കൊല്ലം: ഏഴ് വയസുകാരി ദേവനന്ദയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് സ്ഥലവാസിയായ ഒരാളെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം. വെള്ളത്തിൽ മുങ്ങി മരിച്ചുവെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടെങ്കിലും മരിയ്ക്കും മുമ്പുള്ള സംഭവങ്ങളിലെ അവ്യക്തത നീക്കാനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം. ഇതിന്റെ ഭാഗമായി ഇന്ന് ഉച്ചയോടെ ഫോറൻസിക് സർജൻമാരടങ്ങുന്ന സംഘം ഇളവൂരിലെത്തും. പുഴയിലേക്ക് കുട്ടി വീണതിൽ അസ്വാഭാവികതയുണ്ടെന്ന നേരിയ സംശയമെങ്കിലും സംഘത്തിന് ബോദ്ധ്യപ്പെട്ടാൽ സംശയ നിഴലിലുള്ളയാളെ കസ്റ്റഡിയിലെടുക്കും.
ദേവനന്ദയുടെ ബന്ധുക്കൾ ഈ വ്യക്തിയെ സംശയമുള്ളതായി അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയിരുന്നു.വീടുമായും കുട്ടിയുമായും അടുത്തിടപഴകുന്ന ആൾക്ക് കുട്ടിയെ ബലപ്രയോഗം കൂടാതെ കൂട്ടിക്കൊണ്ടുപോകാൻ കഴിയുമെന്നാണ് നിഗമനം. അതിനാലാണ് സംശയിക്കുന്നവരുടെ പട്ടികയിൽ ഒന്നാമനായി അന്വേഷണ സംഘം സ്ഥലവാസിയായ ആളെ നിലനിർത്തിയത്. സംശയങ്ങളും നിഗമനങ്ങളും ഏറെയുണ്ടെങ്കിലും തെളിവുകളില്ലാത്തതാണ് അന്വേഷണ സംഘത്തെ വലയ്ക്കുന്നത്. ഇന്നലെ രാവും പകലും അന്വേഷണ സംഘം ഇളവൂരിൽ ഉണ്ടായിരുന്നു.
നിഗമനങ്ങൾ ശരിവയ്ക്കുന്ന തരത്തിൽ ഒന്നും കണ്ടെത്താനായിട്ടില്ല.പോസ്റ്റുമോർട്ടം നടത്തിയ മെഡിക്കൽ സംഘം ഉൾപ്പെടെ ഇന്ന് സ്ഥലത്തെത്തുമ്പോൾ കേസന്വേഷണത്തിന് സഹായകരമായ വിവരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് എല്ലാവരും. ബന്ധുക്കളുടെയും നാട്ടുകാരുടെയുമടക്കം നൂറുകണക്കിന് ആളുകളുടെ മൊഴി രേഖപ്പെടുത്തിയതിൽ നിന്ന് സംശയങ്ങളുടെ ഒരായിരം ചോദ്യങ്ങൾ അന്വേഷണ സംഘത്തിന് മുന്നിലുമുണ്ട്. ദേവനന്ദ പുഴയിൽ മുങ്ങിമരിച്ചതു തന്നെയെന്ന് അന്വേഷണ സംഘത്തെപ്പോലെ നാട്ടുകാർക്കും വ്യക്തമാണ്.
എന്നാൽ ബാഹ്യ പ്രേരണയാൽ പുഴയിലേക്ക് ചാടിയതോ എടുത്തെറിഞ്ഞതോ ആകാം. അക്കാര്യത്തിൽ വ്യക്തത വരേണ്ടതുണ്ട്. വിദഗ്ധ സംഘം ഇന്ന് പ്രധാനമായും പരിശോധിക്കുന്നത് അതുതന്നെയാണ്.ദേവനന്ദയുടെ മരണത്തിന് പിന്നിൽ സംശയങ്ങളില്ലെന്ന് അന്വേഷണ സംഘം പൊതുവെ പറയുന്നുണ്ടെങ്കിലും അന്വേഷണം ഊർജ്ജിതമാണ്. മരണത്തിൽ അസ്വാഭാവികത ഉണ്ടെന്നതിനാലാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ അഭ്യർത്ഥന പ്രകാരം പോസ്റ്റുമോർട്ടം നടത്തിയ വിദഗ്ധ സംഘം സംഭവ സ്ഥലം സന്ദർശിക്കാനെത്തുന്നത്. കുട്ടിയെ ആരെങ്കിലും പുഴയിലേക്ക് എടുത്തെറിഞ്ഞാൽ സംഭവിക്കുന്നത് എന്താണെന്ന ഉത്തരം തേടുകയാണ് ഇതിന് പിന്നിലുള്ള ഉദ്ദേശം.
