ന്യൂഡല്‍ഹി: അസാധുവാക്കപ്പെട്ട 500, 1000 രൂപയുടെ നോട്ടുകള്‍ ബാങ്കുകളില്‍ നിക്ഷേപിക്കുമ്പോള്‍ നികുതി ഇളവ് ലഭിക്കില്ലെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി. അക്കൗണ്ടുകളില്‍ നിക്ഷേപിക്കപ്പെടുന്ന തുകയ്ക്ക് നിലവിലുള്ള നികുതി വ്യവസ്ഥകള്‍ ബാധകമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇങ്ങനെ നിക്ഷേപിക്കുമ്പോള്‍ പണത്തിന്റെ ഉറവിടം വെളിപ്പെടുത്തേണ്ടിവരും. കൈയിലുള്ള 500,1000 രൂപ നോട്ടുകള്‍ നിയമപരമായി സമ്പാദിച്ചതാണെങ്കില്‍ പേടിക്കേണ്ടതില്ല. ബാങ്കുകളില്‍നിന്ന് പിന്‍വലിച്ചതോ നിക്ഷേപം നടത്തിയതോ ആയ തുകയാണെങ്കില്‍ അവയ്ക്ക് നഷ്ടം സംഭവിക്കില്ലെന്ന് ജെയ്റ്റ്ലി പറഞ്ഞു.
കൈക്കൂലിയായോ കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ട് സമ്പാദിച്ചതോ മറ്റേതെങ്കിലും നിയമവിരുദ്ധ മാര്‍ഗ്ഗങ്ങളിലൂടെ നേടിയതോ ആയ പണമാണെങ്കില്‍ ഇതിന്റെ ഉറവിടം വെളിപ്പെടുത്തേണ്ടിവരുമ്പോള്‍ പ്രശ്നങ്ങളുണ്ടാകാം. എന്നാല്‍ വീട്ടമ്മമാരും കര്‍ഷകരും മറ്റും സൂക്ഷിച്ചുവച്ച നോട്ടുകളുടെ കാര്യത്തില്‍ ഇത്തരം പ്രശ്നങ്ങളുണ്ടാവില്ലെന്നും മന്ത്രി വ്യക്തമാക്കി.
25,000 മുതല്‍ 50,000 വരെയുള്ള തുകകള്‍ സാധാരണ വീട്ടാവശ്യങ്ങള്‍ക്കായി കരുതിയ തുകയായി കണക്കാക്കി അവയെ ഇത്തരം പ്രശ്നങ്ങളില്‍നിന്ന് ഒഴിവാക്കും. ഇത്തരം പണം നിക്ഷേപിക്കുന്നവര്‍ക്കും ഭയപ്പെടാനില്ല.
ആദ്യത്തെ ഒന്നോ രണ്ടോ ആഴ്ചകളില്‍ കുറഞ്ഞ തുകയുടെ നോട്ടുകളേ മാറ്റിയെടുക്കാന്‍ സാധിക്കൂ. എന്നാല്‍ അതിനു ശേഷം മാറ്റിയെടുക്കാവുന്ന തുക വര്‍ദ്ധിപ്പിക്കും. കൂടുതല്‍ പുതിയ കറന്‍സികള്‍ വിപണിയിലെത്തുന്നതോടെ നോട്ടുകള്‍ മാറ്റിയെടുക്കല്‍ ആയാസരഹിതമാകുമെന്നും മന്ത്രി വ്യക്തമാക്കി.
നോട്ടുകള്‍ പിന്‍വലിക്കാനുള്ള പുതിയ നീക്കം കൂടുതല്‍ പേരെ ഡിജിറ്റല്‍ ഇടപാടുകളിലേയ്ക്ക് ആകര്‍ഷിക്കും. കൂടുതല്‍ പേര്‍ നികുതി വെളിപ്പെടുത്താന്‍ മുന്നോട്ടുവരും. ആദ്യത്തെ ഏതാനും ആഴ്ചകളില്‍ ജനങ്ങള്‍ക്ക് അല്‍പം ബുദ്ധിമുട്ട് ഉണ്ടായേക്കാമെന്നും കള്ളപ്പണത്തില്‍നിന്ന് രാജ്യത്തന്റെ സമ്പദ് വ്യവസ്ഥയെ രക്ഷിക്കുന്നതിനാണ് ഇതെന്നും ജനങ്ങള്‍ സഹകരിക്കണമെന്നും ജെയ്റ്റ്ലി പറഞ്ഞു.