സ്വന്തം ലേഖകൻ
കൊച്ചി: നടിയെ ആക്രമിക്കപ്പെട്ട കേസിൽ ദിലീപ് അറസ്റ്റിലായതിനു പിന്നാലെ കൊച്ചിയിലെ ദിലീപിന്റെ റസ്റ്ററണ്ടായ ദേ പുട്ടിനു പൂട്ടു വീണു. ഡിവൈഎഫ്‌ഐ പ്രവർത്തകരുടെ നേതൃത്വത്തിൽ റസ്റ്ററണ്ട് അടിച്ചു തകർത്തതിനു പിന്നാലെയാണ് ഇന്നലെ റസ്റ്ററണ്ടിനു പൂട്ടു വീണത്. കൊച്ചി ബൈപ്പാസിലെ ദേ പുട്ട് റസ്റ്ററണ്ട് ഇന്നലെ പാർസൽ ചെയ്യാൻ കവർ ചെയ്ത പോലെ നീല ടാർ പാളിൻ ഷീറ്റിൽ പൊതിഞ്ഞിരിക്കുകയായിരുന്നു. ഇതോടെയാണ് റസ്റ്ററണ്ട് പൂട്ടിയിട്ടത്.
പുറത്ത് സദാ ജാഗരൂകരായി പോലീസും ഒരു പോലീസ് വാനും. ദിലീപിനെ അറസ്റ്റ് ചെയ്തതോടെ അദ്ദേഹത്തിന്റേത് എന്ന് കരുതുന്ന സ്ഥാപനങ്ങളെല്ലാം അക്രമി സംഘം അടിച്ചു തകർക്കുകയായിരുന്നു. ഇതേ തുടർന്നാണ് സ്ഥാപനത്തിനു പൂട്ടു വീണത്. ദിലീപിന്റെ പേരിലുള്ള പല സ്ഥാപനങ്ങളും അടച്ചിട്ട് പോലീസ് കാവലിലാണ് . അതിലൊന്നാണ് താഴിട്ട് പൂട്ടി അടച്ചു കെട്ടി പോലീസ് ബന്ധ വസിലുള്ള കൊച്ചിയിലെ ഈ സ്ഥാപനവും.
കൊച്ചിയിൽ നൂറ് കണക്കിന് ഹോട്ടലുകളുണ്ടെങ്കിലും നല്ല ആഹാരവും നല്ല പെരുമാറ്റവും ഹൈ ജിനിക്കായ അടുക്കളയും മുറികളും ടോയ് ലെറ്റുമൊക്കെയുള്ളവ കുറവാണ്. ദേ പുട്ട് കൊച്ചിയിലെ തന്നെ നല്ല ഒരു റെസ്റ്റോറന്റായിരുന്നു എന്നതാണ് വിവിധ മേഖലകളിലെ ആളുകളുടെ അഭിപ്രായം. കുറേ നല്ല ജീവനക്കാർ ,നല്ല ഭക്ഷണം ,നല്ല അന്തരീക്ഷം വേണ്ടത്ര പാർക്കിംഗ് സ്‌പേസ് ,എന്നിവയ്‌ക്കൊപ്പം ബൈപ്പാസ് ഹൈവേയിലായതിനാൽ പെ്ട്ടന്നു തന്നെ എത്തിച്ചേരാം എന്ന എന്ന ഗുണം കൂടി അതിന്റെ ആകർഷണമായിരുന്നു .
ദിലീപിന്റേയും നാദിർഷയുടേയും മാത്രമല്ല മറ്റു പല പാർടണർമാരും സ്ഥാപനത്തിലുണ്ടായിരുന്നു. അടച്ചിടേണ്ടി വന്നപ്പോൾ നഷ്ടം അവർക്ക് കൂടിയാണ് .അവിടെ ജോലി ചെയ്യുന്ന രണ്ട് ഡസനോളം പേർ നിന്ന നില്പിൽ തൊഴിൽ രഹിതരുമായിരിക്കുന്നു. ഒന്നര കോടി രൂപയുടെ നഷ്ടമാണ് ദേ പുട്ട് അടച്ചു പൂട്ടുന്നതിലൂടെ ഉണ്ടാകുന്നതെന്നാണ് വ്യക്തമാക്കുന്നത്.