![](https://dailyindianherald.com/wp-content/uploads/2016/05/trip-1.jpg)
സ്വന്തം ലേഖകൻ
സ്ത്രീകളുടെ ആരാധനാ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടുന്ന സാമൂഹ്യ പ്രവർത്തക തൃപ്തി ദേശായി മുംബൈയിലെ പ്രമുഖ ഇസഌമിക കേന്ദ്രമായ ഹാജി അലി ദർഗയിൽ പ്രവേശിച്ചു. അഞ്ചു വർഷമായി സ്ത്രീകൾക്ക് ദർഗയിലെ ഭരണാധികാരികൾ വെച്ചിരുന്ന വിലക്ക് മറികടന്ന് വ്യാഴാഴ്ച രാവിലെ ആറു മണിയോടെ തൃപ്തിയും സംഘവും ദർഗയിൽ പ്രവേശിക്കുകയായിരുന്നു.
സ്ത്രീകൾക്ക് നിരോധനമുള്ള ഹിന്ദുമുസഌം ആരാധനാകേന്ദ്രങ്ങൾക്കെതിരേ നിയമ പോരാട്ടത്തിലൂടെ സ്വാതന്ത്ര്യം വാങ്ങിയ തൃപ്തി നേരത്തേ സ്ത്രീകൾക്ക് കടുത്ത നിയന്ത്രണമുള്ള മഹാരാഷ്ട്രയിലെ ഷാനി ഷിംഗ്‌നാപൂർ ക്ഷേത്രത്തിൽ പ്രവേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഹാജി അലി ദർഗയിലും പ്രവേശിച്ചത്. കഴിഞ്ഞ മാസം ദർഗയിൽ പ്രവേശിക്കാൻ ഇവർ എത്തിയിരുന്നെങ്കിലും പ്രവേശിക്കാൻ കഴിഞ്ഞില്ല. ഏപ്രിൽ 28 ന് ഇവരുടെ നീക്കം ദർഗ്ഗയുടെ പരിസരത്ത് വെച്ച് തന്നെ തടയപ്പെട്ടു. മുസഌം സംഘടനകളും ശിവസേനയും എതിർത്ത് രംഗത്ത് വന്നിരുന്നു.
്എന്നാൽ ഇന്ന് രാവിലെ മാധ്യമങ്ങൾ ഉൾപ്പെടെ അധികം ആരേയും അറിയിക്കാതെ തൃപ്തിയും സംഘവും ദർഗയിൽ എത്തുകയായിരുന്നു. കനത്ത പോലീസ് സംരക്ഷണയിൽ ആയിരുന്നു നടപടിയെന്നതിനാൽ കാര്യമായ പ്രതിഷേധം ഉണ്ടായില്ല. ദർഗ ട്രസ്റ്റ് 2010 ൽ ഹാജി അലി ദർഗയിൽ സ്ത്രീകൾ പ്രവേശിക്കരുതെന്ന് നിയമം കൊണ്ടുവന്നിരുന്നു. ഇതിനെതിരേ മുസഌം വനിതാ സംഘടനകൾ തന്നെ കേസ് നടത്തി വരികയാണ്. കഴിഞ്ഞ മാസം പ്രവേശിക്കാൻ ശ്രമിച്ചപ്പോൾ വിവിധ പാർട്ടികളും രാഷ്ട്രീയ നേതാക്കളും എത്തി തടയുകയായിരുന്നു. ഷാനി ഷിംഗ്‌നാപൂർ, ഹാജി അലി ദർഗ്ഗ എന്നിവിടങ്ങളിൽ സ്ത്രീകളുമായി പ്രവേശിച്ച തൃപ്തിദേശായിയും സംഘവും ഇനി കണ്ണു വെയ്ക്കുന്നത് സ്ത്രീകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്ന ശബരിമലയിൽ ആണ്. ഉടൻ ശബരമല ദർശിക്കാൻ സ്ത്രീകളുമായി എത്തുമെന്ന് ഇവർ നേരത്തേ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.