ചരിത്രത്തിലിടം നേടി ആർ ശ്രീലേഖ

ആർ ശ്രീലേഖയടക്കം നാല് പോലീസ് ഉദ്യോഗസ്ഥർക്ക് ഡിജിപി പദവി നൽകാൻ സർക്കാർ തീരുമാനിച്ചു. ആർ ശ്രീലേഖയെ കൂടാതെ, ടോമിൻ ജെ തച്ചങ്കരി, അരുൺ കുമാർ സിൻഹ, സുധേശ് കുമാർ എന്നിവർക്കാണ് ഡിജിപി പദവി നൽകുന്നത്. ബുധനാഴ്ച ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമായത്. കേരളത്തിൽ ആദ്യമായി ഡിജിപി റാങ്കിലെത്തുന്ന വനിതയാണ് ആർ ശ്രീലേഖ. നിലവിൽ ജയിൽ എ‍ഡിജിപിയായി മികച്ച പ്രവർത്തനം കാഴ്ചവെയ്ക്കുന്നതിനിടെയാണ് ഡിജിപി റാങ്ക് ലഭിക്കുന്നത്. സംസ്ഥാനത്ത് നിയമനം ലഭിച്ച ആദ്യ വനിതാ ഐപിഎസ് ഓഫീസറും ആർ ശ്രീലേഖയാണ്. 988ൽ കോട്ടയം എഎസ്പിയായാണ് ആർ ശ്രീലേഖ കേരളത്തിലെത്തുന്നത്. പിന്നീട് 1991ൽ കേരളത്തിലെ ആദ്യ വനിതാ എസ്പിയായി തൃശൂരിൽ ചുമതലയേറ്റു. വിശിഷ്ടസേവനത്തിനുള്ള രാഷ്ട്രപതിയുടെ മെഡൽ നേടിയ വനിതാ ഐപിഎസ് ഓഫീസറാണ് ശ്രീലേഖ. വിവാദങ്ങളിലൂടെ വാർത്തകളിലിടം നേടിയ ടോമിൻ ജെ തച്ചങ്കരിയ്ക്കും ഡിജിപി പദവി ലഭിച്ചിട്ടുണ്ട്. നിലവിൽ എഡിജിപിയായി സേവനമനുഷ്ടിക്കുന്ന ടോമിൻ ജെ തച്ചങ്കരി അടുത്തിടെ ഹോട്ടൽ ബിൽ അടയ്ക്കാതിരുന്ന സംഭവം ഏറെ വിവാദമായിരുന്നു.

Top