ദേവനന്ദയുടെ മരണമാണ് കേരളമാകെ ഉറ്റുനോക്കുന്നത്. മരണം എങ്ങനെ സംഭവിച്ചുവെന്നറിയാനാണ് കാത്തിരിക്കുന്നത്. മരണം എങ്ങനെ സംഭവിച്ചുവെന്നറിയാൻ ഫോറൻസിക് സംഘം ബുധനാഴ്ച സ്ഥലം സന്ദർശിക്കാനെത്തും. മുങ്ങിമരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ ആദ്യ സുചനകൾ പുറത്തുവന്നിട്ടും കുട്ടിയുടെ അമ്മ ധന്യയും മുത്തച്ഛൻ മോഹനൻ പിള്ളയും നാട്ടുകാരും ഒരു പോലെ വാദിക്കുന്ന കുറെ അധികം കാര്യങ്ങളുണ്ട് അന്വേഷണ സംഘത്തിന് ഇഴകീറി പരിശോധിക്കാൻ.
മുങ്ങിമരണമെന്ന് വിധിച്ച മരണങ്ങളെല്ലാം മുങ്ങിമരണങ്ങളായിരുന്നോ എന്ന അന്വേഷണത്തിനിടെയാണ് മുമ്പ് സംഭവിച്ച ഒരു മരണത്തെക്കുറിച്ച് ചില അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞത്. മുങ്ങിമരണങ്ങളെല്ലാം അങ്ങനെ മുങ്ങിമരണം ആകണമെന്നില്ലെന്നാണ് ക്രൈം റിക്കോർഡ്സ് ബ്യൂറോയിലെ ചില കേസുകൾ നൽകുന്ന സൂചനയും. കേരളത്തെ നടുക്കിയ ദുരഭിമാനക്കൊലയായ കെവിൻ കൊലക്കേസ് മുങ്ങിമരണമാകാത്തത് അങ്ങനെയാണ്.
കെവിൻ കേസുപോലെ അത്രയധികം രാഷ്ട്രീയ കോളിളക്കമൊന്നും ഉണ്ടായിട്ടില്ലെങ്കിലും പാലക്കാടുള്ള ഒരു കോളജ് ഹോസ്റ്റലിൽ വർഷങ്ങൾക്ക് മുമ്പ് നടന്ന ഒരു മുങ്ങിമരണം കൊലപാതകമാണെന്ന് തെളിഞ്ഞതിന് പിന്നിൽ ഫോറൻസിക് പരിശോധകരുടെ അതീവ ജാഗ്രത ഉണ്ടായിരുന്നു. ദേവനന്ദയുടെ കാര്യത്തിലും അത്തരം ജാഗ്രത ഫോറൻസിക് സംഘം സ്വീകരിക്കുമെന്ന് തന്നെ വിശ്വസിക്കാം.
എന്തായിരുന്നു പാലക്കാട് നടന്ന സംഭവം
ഹോർമിസ് തരകൻ ഡിജിപി ആയിരുന്ന കാലത്താണ് ആ സംഭവം നടന്നത്. മരിച്ച വിദ്യാർഥിയുടെ അച്ഛനും അമ്മയും പ്രവാസികളായിരുന്നു. ഊട്ടിയിൽ പ്ലസ് ടു വരെ പഠിച്ച് 95 ശതമാനം മാർക്കോടെ വിജയിച്ച വിദ്യാർഥി ഹോസ്റ്റലിലെ സ്വിമ്മിംഗ് പൂളിൽ മുങ്ങിമരിച്ചതെന്ന വാർത്തയാണ് ആദ്യം പുറത്തുവന്നത്. നീന്തൽ മത്സരങ്ങളിൽ നിരവധി സമ്മാനങ്ങൾ നേടിയിട്ടുള്ള മകൻ ഒരിക്കലും നീന്തൽ കുളത്തിൽ മുങ്ങിമരിക്കില്ലെന്ന മാതാപിതാക്കളുടെ ഉറച്ച വിശ്വാസമാണ് കേസന്വേഷണം ലോക്കൽ പൊലീസിൽ നിന്ന് ക്രൈംബ്രാഞ്ചിന് കൈമാറാൻ ഡിജിപിയെ പ്രേരിപ്പിച്ചത്.Also Read ദേവനന്ദയെ തട്ടിക്കൊണ്ടു പോയതെന്ന് സംശയം: മരണത്തിൽ ദുരൂഹത ആരോപിച്ച് മുത്തച്ഛൻ
ആ മരണത്തെക്കുറിച്ചുള്ള സംശയം ?
