ചെന്നൈ :തമിഴ് നടന്‍ ധനുഷ് കോടതിയില്‍ ഹാജരാക്കിയ ജനനസര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് വൃദ്ധദമ്പതികള്‍. ധനുഷ് തങ്ങളുടെ മകനാണെന്ന് അവകാശപ്പെട്ട വൃദ്ധദമ്പതികള്‍ കൂടുതല്‍ രേഖകള്‍ തെളിവായി ഹാജരാക്കാമെന്ന് കോടതിയെ അറിയിച്ചു. തിരുപ്പുവനം സ്വദേശികളായ കതിരേശനും മീനാലുമാണ് കോടതിയില്‍ ഹര്‍ജി നല്‍കിയത്.ശിവഗംഗ ജില്ലയിലെ അറുമുഖംപിള്ളൈ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലാണ് ധനുഷിനെ പഠിപ്പിച്ചതെന്നും അവിടെ ഗവണ്‍മെന്റ് ഹോസ്റ്റലില്‍ ആയിരുന്നു ധനുഷ് താമസിച്ചതെന്നും കതിരേശന്‍ പറയുന്നു. ധനുഷ് തങ്ങളുടെ മൂന്നാമത്തെ മകനാണെന്നും സ്‌കൂള്‍ പഠന കാലയളവില്‍ ഉപേക്ഷിച്ചു പോകുകയായിരുന്നുവെന്നുമാണ് ദമ്പതികള്‍ ഹര്‍ജിയില്‍ പറയുന്നത്.
പിന്നീട് ഊര്‍ജ്ജിതമായി അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. പിന്നീട് ധനുഷിന്റെ സിനിമകള്‍ കണ്ടതോടെയാണ് മകനെ തിരിച്ചറിഞ്ഞത്. ഇക്കാര്യം അറിയിക്കാന്‍ ചെന്നൈയിലെത്തി മകനെ കാണാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ലെന്നും ദമ്പതികള്‍ ഹര്‍ജിയില്‍ പറഞ്ഞിരുന്നു.
താന്‍ ജനിച്ചത് മധുരയിലാണെന്നാണ് ധനുഷ് മാധ്യമങ്ങളോട് പറഞ്ഞത്. ചെന്നൈ എഗ്മോറിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ 1983 ജൂലൈ 28നാണ് താന്‍ ജനിച്ചതെന്ന് ധനുഷ് പറയുന്നു. വെങ്കടേഷ് പ്രഭുവെന്നാണ് ധനുഷിന്റെ യഥാര്‍ത്ഥപേര്. എന്നാല്‍ ഇത് തെറ്റാണെന്നാണ് കതിരേശനും മീനാലും പറയുന്നത്.പ്രായാധിക്യം മൂലം നിത്യച്ചെലവിനു പോലും പണം കണ്ടെത്താന്‍ കഴിയുന്നില്ലെന്നും സിനിമാ നടനായ മകന്‍ പ്രതിമാസം 65,000 രൂപ നല്‍കാന്‍ നടപടി സ്വീകരിക്കണമെന്നും ദമ്പതികള്‍ ഹര്‍ജിയില്‍ അഭ്യര്‍ഥിച്ചിരുന്നു.