ആലപ്പുഴ : ചെമ്മീന്‍ സിനിമയുടെ അമ്പതാംവാര്‍ഷികം ആഘോഷിക്കുന്നതിനെതിരെ ധീവരസഭ രംഗത്തെത്തി. മല്‍സ്യത്തൊഴിലാളികളെ അടച്ചാപേക്ഷിച്ച സിനിമയാണ് ചെമ്മീന്‍ എന്നും ആലപ്പുഴയിലെ തീരദേശത്ത് വാര്‍ഷികാഘോഷം നടന്നാല്‍ തടയുമെന്നുമാണ് ധീവര സഭയുടെ നിലപാട്. സിനിമ മല്‍സ്യത്തൊഴിലാളി സമൂഹത്തിന് വലിയ നാണക്കേടാണ് ഉണ്ടാക്കിയതെന്നും ആഘോഷം നടത്തുകയാണെങ്കില്‍ താനവിടെ കിടന്ന് പ്രതിഷേധിക്കുമെന്നും ധീവരസഭാ നേതാവ് വി ദിനകരന്‍ പ്രഖ്യാപിച്ചു.
സിനിമയുടെ അമ്പതാംവാര്‍ഷികം അമ്പലപ്പുഴയില്‍ ആഘോഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനമെടുക്കുകയും ഇതിനായി സംഘാടകസമിതി രൂപീകരിക്കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് ധീവര സഭ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുള്ളത്. തകഴിയുടെ നോവലിനെതിരെയും പ്രതിഷേധം ഉണ്ടായിരുന്നു. വേലുക്കുട്ടി അരയന്‍ അതിനെതിരെ പ്രസിദ്ധമായ ഒരു നിരൂപണ പുസ്തകവും എഴുതിയിട്ടുണ്ട്. മത്സ്യത്തൊഴിലാളി സമൂഹം തന്നെ തള്ളിക്കളഞ്ഞ ആചാരങ്ങള്‍ കണ്ണീര്‍ക്കഥകളാക്കി എഴുതുന്നത് ഒരു പുരോഗമനകാരിയായി അറിയപ്പെടുന്ന തകഴിക്ക് ചേര്‍ന്നതല്ല എന്നതായിരുന്നു പ്രധാന വിമര്‍ശനം
ഇല്ലാത്ത കാര്യങ്ങള്‍ പെരുപ്പിച്ച് പറഞ്ഞ് മല്‍സ്യത്തൊഴിലാളികളെയും തീരദേശവാസികളെയും അപമാനിക്കുകയാണ് ചെമ്മീനില്‍ ചെയ്തതെന്നും തീരദേശവാസികളായ കുട്ടികള്‍പോലും ഈ സിനിമയുടെ പേരില്‍ ഇന്നും അപമാനിതരാവുകയാണെന്നും ദിനകരന്‍ ആരോപിച്ചു. സര്‍ക്കാര്‍ ഈ തീരുമാനത്തില്‍ നിന്ന് പിന്മാറുന്നതാണ് നല്ലതെന്നും മുഖ്യമന്ത്രി വിചാരിച്ചാലുംവാര്‍ഷികം നടത്താന്‍ അനുവദിക്കില്ലെന്നും ഇക്കാര്യത്തില്‍ തീവ്രമായ നിലപാടാണ് ധീവര സഭയ്ക്കുള്ളതെന്നും ദിനകരന്‍ പറഞ്ഞു.