവില്ല.
നോട്ടുകള്‍ പിന്‍വലിച്ചതിനു ശേഷം, വിവാഹാവശ്യത്തിനായി ഒരു കുടുംബത്തിന് രണ്ടര ലക്ഷം രൂപ വരെ ബാങ്കില്‍ നിന്ന് പിന്‍വലിക്കാന്‍ റിസര്‍വ് ബാങ്ക് അനുമതി നല്‍കിയിരുന്നു. എന്നാല്‍ ഡിസംബര്‍ 30 വരെയുള്ള വിവാഹങ്ങള്‍ക്കാണ് ഈ സൗകര്യം നല്‍കിയിരുന്നത്. ഇതു സംബന്ധിച്ച ഉത്തരവില്‍, ഡിസംബര്‍ 30 വരെയുള്ള വിവാഹങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്‍കി കൂടുതല്‍ പണം നല്‍കാനാണ് നിര്‍ദേശിച്ചിട്ടുള്ളത്. എന്നാല്‍ അതിന് ശേഷമുള്ള വിവാഹങ്ങളെക്കുറിച്ച് ഉത്തരവില്‍ ഒന്നും പറയുന്നില്ല. ഇതിനായി പ്രത്യേക ഉത്തരവുകളൊന്നും ഇറങ്ങിയിട്ടുമില്ല. അതുകൊണ്ട് തന്നെ വിവാഹ ആവശ്യത്തിന് പോലും 4,500 രൂപയിലധികം ഒരു ദിവസം ബാങ്കില്‍ നിന്ന് പിന്‍വലിക്കാനാകുന്നില്ല.
ഇതുമൂലം ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ വിവാഹം നിശ്ചയിച്ചിട്ടുള്ള കുടുംബങ്ങള്‍ ഇതുമൂലം വലയുകയാണ്. പുതിയ ഉത്തരവ് ഇറങ്ങാത്തതിനാല്‍ വിവാഹാവശ്യത്തിന് പ്രത്യേക പരിഗണന നല്‍കാനാവില്ലെന്നാണ് ബാങ്കുകളുടെ നിലപാട്. ഏതാവശ്യമായാലും ആഴ്ചയില്‍ 24,000 രൂപ മാത്രമേ പിന്‍വലിക്കാനാവൂ. ബാങ്കുകള്‍ ഈ നിലപാട് തുടര്‍ന്നാല്‍, വിവാഹാവശ്യക്കാര്‍ കുഴയുകയാണ്. സ്വര്‍ണം വാങ്ങാനോ മറ്റ് ചെലവുകള്‍ നിര്‍വഹിക്കാനോ കഴിയാത്ത അവസ്ഥയാണുള്ളത്. ഇക്കാര്യത്തില്‍ റിസര്‍വ് ബാങ്കിന്റെ പുതിയ ഉത്തരവുണ്ടായില്ലെങ്കില്‍ വിവാഹക്കാരുടെ പ്രശ്‌നം പരിഹരിക്കാനാവില്ലെന്ന് ബാങ്കുകളും പറയുന്നു.