സ്വന്തം ലേഖകൻ
ചെന്നൈ: ശബരിമലയിൽ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്നാവശ്യപ്പെട്ട് സമരത്തിനൊരുങ്ങുന്ന വനിതാ പ്രവർത്തക തൃപ്തി ദേശായിയെ ചാവേറാക്രമണത്തിലൂടെ കൊലപ്പെടുത്തുമെന്നു ഇന്റലിജൻസ് റിപ്പോർട്ട്. കഴിഞ്ഞ ദിവസം ചേർന്ന ഹൈന്ദവ സംഘടനകളുടെ യോഗത്തിലാണ് തീവ്രമായ നിലപാടെടുത്തത്. ശബരിമലയിൽ സ്ത്രീകളെ പ്രവേശിക്കാനൊരുങ്ങുന്ന തൃപ്തി ദേശായിയെ അപായപ്പെടുത്താൻ തീവ്ര ഹൈന്ദവ സംഘടനകൾ ഒരുങ്ങുന്നതായി രഹസ്യാന്വേഷണ ഏജൻസികളുടെ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
ശബരിമലയിൽ പ്രായഭേദമന്യേ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്യാനും ജനുവരിയിൽ ശബരിമലയിൽ പ്രവേശിക്കാനുമുള്ള തൃപ്തി ദേശായിയുടെ തീരുമാനത്തെ തുടർന്ന് വിവിധ ഹൈന്ദവ സംഘടനകൾ പ്രത്യേക യോഗങ്ങൾ ചേർന്നിരുന്നു.
ശിവസേന കേന്ദ്ര കമ്മിറ്റിയുടെ തീരുമാനപ്രകാരം കേരള ഘടകത്തിന്റെ പ്രത്യേക യോഗം അടുത്ത ബുധനാഴ്ച കൊല്ലത്തു ചേരും. ശാരീരികമായി തൃപ്തി ദേശായിയെ നേരിടാനാണ് ശിവസേനയുടെ തീരുമാനമെന്നാണു സൂചന. സംസ്ഥാനത്തൊട്ടാകെയുള്ള പ്രവർത്തകരെ ഇതിനായി സംഘടിപ്പിക്കും. നേരത്തെ കൊച്ചിയിൽ നടന്ന ചുംബന സമരത്തെ ശിവസേന കായികമായി നേരിട്ടിരുന്നു. അന്ന് ചുംബനസമരത്തെ നേരിടാൻ പ്രത്യേക സ്‌ക്വാഡുകൾ രൂപീകരിച്ചിരുന്നു. ഇത്തരത്തിൽ പ്രത്യേക സംഘങ്ങളായി തിരിഞ്ഞ് വിമാനത്താവളങ്ങളിലും റെയിൽവേ സ്‌റ്റേഷനുകളിലും നിരീക്ഷണം നടത്താനും ആദ്യ യോഗങ്ങളിൽ തീരുമാനം എടുത്തിരുന്നു. ഇതുസംബന്ധിച്ച് കേന്ദ്ര നേതൃത്വവുമായി സംസ്ഥാന നേതാക്കൾ ബന്ധപ്പെടുന്നുണ്ട്.തൃപ്തിയുടെ വരവ് തടയാൻ നാല് തീവ്ര ഹൈന്ദവ സംഘടനകൾ ഒരുങ്ങുന്നതായും വിവിധ ഇന്റലിജൻസ് ഉദ്യോഗസ്ഥർക്ക് വിവരം ലഭിച്ചിട്ടുണ്ട്. ഇതേത്തുടർന്ന് ഇത്തരം സംഘടനകളുടെ പ്രവർത്തനങ്ങൾ നിരീക്ഷിച്ചു വരികയാണ്.
ശബരിമലയിൽ വർഗീയത സൃഷ്ടിച്ച് മുതലെടുപ്പ് നടത്താൻ ചില തീവ്രവാദ സംഘടനകൾ ശ്രമിക്കുന്നതായും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഏറെ നാളത്തെ നിയമപോരാട്ടത്തിനൊടുവിൽ മുംബൈയിലെ ഹാജി അലി ദർഗയിൽ സ്ത്രീകൾ പ്രവേശിച്ചതിന് പിന്നാലെയാണ് അടുത്തലക്ഷ്യം ശബരിമലയാണെന്ന് വ്യക്തമാക്കി സ്ത്രീകളുടെ മുന്നേറ്റത്തിനു വേണ്ടി പ്രവർത്തിക്കുന്ന തൃപ്തി ദേശായിയും കൂട്ടരും രംഗത്തെത്തിയത്.
ശബരിമലയിൽ സ്ത്രീകൾക്കും ആരാധനയ്ക്ക് അവകാശമുണ്ടെന്നും തങ്ങൾ സംഘർഷമുണ്ടാക്കാനല്ല വരുന്നതെന്നും അവർ പറയുന്നു. നേരത്തെ അഹമ്മദ് നഗറിലെ ശനി ഷിഗ്‌നാപൂർ ക്ഷേത്രത്തിലെ സ്ത്രീകളുടെ വിലക്കിനെതിരേയും തൃപ്തി ദേശായിയും കൂട്ടരുമാണ് മുന്നിട്ടിറങ്ങിയത്. അതേ സമയം തൃപ്തിയുടെ പ്രഖ്യാപനത്തെ ദേവസ്വം ബോർഡ് ഭീഷണിയായി കാണുന്നില്ലെന്ന് പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണൻ പറഞ്ഞു.