തിരുവനന്തപുരം: സര്-ക്കാരിനു വീണ്ടും തലവേദന സൃഷ്ടിച്ചുകൊണ്ട് ഇ- മെയിലും മൊബൈല്‍ ഫോണും പോലീസ് ചോര്‍ത്തിയെന്ന വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന്റെ ആരോപണം .പദവി ഒഴിയുകയാണെന്നു പറഞ്ഞു കത്തു നല്കിയ ജേക്കബ് തോമസിനെ അനുനയിപ്പിച്ചതിനു തൊട്ടുപിന്നാലെയാണ് ഫോണ്‍ ചോര്‍ത്തുന്നുവെന്നു പറഞ്ഞ് അദ്ദേഹം ഡി.ജി.പി: ലോക്നാഥ് ബെഹ്റയ്ക്കു കത്തു നല്‍കിയത്.ഡിജിപി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥനെക്കൊണ്ട് ഇക്കാര്യം അന്വേഷിപ്പിക്കണമെന്നാണു ജേക്കബ് തോമസിന്റെ ആവശ്യം. സൈബര്‍ സെല്ലില്‍ ഉദ്യോഗസ്ഥരെ നിയമിക്കുംമുന്പു വിജിലന്‍സിന്റെ ക്ലിയറന്‍സ് നിര്‍ബന്ധമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ പൊലീസില്‍ സമ്പൂര്‍ണ അഴിച്ചുപണി ഉണ്ടായേക്കും. എന്നാല്‍ നിയമസഭ കഴിയുന്നതുവരെ കാത്തിരിക്കാനാണ് സര്‍ക്കാര്‍ നീക്കം.
ഒരു വിഭാഗം ഐഎഎസ്-ഐപിഎസ് ഉദ്യോഗസ്ഥരും ജേക്കബ് തോമസും തമ്മില്‍ ഏറെനാളായി ശീതസമരത്തിലായിരിക്കെ പരാതിക്ക് ഏറെ അര്‍ഥവ്യാപ്തിയുണ്ട്. അതു സര്‍ക്കാരിനു പുതിയ തലവേദനയുമായി. ഉദ്യോഗസ്ഥ തലപ്പത്തെ തമ്മിലടിക്ക് ഉദാഹരണമായി ഇതു നിയമസഭയ്ക്ക് അകത്തും പുറത്തും പ്രതിപക്ഷം ഉയര്‍ത്തിക്കാട്ടും. വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് ഒഴിവാക്കണമെന്ന ജേക്കബ് തോമസിന്റെ ആവശ്യം സംബന്ധിച്ച ഫയല്‍ മുഖ്യമന്ത്രിക്കു മുന്നിലാണ്. അദ്ദേഹം തുടരണമെന്നു സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചു മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു. തുടരുമെന്ന സൂചന നല്കി അദ്ദേഹം ജോലിയില്‍ സജീവമാവുകയും ചെയ്തിരുന്നു.
ഡയറക്ടര്‍ സ്ഥാനത്തുനിന്നു മാറ്റണമെന്നു ജേക്കബ് തോമസ് നല്കിയ കത്തില്‍ സര്‍ക്കാര്‍ ഇനിയും ഔദ്യോഗികമായി തീരുമാനമെടുത്തിട്ടില്ല. അതിനിടെയാണു സര്‍ക്കാരിനെ കൂടുതല്‍ സമ്മര്‍ദത്തിലാക്കി പുതിയ പരാതി. ആഭ്യന്തരവകുപ്പ് അറിയാതെ ഫോണ്‍ ചോര്‍ത്താനാകില്ലെന്നും മുഖ്യമന്ത്രി പ്രതികരിക്കണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
അതിനിടെ, ജേക്കബ് തോമസിനെതിരായ ധനകാര്യ പരിശോധനാ വിഭാഗത്തിന്റെ റിപ്പോര്‍ട്ടും തുറമുഖ ഡയറക്ടറുടെ റിപ്പോര്‍ട്ടും ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നു തുറമുഖ മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി പറഞ്ഞു. ജേക്കബ് തോമസ് തുറമുഖ ഡയറക്ടറായിരിക്കെ സോളര്‍ പാനല്‍ സ്ഥാപിച്ചതിലടക്കം ലക്ഷങ്ങളുടെ ക്രമക്കേടു നടന്നുവെന്നായിരുന്നു ധനകാര്യ പരിശോധനാ വിഭാഗം റിപ്പോര്‍ട്ട്. അതു ശരിവച്ചു തുറമുഖ ഡയറക്ടറും സര്‍ക്കാരിനു റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്