രാവിലെ ഏഴരയ്ക്ക് നീന്തൽ കുളത്തിലെ പരിശീലനത്തിനിടെ ഒന്നാം വർഷ വിദ്യാർത്ഥി മുങ്ങിമരിച്ചുവെന്നായിരുന്നു ആദ്യ വിവരം. മകന്റെ വേർപാട് അറിഞ്ഞ് അച്ഛനും അമ്മയും വിദേശത്ത് നിന്ന് നാട്ടിലെത്തി. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ പരാമർശങ്ങളും ഇൻക്വസ്റ്റ് നടപടികളിലെ വിവരങ്ങളും ചേർത്ത് വായിച്ച രക്ഷിതാക്കൾക്ക് മകൻ മുങ്ങിമരിക്കില്ലെന്ന് ഉറപ്പായി.
വിശദമായ ഫോറൻസിക് പരിശോധനയും ആന്തരിക അവയവങ്ങളുടെ രാസ പരിശോധനയും വേണമെന്ന് ക്രൈംബ്രാഞ്ച് സംഘം തീരുമാനിച്ചു. തുടർന്ന് മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം വീണ്ടും പോസ്റ്റ് മോർട്ടത്തിന് വിധേയമാക്കി. അന്നത്തെ ഏറ്റവും പ്രഗത്ഭരടങ്ങിയ സംഘത്തെ കൊണ്ടാണ് റീ പോസ്റ്റമോർട്ടം ചെയ്യിച്ചത്. എന്തൊക്കെയാണ് ആദ്യ പോസ്റ്റമോർട്ടത്തിൽ വിട്ടുപോയതെന്നായിരുന്നു അവർ പ്രധാനമായും പരിശോധിച്ചത്.
മരിച്ച വിദ്യാർഥിയുടെ തലയോട് തുറന്നുള്ള പരിശോധന ആദ്യ പോസ്റ്റുമോർട്ടത്തിൽ നടന്നിരുന്നില്ല. തലയോടും തലച്ചോറും പരിശോധിച്ച രണ്ടാമത്തെ സംഘം തലയുടെ പിൻഭാഗത്ത് ശക്തമായ ഒരു ക്ഷതം കണ്ടെത്തി. കൂടാതെ ശരീരത്തിന്റെ പുറകുവശത്ത് രണ്ടിടങ്ങളിലും സമാനമായ ക്ഷതം കണ്ടെത്തി. വൃക്കകളെ ഈ ക്ഷതം സരമായി ബാധിച്ചിരുന്നുവെന്നും കണ്ടെത്തി. കൂടാതെ മുങ്ങിമരണമാണെന്ന ആദ്യ പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ പരമാർശം ശരിവയ്ക്കുന്ന ചില കാര്യങ്ങളും രണ്ടാമത്തെ പോസ്റ്റ്മോർട്ടത്തിലും കണ്ടെത്തി. അന്നനാളത്തിലെയും ആമാശയത്തിലെയും ജല സാനിധ്യമാണ് പ്രധാനം. എന്നാൽ ശരീരത്തിനേറ്റ ക്ഷതങ്ങൾക്ക് ചുറ്റും പ്രത്യേക തരത്തിലുള്ള കോശ വളർച്ച പ്രത്യേകിച്ച തലയോട്ടിയിലെ ത്വക്കിനു പുറത്ത് നിന്ന് കണ്ടെത്തി. ഈ കണ്ടെത്തൽ കേസന്വേഷണത്തിൽ ഏറെ നിർണായകമായി.
ഉത്തരം കിട്ടേണ്ടത് ചോദ്യങ്ങൾ 1. ചെരിപ്പില്ലാതെ പുറത്തിറങ്ങാത്ത കുട്ടി പുഴക്കരവരെ ചെരിപ്പില്ലാതെ പോയോ?2. കാണാതായി ഒരു മണിക്കൂറിന് ശേഷം മരണം, അതുവരെ കുട്ടി എവിടെ ആയിരുന്നു?3. വീട്ടിലെ ഹാളിനുള്ളിൽ ഇളയ കുട്ടിയെ കളിപ്പിച്ചുകൊണ്ടിരുന്ന ദേവനന്ദ വീടിന് പുറത്തേക്ക് പോകാൻ കാരണം?4. പൊലീസ് ട്രാക്കർ ഡോഗ് റീന ആളൊഴിഞ്ഞ വീട്ടിനടുത്തേക്ക് ഓടിയത് എന്തിന്?5. വീടിന് പിന്നിലെ മതിൽ വഴിയാണ് പൊലീസ് നായ പോയത്, കുട്ടി ഇത് ചാടിക്കടക്കാനുള്ള സാദ്ധ്യത എത്രത്തോളം ?6. മുൻപ് പോയിട്ടില്ലാത്ത വഴിയിലൂടെ കുട്ടി ഒറ്റയ്ക്ക് പോകുമോ ?7. വീട്ടിൽ നിന്ന് കുട്ടിയെ എടുത്തുകൊണ്ടുപോകാൻ സ്വാതന്ത്ര്യമുള്ളയാൾക്ക് കൃത്യത്തിൽ പങ്കുണ്ടാകില്ലേ?