സ്‌പോട്‌സ് ലേഖകൻ
ന്യഡൽഹി: ടൈമിങ്ങും ഷോട്ടും പിഴച്ചു നിൽക്കുന്ന മഹേന്ദ്രസിങ് ധോണിയെ ഇന്ത്യൻ ടീമിൽ നിന്നു പുറത്താക്കാൻ ഒരു മലയാളി. കഴിഞ്ഞ ദിവസം ഐപിഎല്ലിൽ നടന്ന ഡൽഹി ഡെയർഡെവിൾസ് – ഗുജറാത്ത് ലയൺ മത്സരത്തിൽ ഡൽഹിയുടെ ഉജ്വല വിജയത്തോടെയാണ് ഇന്ത്യൻ ടീമിലേയ്ക്കുള്ള മലയാളി സാന്നിധ്യം ഉറപ്പായത്. ധോണിയുടെ വഴിമുടക്കാൻ രണ്ടു താരങ്ങളാണ് ഈ ഒറ്റ മത്സരത്തിൽ കുതിച്ചുയർന്നത്.
ഡൽഹിയുടെ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാനും ഇടംകയ്യനുമായ ഋഷഭ് പന്തും, ഇന്ത്യൻ ക്രിക്കറ്റിലേയ്ക്കുള്ള കേരളത്തിന്റെ പുതിയ സംഭാവനയായ മലയാളി താരം സഞ്ജുവി സാംസണും. റണ്ണൊഴുക്കു തുടങ്ങും മുൻപു തന്നെ ആദ്യ വിക്കറ്റ് നഷ്ടമായ ഡൽഹിയെ 143 റണ്ണിന്റെ വെടിക്കെട്ട് തീർത്താണ് ഈ രണ്ടു യുവതാരങ്ങൾ ചേർന്ന് വിജയത്തിന്റെ തീരത്ത് എത്തിച്ചത്. ടീം വിജയിക്കും മുൻപ് രണ്ടു പേരും ഔട്ടായെങ്കിലും മത്സരം രണ്ടാം വിക്കറ്റിൽ തങ്ങളുടെ പേരിൽ എഴുതിച്ചേർത്ത ശേഷമാണ് രണ്ടു പേരും പുറത്തായത്. 43 പന്തിൽ ഒൻപതു സിക്‌സും ആറു ഫോറും പറത്തിയ ഋഷഭ് ദൗർഭാഗ്യം കൊണ്ട് 97 ൽ പുറത്തായപ്പോൾ, 31 പന്തിൽ ഏഴു സിക്‌സർ പറത്തിയ സഞ്ജു നേടിയത് 61 റണ്ണാണ്.
പ്രായവും ടൈമിങ്ങും പല തവണ പിഴച്ച മഹേന്ദ്രസിങ് ധോണിയുടെ ടീമായ പൂനെ പല തവണ അമ്പേ പരാജയപ്പെട്ടപ്പോഴാണ് ഇന്ത്യൻ ടീമിലേയ്ക്കു വിളികാത്ത് പുതിയ താരങ്ങൾ അടിച്ചു തകർക്കുന്നത്. ഐപിഎല്ലിലെ പല യുവതാരങ്ങളും അലക്ഷ്യമായ ഷോട്ടുകളും ശ്രദ്ധയില്ലായ്മയും ടൈമിങ് പിഴക്കുന്നതും മൂലം വിക്കറ്റ് വലിച്ചെറിയുമ്പോഴാണ് കൃത്യതയും ക്ഷമയും സാങ്കേതികത്തികവും ഒത്തു ചേർന്ന് ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ പുതിയ രണ്ടു പ്രതീക്ഷകളായ സഞ്ജുവും പന്തും അടിച്ചു തകർക്കുകയായിരുന്നു.