ബ്യൂണസ് : ഫുട്ബോൾ ഇതിഹാസം ഡിയേഗോ മറഡോണ അന്തരിച്ചു. 60 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് താരം മരണമടഞ്ഞു എന്ന് അർജൻ്റൈൻ മാധ്യമങ്ങളാണ് റിപ്പോർട്ട് ചെയ്തത്. രണ്ട് ആഴ്ചകൾക്കു മുൻപ് ഒരു സുപ്രധാന ബ്രെയിൻ സർജറി കഴിഞ്ഞ് താരം വീട്ടിലേക്ക് മടങ്ങിയിരുന്നു.തലച്ചോറിലെ രക്തസ്രാവത്തെത്തുടര്‍ന്ന് ആശുപത്രിയിലായിരുന്ന അദ്ദേഹം രണ്ടാഴ്ച മുമ്പാണ് ആശുപത്രി വിട്ടത്. ലോകത്തെ എക്കാലത്തേയും ജനപ്രിയ ഫുട്ബോള്‍ താരമാണ് വിടപറഞ്ഞത് . 1986 ല്‍ അര്‍ജന്റീനയെ രണ്ടാംതവണ ലോകകപ്പ്ജേതാക്കളാക്കിയ ക്യാപ്റ്റന്‍. അര്‍ജന്റീനയ്ക്കായി 91 രാജ്യാന്തര മല്‍സരങ്ങള്‍; 34 ഗോളുകള്‍. 1982, 1986, 1990, 1994 ലോകകപ്പുകളില്‍ കളിച്ചു.588 ക്ലബ് മല്‍സരങ്ങളില്‍ നിന്ന് 312 ഗോളുകള്‍ നേടി.
ഒക്ടോബര്‍ 30നാണ് മറഡോണ 60ാം ജന്മദിനം ആഘോഷിച്ചത്. അതിനുശേഷം ദിവസങ്ങള്‍ക്കുള്ളിലാണ് രക്തസ്രാവത്തെത്തുടര്‍ന്ന് മറഡോണയെ ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചത്. അര്‍ജന്റീനയിലെ ബ്യൂണസ് ഐറിസില്‍ നിന്ന് 40 കിലോമീറ്റര്‍ അകലെയായുള്ള ലാ പ്ലാറ്റയിലെ സ്വകാര്യ ക്ലിനിക്കിലായിരുന്നു അദ്ദേഹം. കഴിഞ്ഞ വര്‍ഷം അവസാനം മുതല്‍ ഇവിടെയാണ് മറഡോണ കഴിയുന്നത്.
ബ്യൂണസ് അയേഴ്‌സിന്റെ തെക്കന്‍ പ്രാന്തപ്രദേശത്തെ ചേരിയില്‍ ഒരു ദരിദ്രകുടുംബത്തില്‍ 1960 ഒക്ടോബര്‍ 30 നാണ് മറഡോണ ജനിച്ചത്. പത്താം വയസില്‍ തദ്ദേശീയ ക്ലബായ എസ്‌ട്രെല്ല റോജാക്ക് വേണ്ടി കളിച്ചു തുടങ്ങി. 1977 ഫെബ്രുവരിയില്‍ ഹംഗറിക്കെതിരെ തന്റെ പതിനാറാം വയസ്സില്‍ മറഡോണ ആദ്യ അന്താരാഷ്ട്രമല്‍സരം കളിച്ചു. 1979 ജൂണ്‍ 2നാണ് സ്‌കോട്ട്‌ലന്റിനെതിരെയുള്ള മല്‍സരത്തില്‍ മറഡോണ സീനിയര്‍തലത്തിലുള്ള ആദ്യത്തെ അന്താരാഷ്ട്ര ഗോള്‍ നേടി.
1979ലെ യൂത്ത് ഫുട്‌ബോള്‍ ലോകകപ്പ് നേടിയ അര്‍ജന്റീന സംഘത്തിലും മറഡോണ അംഗമായിരുന്നു. ഈ ടൂര്‍ണ്ണമെന്റിലെ മികച്ച കളിക്കാരനുള്ള സ്വര്‍ണ്ണപ്പന്ത് നേടുകയും ചെയ്തു. 1982 മുതല്‍ 1994 വരെയുള്ള നാല് ഫിഫ ലോകകപ്പുകളില്‍ മറഡോണ അര്‍ജന്റീനക്കു വേണ്ടി കളത്തിലിറങ്ങി. മറഡോണയുടെ നേതൃത്വത്തില്‍ അര്‍ജന്റീന 1986ല്‍ ലോകകപ്പ് വിജയിക്കുകയും 1990ല്‍ രണ്ടാം സ്ഥാനത്തെത്തുകയും ചെയ്തു. 1986 ലോകകപ്പിലെ മികച്ച കളിക്കാരനുള്ള സ്വര്‍ണ്ണപ്പന്തും മറഡോണക്കായിരുന്നു. യൂത്ത് ലോകകപ്പിലും സീനിയര്‍ ലോകകപ്പിലും സ്വര്‍ണ്ണപ്പന്ത് നേടിയിട്ടുള്ള ഒരേയൊരു കളിക്കാരനാണ് മറഡോണ.
ഇതില്‍ 1986-ലെ ലോകകപ്പാണ് ഏറ്റവും അവിസ്മരണീയം. മറഡോണയുടെ ക്യാപ്റ്റനായ അർജന്റീന ടീം ഫൈനലിൽ പശ്ചിമ ജർമ്മനിയെ പരാജയപ്പെടുത്തി ലോകകപ്പ് നേടുകയും മികച്ച കളിക്കാരനുള്ള ഗോൾഡൻ ബോൾ മറഡോണ സ്വന്തമാക്കുകയും ചെയ്തു. ഈ ടൂർണമെന്റിലെ ക്വാർട്ടർ ഫൈനലിൽ ഇംഗ്ലണ്ടിനെതിരെയുള്ള കളിയിൽ മറഡോണ നേടിയ രണ്ടു ഗോളുകൾ ചരിത്രത്തിലിടംപിടിച്ചു. റഫറിയുടെ ശ്രദ്ധയിൽപ്പെടാതെ കൈ കൊണ്ട് തട്ടിയിട്ട് നേടിയ ആദ്യത്തെ ഗോൾ ‘ദൈവത്തിന്റെ കൈ’ എന്ന പേരിലും, ആറ് ഇംഗ്ലണ്ട് കളിക്കാരെ വെട്ടിച്ച് 60 മീറ്റർ ഓടി നേടിയ രണ്ടാം ഗോൾ നൂറ്റാണ്ടിന്റെ ഗോൾ ആയും വിശേഷിപ്പിക്കപ്പെടുന്നു.