അതിനിടെ വിവാദങ്ങള്‍ ഒഴിവാക്കാനായി വിജിലന്‍സ് ഡയറക്ടറായി പോലീസ് ഹെഡ്ക്വാര്‍ട്ടേഴ്സ് ഡി.ജി.പി: രാജേഷ് ദിവാനെ നിയമിക്കുമെന്നും സൂചനയുണ്ട്. ഐ.ജിമാര്‍ക്ക് ഫോണ്‍ ചോര്‍ത്താനുള്ള അനുമതി നല്‍കിയത് പുനഃപരിശോധിക്കണമെന്നാണു ജേക്കബ് തോമസിന്റെ ആവശ്യം. വിജിലന്‍സിന്റെ രഹസ്യവിവരങ്ങളില്‍ പലതും തന്റെ ഇ-മെയിലില്‍നിന്നു മോഷ്ടിക്കപ്പെട്ടതായി സംശയമുണ്ടെന്ന് അദ്ദേഹം കത്തില്‍ സൂചിപ്പിക്കുന്നു. ആഭ്യന്തര സുരക്ഷയുടെ ഭാഗമായി ഐ.ജിമാര്‍ക്ക് ഫോണ്‍, ഇ-മെയില്‍ രേഖകള്‍ ചോര്‍ത്താന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ടെന്നും ഈ പഴുതുപയോഗിച്ച് ഇവര്‍ തന്റെ വകുപ്പിലെ സുപ്രധാന രേഖകള്‍ ചോര്‍ത്തുന്നുവെന്നുമുള്ള ആശങ്കയാണ് ജേക്കബ് തോമസ് ഡി.ജി.പിയുമായി പങ്കുവച്ചിരിക്കുന്നത്. ജേക്കബ് തോമസിന്റെ ഈ സംശയത്തിനു കഴമ്പില്ലെന്ന നിലപാടാണ് ആഭ്യന്തരവകുപ്പിനുളളത്.
വിജിലന്‍സിന്റെയും ആഭ്യന്തരവകുപ്പിന്റെയും സെക്രട്ടറിയായ നളിനി നെറ്റോ അറിയാതെ ആരുടെ ഫോണും ചോര്‍ത്താനാകില്ല. പിന്നെ എങ്ങനെ ഈ സംശയം ജേക്കബ് തോമസിനുണ്ടായി എന്നാണു പോലീസിലെ ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ ചോദിക്കുന്നത്. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി നളിനി നെറ്റോയ്ക്കു പരാതി നല്‍കാതെ വിജിലന്‍സ് ഡയറക്ടര്‍ പരാതിയുമായി ഡി.ജി.പിയെ സമീപിച്ചതും ഇക്കാര്യം പുറത്തായതിലും സര്‍ക്കാരില്‍ കടുത്ത അമര്‍ഷമുണ്ട്.
പ്രതിപക്ഷം ജേക്കബ് തോമസിന്റെ നടപടികള്‍ രാഷ്ട്രീയായുധമാക്കുന്നതും നിയമസഭയില്‍ സര്‍ക്കാരിനെതിരെ തുടരെ ആരോപണങ്ങളുന്നയിക്കുന്നതുമെല്ലാം മുഖ്യമന്ത്രിയെ കുഴക്കുന്നുണ്ട്. തങ്ങളെ വിജിലന്‍സ് ഡയറക്ടര്‍ വേട്ടയാടുകയാണെന്ന പരാതിയുമായി ഐ.എ.എസ്-ഐ.പി.എസ് ഉദ്യോഗസ്ഥര്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കുകയും ചെയ്തിട്ടുണ്ട്. പ്രതിപക്ഷ നേതാക്കളുടെ അഴിമതിക്കേസുകളടക്കം കൈകാര്യം ചെയ്യുന്ന വിജിലന്‍സ് ഡയറക്ടര്‍ ആ ജോലി പൂര്‍ത്തിയാക്കാതെ എല്ലാ മേഖലയിലും കൈവയ്ക്കുന്നത് ശരിയല്ലെന്ന് ഇടതുമുന്നണിയില്‍തന്നെ ചിലര്‍ അഭിപ്രായപ്പെടുന്നു.ഡിജിപി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥനെക്കൊണ്ട് ഇക്കാര്യം അന്വേഷിപ്പിക്കണമെന്നാണു ജേക്കബ് തോമസിന്റെ ആവശ്യം. സൈബര്‍ സെല്ലില്‍ ഉദ്യോഗസ്ഥരെ നിയമിക്കുംമുന്പു വിജിലന്‍സിന്റെ ക്ലിയറന്‍സ് നിര്‍ബന്ധമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.